തിരുവനന്തപുരം: സംസ്ഥാനത്ത് 1184 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുമരണവും സ്ഥിരീകരിച്ചു. 784 പേർ രോഗമുക്തി നേടി. 956 സമ്പർക്കത്തിലൂടെ പേർക്ക് രോഗം സ്ഥിരീകരിച്ചു. 114 ഉറവിടമറിയാത്ത കേസുകൾ. 106 പേർ വിദേശത്തുനിന്നെത്തിയവരും 73 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തയവരുമാണ്. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം 200, കൊല്ലം 41, പത്തനംതിട്ട നാല്, ആലപ്പുഴ 30, കോട്ടയം 40, എറണാകുളം 101, ഇടുക്കി 10, തൃശൂർ 40, മലപ്പുറം 255, പാലക്കാട് 147, വയനാട് 33, കോഴിക്കോട് 66, കണ്ണൂർ 63, കാസർകോട് 146 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ളവരുടെ കണക്കുകൾ.
എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ, തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ, കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്, കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്, വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
തിരുവനന്തപുരത്ത് വലിയ കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഞായറാഴ്ച 2800 പരിശോധനകളാണ് നടത്തിയത്. 288 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നിവ ലാർജ് ക്ലസ്റ്ററായി മാറിയേക്കാം. ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. തിരുവനന്തപുരം റൂറൽ സെക്ഷനിൽ സമ്പർക്കബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സാമൂഹിക അകലം ഉൾപ്പെടെ പാലിക്കുന്നത് സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് ദക്ഷിണേമഖല പൊലീസ് ഐ.ജി ഹർഷിത അത്തല്ലൂരിക്ക് പ്രത്യേക ചുമതല നൽകി.
കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി, പാലക്കാട്, വയനാട്, തൃശൂർ സിറ്റി, എറണാകുളം റൂറൽ ഇവിടങ്ങളിൽ ആരോഗ്യസുരക്ഷ പ്രോട്ടോക്കോൾ തൃപ്തികരമായി നടപ്പിലാക്കുന്നു. ഇക്കാര്യത്തിൽ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിനും വിലയിരുത്തുന്നതിനും ഐ.ജിമാർ, ഡി.ഐ.ജിമർ ജില്ല പൊലീസ് മേധാവിമാർ എന്നിവരുടെ യോഗം വിളിച്ചു. തീരദേശത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ മത്സ്യതൊഴിലാളി പ്രശ്നം പരിഹരിക്കുന്നതിനും വിവിധ മേഖലകളിലെ ഏകോപനം സ്വീകരിക്കുന്നതിനും ഐ.ജി എസ്. ശ്രീജിത്തിനെ നിയമിച്ചു. കോസ്റ്റൽ പൊലീസ് ഇദ്ദേഹത്തെ സഹായിക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം നടത്തി സുരക്ഷ ഉറപ്പാക്കുന്ന നെയ്ബർഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിെൻറ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കും.
ആലപ്പുഴ ജില്ലയിൽ പാണാവള്ളിയിൽ പുതിയ ലിമിറ്റഡ് ക്ലസ്റ്റർ രൂപപ്പെട്ടു. വെട്ടക്കൽ, കടക്കരപ്പള്ളി, ചെട്ടികാട് എന്നീ വലിയ ക്ലസ്റ്ററുകളിലും രോഗവ്യാപനം ഉയരുന്നു.
എറണാകുളത്ത് ഫോർട്ട് കൊച്ചി ക്ലസ്റ്ററിലാണ് പ്രധാന രോഗവ്യാപനം. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ആലുവ ക്ലസ്റ്ററിൽ രോഗവ്യാപനം കുറയുന്നു. ക്ലസ്റ്ററിൽ ഉൾപ്പെട്ട കൂടുതൽ സ്ഥലങ്ങളിൽ ഇളവുകൾ അനുവദിച്ചു. പുതിയ കേസുകൾ റിേപ്പാർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ നിയന്ത്രണം.
മലപ്പുറം ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നു. ഇന്നലെ 147 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് 255 പേർക്കും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് ജില്ലയിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ രോഗം വ്യാപിക്കുന്നു. മൂന്നുദിവസത്തിനിടെ 36 പേർക്ക് പോസിറ്റീവായി. വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റർ പട്ടികയിൽ ഉൾപ്പെട്ടു.
ലോക്ഡൗൺ കാലത്ത് കർണാടക മണ്ണിട്ട് അടച്ച മാക്കൂട്ടം പാത ചരക്കുവാഹനങ്ങൾക്കായി തുറന്നു. ഇവിടെ കോവിഡ് പരിശോധനക്കും വിവര ശേഖരണത്തിനുമാവശ്യമായ നടപടികൾ സ്വീകരിച്ചു. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയുള്ള സമയം തിരഞ്ഞെടുത്ത് ആ സമയത്ത് ചെക്പോസ്റ്റിൽ എത്തണം. ചെക്പോസ്റ്റിൽ തിരക്ക് ഒഴിവാക്കുന്നതിനാണിത്.
തിരുവനന്തപുരത്ത് മഴക്കെടുതിയിൽ 37 വീടുകൾ പൂർണമായും 218 വീടുകൾ ഭാഗികമായും തകർന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാർപ്പിച്ചു. കർഷകരുടെ കൃഷി വൻതോതിൽ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.