ന്യൂഡൽഹി: മണിപ്പൂരിൽ ന്യൂനപക്ഷത്തിനുനേരെ നടന്ന വംശഹത്യ മുൻനിർത്തി ബി.ജെ.പിയോടുള്ള സമീപനത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് ക്രൈസ്തവ സഭാ നേതൃത്വത്തെ കാണാൻ കേരള കോൺഗ്രസ്. തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കേരളത്തിലും പുറത്തും ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിക്കാൻ ബി.ജെ.പി നടത്തിവന്ന നീക്കങ്ങളോട് ജാഗ്രത വേണമെന്ന് ആവശ്യപ്പെടും.
മണിപ്പൂരിലെ കലാപബാധിത മേഖലകളിൽ രണ്ടു ദിവസത്തെ സന്ദർശനം നടത്തി തിരിച്ചെത്തിയ കേരള കോൺഗ്രസ് നേതാക്കളായ ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി എന്നിവരാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.
കലാപത്തിനിടയിൽ മണിപ്പൂരിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ അക്രമികളോടാണ് സമാധാന ചർച്ച നടത്തിയതെന്നും, കലാപത്തിന്‍റെ ഇരകളുമായി സംസാരിച്ചതുതന്നെയില്ലെന്നും അവർ പറഞ്ഞു. കലാപകാരികൾക്ക് ആയുധങ്ങൾ എവിടെ നിന്നു കിട്ടിയെന്ന കാര്യം അന്വേഷണം ആവശ്യപ്പെടുന്നതാണ്.
മണിപ്പൂർ ശാന്തമായി വരുന്നുവെന്നും സ്കൂൾ തുറക്കാൻ പോകുന്നുവെന്നും സർക്കാർ പ്രഖ്യാപിക്കുന്നത് നിരർഥകമാണ്. സ്കൂളുകൾ മിക്കതും അഭയാർഥി ക്യാമ്പുകളാണെന്നിരിക്കേ, അവിടെ അധ്യയനം ഉടനടി സാധ്യമല്ല. ഒരു വിഭാഗത്തിനുനേരെ കൃത്യമായ ആസൂത്രണത്തോടെ വംശഹത്യയാണ് നടന്നത്.
പുറമെ പറയുന്നതിൽ നിന്ന് ഭിന്നമായി, മണിപ്പൂർ രണ്ടായി വിഭജിക്കപ്പെട്ട സ്ഥിതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം കലാപത്തേക്കാൾ ഭയാനകമാണ്. ക്രൈസ്തവ സഭാ നേതൃത്വത്തെ കാണുമ്പോൾ ഇക്കാര്യങ്ങൾ ധരിപ്പിക്കും.
പാർലമെന്‍റ് പ്രതിനിധി സംഘത്തെ അയച്ച് മണിപ്പൂർ വംശഹത്യയെക്കുറിച്ച് അന്വേഷിക്കണം. വർഷകാല പാർലമെന്‍റ് സമ്മേളനം തുടങ്ങുമ്പോൾ മറ്റു വിഷയങ്ങൾ മാറ്റിവെച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണം. ഗുജറാത്ത് റിട്ട. ഹൈകോതി ജഡ്ജി അധ്യക്ഷനായി ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതി നടത്തുന്ന അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരില്ല.
ഇന്ത്യാ വിഭജന കാലത്ത് നടന്നതിനു സമാനമായ വംശഹത്യയാണ് മണിപ്പൂരിൽ തുടരുന്നത്. ഒരു വിഭാഗത്തിന്‍റെ മാത്രം വീടുകളും ഗ്രാമങ്ങളും ആരാധനാലയങ്ങളും അവർ നടത്തുന്ന വിദ്യാലയങ്ങൾ അടക്കമുള്ള നിർമിതികളും കൃത്യമായ ആസൂത്രണത്തോടെ അടയാളപ്പെടുത്തി തകർക്കുകയാണെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.