കോട്ടയം: പാർട്ടിയിലെ സീനിയർ നേതാക്കൾക്കെതിരെ ഒളിയെമ്പയ്ത് കേരള കോൺഗ്രസ്- മാണി വിഭാഗം. കെ.എം. മാണിയുടെ വിശ്വസ്തനായ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാമും െഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസും അദ്ദേഹം ജീവിച്ചിരിക്കുേമ്പാൾ തന്നെ ഒ ളിഞ്ഞും തെളിഞ്ഞും പാർട്ടിയിൽ ഭിന്നിപ്പിനു ശ്രമം നടത്തിയിരുന്നുവെന്ന് ഉന്നത നേതാ വ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മൂന്നു വർഷമായി ഇവരടക്കം സീനിയറായ പലരും മാണിയോട് അകൽച്ച പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സീനിയർ നേതാക്കളെന്ന പരിഗണനയിൽ മാണി അവരെ സംരക്ഷിച്ചു. മാണിയുടെ മരണസമയത്തും വസതിയിൽ പൊതുദർശനത്തിനു വെച്ചപ്പോഴും സംസ്കാരവേളയിലും ഇവരുടെ നിലപാടുകൾ വേദനിപ്പിച്ചിരുന്നു. മൃതദേഹത്തിൽ പുതപ്പിക്കാൻ പാർട്ടി പതാകപോലും വാങ്ങിയത് വളരെ വൈകിയാണ്. പതാക പുതപ്പിക്കാൻ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് നടപടിയെടുക്കേണ്ടതെങ്കിലും അതിനുപോലും മറ്റു ചിലരുടെ സഹായം വേണ്ടിവന്നു. പലപ്പോഴും ഇവരുടെ നിലപാട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു -അദ്ദേഹം പറഞ്ഞു. ജോസഫിനൊപ്പം ചേർന്ന് ഇവർ മാണിയെ തള്ളിപ്പറഞ്ഞതിൽ അദ്ഭുതപ്പെടാനില്ലെന്നായിരുന്നു മറ്റൊരു പ്രമുഖ നേതാവിെൻറ പ്രതികരണം. മാണി മരിച്ചുകിടക്കുേമ്പാൾ തന്നെ അധികാരം പിടിക്കാനുള്ള വ്യഗ്രതയിലായിരുന്നു ചിലർ. മൃതദേഹത്തിനു സമീപത്തുപോലും പലരെയും കണ്ടില്ല.
മാണി അനുസ്മരണ സമ്മേളനം നടത്താൻപോലും തയാറാകാത്തവരെക്കുറിച്ച് കേരള കോൺഗ്രസ് നേതാക്കൾക്കെല്ലാം അറിയാം. തിരുവനന്തപുരത്ത് യോഗം സംഘടിപ്പിച്ചതും പലരെയും വേദനിപ്പിച്ചു. പിന്നീട് കോട്ടയത്ത് നടത്തിയ അനുസ്മരണത്തിൽനിന്ന് ചിലർ വിട്ടുനിന്നതും ആരും മറക്കില്ല. പാർട്ടിയെ ഭിന്നിപ്പിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും പരാജയപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.
സി.എഫ്. തോമസിനും കത്ത് നൽകി
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനെ തെരഞ്ഞെടുക്കാൻ ഉടൻ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസിനും കത്ത് നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ നാലില്‍ ഒന്ന് അംഗങ്ങള്‍ ഒപ്പിട്ട കത്താണ് കൈമാറിയത്. വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫിന് കഴിഞ്ഞദിവസം കത്ത് കൈമാറിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് സി.എഫിനും രേഖാമൂലം കത്ത് നൽകിയത്. വൈസ് ചെയര്മാന് ജോസ് കെ. മാണിക്കും ഇത് കൈമാറിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് ഭരണഘടന പ്രകാരം നാലില്‍ ഒന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ സംസ്ഥാന കമ്മിറ്റി ചേരണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. എം.എൽ.എമാരായ റോഷി അഗസ്റ്റിനും ഡോ.എന്‍. ജയരാജും ചേര്‍ന്നാണ് കത്ത് നേതാക്കള്‍ക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.