ഡി.എ കുടിശികക്ക് വേണ്ടി ധനമന്ത്രിയുടെ ഭാര്യക്ക് മുദ്രാവാക്യം വിളിക്കേണ്ടി വന്നു; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഡി.എ കുടിശികക്ക് വേണ്ടി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ ഭാര്യക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ മുദ്രാവാക്യം വിളിക്കേണ്ടി വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 40000 കോടി രൂപയാണ് നല്‍കാനുള്ളത്. നവകേരളമല്ല, മുടിഞ്ഞ തറവാടാക്കി കേരളത്തെ മാറ്റിയെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് ഉണ്ടാകേണ്ട ധനമന്ത്രിയെയും കൂട്ടിയാണ് മുഖ്യമന്ത്രി 44 ദിവസത്തെ യാത്രക്ക് പോയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ചെക്ക് പോലും പാസാക്കാനുള്ള പണം ഇല്ലാതെ ട്രഷറി അടഞ്ഞു കിടക്കുകയാണ്. ധനകാര്യ സംബന്ധമായ ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ധനകാര്യമന്ത്രിയെ എങ്കിലും തിരുവനന്തപുരത്തേക്ക് മടക്കി അയച്ച് സെക്രട്ടേറിയറ്റില്‍ ഇരുത്തണമെന്നാണ് മുഖ്യമന്ത്രിയോട് അഭ്യർഥിക്കാനുള്ളത്.

കേരളം നശിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹിക സുരക്ഷാ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും താളം തെറ്റി ഇരിക്കുമ്പോളാണ് മന്ത്രിസഭ ടൂര്‍ പോയത്. ഉദ്യോഗസ്ഥര്‍ പലരും കുടുംബസമേതം ടൂറിലാണ്. സെക്രട്ടേറിയറ്റിലെ പല കസേരകളിലും ആളില്ല. നാഥനില്ലാ കളരിയാക്കി തിരുവനന്തപുരത്തെ മാറ്റി. അരാജകത്വമാണ് തിരുവനന്തപുരത്ത്. എവിടെയാണ് ഭരണം നടക്കുന്നത്? ദയനീയമായ അവസ്ഥയിലാണ് കേരളം.

കെ.എസ്.ആര്‍.ടി.സിയും സപ്ലൈകോയും തകരുകയാണ്. നാലായിരത്തോളം കോടി രൂപയാണ് സപ്ലൈകോക്ക് നല്‍കാനുള്ളത്. ഇന്നലെ സപ്ലൈകോയിലെ എ.ഐ.ടി.യു.സി യൂണിയന്റെ സമരമായിരുന്നു. 1500 കോടിയോളം രൂപ കരാറുകാര്‍ക്ക് നല്‍കാനുള്ളതിനാല്‍ മൂന്ന് മാസമായി ഇ ടെന്‍ഡറില്‍ ആരും പങ്കെടുക്കുന്നില്ല. നെല്ല് സംഭരിച്ചതിനും കോവിഡ് കാലത്തെ കിറ്റ് വിതരണം ചെയ്തിനുമുള്ള പണം ഇപ്പോഴും നല്‍കിയിട്ടില്ല. സപ്ലൈകോ അടച്ചുപൂട്ടലിന്റെ വക്കിലാണ്. അടുത്തതായി വൈദ്യുതി ബോര്‍ഡാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.

1957 മുതല്‍ 2016 വരെ 1083 കോടിയായിരുന്ന കെ.എസ്.ഇ.ബിയുടെ കടം ഏഴ് വര്‍ഷം കൊണ്ട് നാല്‍പ്പതിനായിരം കോടിയായി. അഴിമതിയുടെ കെടുകാര്യസ്ഥതയുമാണ് ഈ സ്ഥാപനത്തെ തകര്‍ത്തത്. കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയനും തകര്‍ന്ന് തരിപ്പണമായി. ഓരോ സ്ഥാപനങ്ങളും തകരുകയാണ്. രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോയിരിക്കുന്നത്. അതുകൊണ്ടാണ് അതിനെ അശ്ലീല നാടകമെന്ന് വിശേഷിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kerala Finance Minister's wife had to raise slogans for DA dues - Leader of Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.