കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സർവേ നടത്താൻ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. ഡി.പി.ആർ അംഗീകരിച്ച ശേഷം മാത്രമേ പദ്ധതി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും കാബിനറ്റ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്രസർക്കാറിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ (എ.എസ്.ജി) വ്യക്തമാക്കി.
അതേസമയം, സാമൂഹികാഘാത പഠനത്തിന് കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിട്ട സ്ഥലം വായ്പക്കുവേണ്ടി ബാങ്കിൽ ഈടുവെക്കാൻ തടസ്സമില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കുമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ അറിയിച്ചു. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായെന്ന പേരിൽ നടക്കുന്ന സർവേ നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിലാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിശദീകരണം.
ഇപ്പോൾ നടക്കുന്ന സർവേക്ക് അനുമതി തേടിയിട്ടില്ലെന്ന് റെയിൽവേ ഡിവിഷനൽ ഓഫിസിൽനിന്ന് കൈമാറിയ വിവരമാണ് എ.എസ്.ജി അറിയിച്ചത്. പദ്ധതിക്ക് റെയിൽവേയുടെ സ്ഥലത്ത് കല്ലിടരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സർവേക്ക് എത്തുന്നതിന് മുമ്പ് നോട്ടീസ് നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ പറഞ്ഞു. തുടർന്നാണ്, കല്ലിട്ട സ്ഥലം വായ്പക്ക് ഈടുവെക്കാൻ തടസ്സമുണ്ടാകില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കുമെന്നും അറിയിച്ചത്. ഇക്കാര്യം കോടതി രേഖപ്പെടുത്തി. അതേസമയം, കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് എന്തിനാണെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. സർവേ വിവരം നോട്ടീസ് നൽകി അറിയിക്കാത്തതും സർവേ നടത്തി മഞ്ഞക്കല്ലിടുന്നതുമാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്.
അതിസമ്പന്നർക്കും ഉന്നതർക്കും മധ്യവർഗത്തിനുമെല്ലാം സിൽവർലൈനോട് അനുകൂല നിലപാടുണ്ടായേക്കാം. എന്നാൽ, താഴെത്തട്ടിലുള്ളവർക്ക് ആശങ്കയുള്ളതിനാലാണ് വായ്പ അടക്കം വിഷയങ്ങളിൽ കോടതി രേഖാമൂലം മറുപടി തേടുന്നത്. കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെടുന്നവരാണ് എതിർപ്പുയർത്തുന്നത്. തുടർന്ന് ഹരജികൾ വിധി പറയാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.