തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ 1801 അംഗന്‍വാടികള്‍ക്ക് കേടുപാട് സംഭവിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രാഥമിക കണക്കെടുപ്പിനനുസരിച്ച് 131 അംഗന്‍വാടികള്‍ പൂര്‍ണമായി ഉപയോഗശൂന്യമായി.
1670 അംഗന്‍വാടികള്‍ക്ക് ഭാഗികമായി കേടുപാട് പറ്റിയിട്ടുണ്ട്. ഇവയുടെ പുനര്‍നിര്‍മാണത്തിനായി 118 കോടി രൂപ ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു. ഈ അംഗന്‍വാടികള്‍ക്ക് പകരം താൽക്കാലിക സംവിധാനം ഏര്‍പ്പെടുത്തും. പുതിയ അംഗന്‍വാടി രൂപകല്പന ചെയ്ത് മാതൃകാ അംഗന്‍വാടികളായി പുനര്‍നിര്‍മിക്കാനും തീരുമാനിച്ചു.
പോഷകാഹാരങ്ങള്‍ വീടുകള്‍ വഴി കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. സാമൂഹികനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ സാമൂഹിക സുരക്ഷ മിഷൻ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സഹായ ഉപകരണങ്ങളുടെ കണക്കുകളെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. വികലാംഗ ക്ഷേമ കോര്പറേഷന് വഴിയും വനിത വികസന കോര്പറേഷന് വഴിയും വായ്പകള്‍ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.