തൃശൂർ: നിലക്കാതെ പെയ്യുന്ന മഴക്കുനന്ദി. മൺസൂൺ അവസാനപാദത്തിൽ അപ്രതീക്ഷിതമായി പെയ്ത മഴ വരൾച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്ന കേരളത്തെ ശരാശരിയിൽ എത്തിച്ചു. മൺസൂൺ അവസാനപാദത്തിൽ കഴിഞ്ഞ രണ്ടുദിവസങ്ങളായി പെയ്യുന്ന നിലക്കാത്ത മഴയാണ് കേരളത്തിന് ഗുണകരമായത്. നിലവിൽ മൺസൂൺ മഴയിൽ 12.5 ശതമാനത്തിെൻറ കുറവുമാത്രമാണ് ഉള്ളത്. എന്നാൽ, ഇത് സാേങ്കതികമായി കേരളത്തിന് ശരാശരി മഴ ലഭിച്ചുവെന്ന ഗണത്തിലാണ് ഉൾപ്പെടുക. 1918.1 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1678.1 മി.മീ മഴയാണ് ലഭിച്ചത്. സെപ്റ്റംബർ ഒന്നിന് 21 ശതമാനത്തിെൻറ കുറവായിരുന്നുവെങ്കിൽ നാലിനും അഞ്ചിനും വീണ്ടും താഴ്ന്ന് 20 ശതമാനമായി.11വരെ 19 ശതമാനമായിരുന്നുവെങ്കിൽ 14ന് 17 ശതമാനമായി കുറഞ്ഞു. വെള്ളിയാഴ്ച രണ്ട് പോയൻറ് വീണ്ടും കുറഞ്ഞു. ശനിയാഴ്്ച രാവും പകലും പെയ്ത മഴയിൽ നാലു ശതമാനം വീണ്ടും കുറഞ്ഞ് 12.5 ശതമാനത്തിൽ എത്തുകയായിരുന്നു.
മഴയിലെ കുറവ് 19 ശതമാനത്തിന് താഴെയാണെങ്കിൽ ശരാശരി മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുക. തിരുവനന്തപുരം, കാസർകോട് എന്നിവ ഒഴിച്ച് മറ്റ് ജില്ലകളിലെല്ലാം ശക്തമായ മഴയോ (70 -110 മി.മീ) വളരെ ശക്തമായ മഴയോ (110- 210 മി.മീ) ശനിയാഴ്ച ലഭിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് 232 മി.മീറ്ററിൽ അതിശക്തമായ മഴയാണ് ശനിയാഴ്ച ലഭിച്ചത്. നിലവിൽ പത്തനംതിട്ടയിൽ മാത്രമാണ് കൂടുതൽ മഴ ലഭിച്ചിട്ടുള്ളത്. ഇവിടെ മൂന്നുശതമാനമാണ് കൂടുതലായി മഴ ലഭിച്ചത്. 44 ശതമാനം കുറവുമായി വയനാട് മഴക്കുറവിൽ മുന്നിലാണ്.
അറബിക്കടലിൽ ലക്ഷദ്വീപിലും കേരളത്തിെൻറ പടിഞ്ഞാറും രൂപപ്പെട്ട അന്തരീക്ഷചുഴിയും ന്യൂനമർദപാത്തിയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവുമാണ് ശക്തമായ മഴക്ക് കാരണം. തുടർ ദിവസങ്ങളിലും മഴ ഇങ്ങനെ ലഭിച്ചാൽ ദേശീയശരാശരിയായ അഞ്ചുശതമാനം കുറവിലേക്ക് കേരളവും എത്തും. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും അധികമഴ കിട്ടാനുള്ള സാധ്യത വിരളമാണെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ പറഞ്ഞു. അതുകൊണ്ടുതന്നെ മേഘബീജനവുമായി സംസ്ഥാന കാലാവസ്ഥ വകുപ്പ് മുന്നോട്ടുപോകുകയാണ്.
കാലവർഷത്തിൽ 2040 മി.മീ മഴയാണ് കേരളത്തിന് ലഭിക്കേണ്ടത്. ഇതിൽ ആദ്യഘട്ടമായ ജൂൺ, ജൂലൈ മാസങ്ങളിൽ1321 മില്ലീമീറ്റർ മഴ ലഭിക്കണം. എന്നാൽ, 960 മി.മീ മഴമാത്രമാണ് ഇൗ രണ്ടുമാസങ്ങളിൽ ലഭിച്ചത്. ജൂണിൽ 684ന് പകരം 578ഉം ജൂലൈയിൽ 637ന് പകരം 382മാണ് ലഭിച്ചത്. ആഗസ്റ്റിൽ 376ന് പകരം 464 ആണ് ലഭിച്ചത്. സെപ്റ്റംബറിൽ 228 മി.മീ ആണ് ലഭിക്കേണ്ടത്. ജൂണിൽ 36, ജൂലൈയിൽ 33, ആഗസ്റ്റിൽ 20, സെപ്റ്റംബറിൽ 12 ശതമാനം എന്നിങ്ങനെയാണ് കാലവർഷത്തിെൻറ കേരളത്തിലെ വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.