കൊച്ചി: പത്തനംതിട്ടയിൽനിന്ന് കാണാതായ വിദ്യാർഥിനി ജസ്‌ന മറിയ ജയിംസിനെക്കുറിച്ച് നിർണായക സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സർക്കാർ ഹൈകോടതിയിൽ. ലഭ്യമായ വിവരങ്ങൾ ഇൗ ഘട്ടത്തിൽ പരസ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, കണ്ടെത്തലുകൾ സംബന്ധിച്ച റിപ്പോർട്ട് ഗവ. പ്ലീഡർ മുഖേന മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചു. അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ച കോടതി ഇൗ രീതിയിൽ തുടരാൻ അനുമതിയും നൽകി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജയ്സ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
അതേസമയം, ജസ്‌നയെക്കുറിച്ച അന്വേഷണവിവരങ്ങൾ തേടി വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അന്വേഷണം ഏത് ഘട്ടത്തിലായി, അന്വേഷണ സംഘത്തിലെ അംഗങ്ങെളത്ര, കേരളത്തിനുപുറത്ത് എവിടെയൊക്കെ അന്വേഷണം നടത്തി തുടങ്ങിയ ചോദ്യങ്ങളുന്നയിച്ചാണ് അപേക്ഷ. ഇത്തരത്തിൽ അപേക്ഷ നൽകുന്നവരുടെ താൽപര്യവും പിന്നിലെ കാരണവുംകൂടി അന്വേഷിക്കണമെന്ന് സിംഗിൾ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു. തുടർന്ന് ഹരജി ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
മാർച്ച് 22 മുതൽ ജസ്നയെ കാണാനില്ലെന്നുകാട്ടി പിറ്റേന്നാണ് പിതാവ് വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയത്. ജസ്നയെ കണ്ടെത്താൻ വിവിധ തലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് സഹോദരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്. ജസ്‌നയെ കണ്ടെത്താന്‍ ഐ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചതായി പൊലീസ് നേരേത്ത കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.