തിരുവനന്തപുരം: പ്രളയക്കെടുതിയിലമർന്ന കേരളത്തെ കൈപിടിച്ച് കരകയറ്റാൻ സൈനിക വിഭാഗങ്ങൾ ഒരുക്കിയത് വിപുലമായ സന്നാഹങ്ങൾ. രണ്ടു ദിവസത്തിനുള്ളിൽ സംയുക്ത രക്ഷാദൗത്യ സംഘം രക്ഷിച്ചത് ആയിരക്കണക്കിന് ജീവൻ. 100 വയസ്സുള്ള വൃദ്ധ മുതൽ കൈക്കുഞ്ഞുങ്ങളെ വരെ സ്വന്തം ജീവിതം പണയംെവച്ചാണ് സൈനികർ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നത്. ആലുവ ചെങ്ങമനാടുനിന്ന് നാവികസേന കമാൻഡോകൾ രക്ഷിച്ച ഗർഭിണിയായ യുവതി കൊച്ചിയിലെ സൈനിക ആശുപത്രിയിൽ പ്രസവിച്ചു. 100 വയസ്സുകാരി കാർത്ത്യായനിയമ്മയെ ചാലക്കുടിയിൽനിന്ന് രക്ഷിച്ചു. ഇതേ ഹെലികോപ്ടറിൽതന്നെ മാതാവിനെയും 20 ദിവസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിക്കുകയും ചെയ്തു.
ഓപറേഷൻ കരുണയിലൂടെ വ്യോമസേനയുടെ ഹെലികോപ്ടറുകൾ ഇതുവരെ രക്ഷിച്ചത് 320ഒാളം ജീവനാണ്. വിവിധ സേനകളുടെ 23 ഹെലികോപ്ടറുകളാണ് രക്ഷാദൗത്യത്തിലുള്ളത്. പ്രളയബാധിത സ്ഥലങ്ങളിൽ ഭക്ഷണവും മരുന്നും ഉൾപ്പെടെ വിതരണം ചെയ്യുന്ന ചുമതലയും സൈന്യം ഏറ്റെടുത്തു. കരസേനയുടെ ‘ഓപറേഷൻ സഹയോഗ്’ 10 ജില്ലകളിൽ രാപകലില്ലാതെ രക്ഷാപ്രവർത്തനം തുടരുകയാണ്.
ബംഗളൂരുവിൽനിന്ന് സേനയുടെ പാരാ റെജിമെൻറിലെ വിദഗ്ധ സംഘം വെള്ളിയാഴ്ച എത്തിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങളിൽ താൽക്കാലിക പാലങ്ങളും യാത്രസൗകര്യവും സൈന്യത്തിൻറ എൻജിനീയറിങ് വിഭാഗം ഒരുക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേന ഇതുവരെ രക്ഷിച്ചത് 4000ത്തിലേറെ പേരെ. ജില്ല കേന്ദ്രങ്ങളിൽ സംയുക്ത സൈനിക കൺട്രോൾറൂമുകളും പ്രവർത്തിക്കുന്നുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന കൺട്രോൾ റൂമിൽനിന്നും ജില്ല കലക്ടർമാരിൽനിന്നും കിട്ടുന്ന സന്ദേശമനുസരിച്ചാണ് രക്ഷാദൗത്യം നടക്കുന്നത്. ശംഖുംമുഖം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയ കേന്ദ്രീകരിച്ചാണ് വ്യോമമാർഗമുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
കേരളത്തിന് ആവശ്യമായ സഹായം എത്തിക്കുന്നതിനായി കരസേന, നാവികസേന, വ്യോമസേന, തീരദേശ സംരക്ഷണ സേന, ദേശീയ ദുരിതാശ്വാസ സേന (എൻ.ഡി.ആർ.എഫ്.) എന്നിവക്കു കൂടുതൽ സജ്ജീകരണങ്ങൾ ലഭ്യമാക്കാനുള്ള തീരുമാനം കേന്ദ്രം കൈക്കൊണ്ടിട്ടുണ്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരെ ശനിയാഴ്ച കേരളത്തിലെത്തിക്കും. രക്ഷാപ്രവർത്തനങ്ങൾക്കായി 48 മണിക്കൂറിനിടെ 16 ആകാശയാത്രകളാണ് നടത്തിയിട്ടുള്ളത്. ശനിയാഴ്ച 1600 ഭക്ഷണപ്പൊതികൾ ആകാശമാർഗം വിതരണം ചെയ്യുന്നതിനുള്ള ദൗത്യവും സേന ഏറ്റെടുത്തിട്ടുണ്ട്. വ്യോമസേന 23 ഹെലികോപ്ടറുകളും 11 യാത്രവിമാനങ്ങളും ലഭ്യമാക്കി. 10 സൈനികസംഘങ്ങളെയും 10 എൻജിനീയറിങ് ടാസ്ക് ഫോഴ്സുകളെയും കരസൈന്യം എത്തിച്ചിട്ടുണ്ട്. സി.ആർ.പിഎഫ്, ബി.എസ്.എഫ്, എസ്.എസ്.ബി തുടങ്ങിയ ഏജൻസികളിൽനിന്നായി കൂടുതൽ ബോട്ടുകളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കേന്ദ്രദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) 18 ടീം, കരസേനയുടെ എൻജിനീയറിങ് ടാസ്ക് ഫോഴ്സിെൻറ (ഇ.ടി.സി) എട്ട് ടീം അടങ്ങിയ ഒമ്പത് കോളങ്ങൾ, കോസ്റ്റ് ഗാർഡിെൻറ 22 ടീം, നാവികസേനയുടെ മുങ്ങൽ വിദഗ്ധരടങ്ങിയ 24 ടീം എന്നീ സന്നാഹങ്ങളുമായാണ് ആദ്യസംഘം സംസ്ഥാനത്തെത്തിയത്. ഇതിനു പുറമേ, എൻ.ഡി.ആർ.എഫ്, കര, നാവികസേനകൾ എന്നിവ പ്രത്യേക ക്യാമ്പുകൾ വഴി മെഡിക്കൽ സഹായവും ലഭ്യമാക്കി വരുന്നുണ്ട്.
കേരള പൊലീസും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായുണ്ട്. 40,000ത്തോളം പൊലീസുകാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്താകെ 262 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഹെലികോപ്ടറുകളിൽ വയർലെസ് സെറ്റും മൊബൈൽ ഫോണും ഉൾപ്പെടെ സംവിധാനങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.