തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീലിന് പോകാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ കോട്ടയം സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സർക്കാർ വ്യക്തമാക്കി.ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈകോടതിയിൽ അപ്പീൽ നൽകും.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ 2022 ജനുവരി 14 നാണ് കോടതി വെറുതെ വിട്ടത്. പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ജി. ഗോപകുമാർ വിധി പറഞ്ഞിരുന്നത്. വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. കോടതി വിധി തെറ്റായ രീതിയിൽ എന്നും അപ്പീലിൽ കന്യാസ്ത്രീ പറയുന്നു.
ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അഡ്വക്കറ്റ് ജനറലിന് കത്ത് നൽകിയിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശവും കത്തിനൊപ്പമുണ്ട്.
ലത്തീൻ കത്തോലിക്ക വിഭാഗക്കാരിയായ കന്യാസ്ത്രീയെ ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളക്കൽ ബലാത്സംഗചെയ്തെന്ന കേസിൽ കോട്ടയം സെഷൻ കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതിവിധി 2013ലെ നിർഭയ കേസിനെ തുടർന്നുള്ള നിയമഭേദഗതിക്ക് എതിരാണെന്നാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം.
കേസിന്‍റെ വസ്തുതകള്‍ വിലയിരുത്തുന്നതിനൊപ്പം സാക്ഷി മൊഴികളും തെളിവുകളും തള്ളിയ നിയമവ്യാഖ്യാനത്തിലും പിഴവുണ്ടെന്നാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. തെളിവ് നിയമം വ്യാഖ്യാനിച്ചിരിക്കുന്നതിലും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ വിലയിരുത്തിയതിലുമാണ് പിഴവുകള്‍. അതിനാല്‍ കുറ്റകൃത്യത്തിന്‍റെ വസ്തുതയിലേക്ക് കടക്കാതെ വിധിന്യായത്തിലെ പിഴവുകള്‍ മാത്രം ചൂണ്ടിക്കാട്ടി അപ്പീല്‍ അപേക്ഷ തയാറാക്കാനാണ് പ്രോസിക്യൂഷൻ ഒരുങ്ങുന്നത്.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് ബിഷപ് ഫ്രാങ്കോക്ക് എതിരെ കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. വൈക്കം മുൻ ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്തംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ ദിവസങ്ങളിൽ തൃശൂരിലെ കുടുംബവീട്ടിൽ തങ്ങിയാണ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായത്. നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു. സഭയിൽനിന്നും വിശ്വാസികളിൽനിന്നും കേസിൽ പിന്തുണ ഉറപ്പുവരുത്തുന്നതിലും ഫ്രാങ്കോ വിജയിച്ചു. ഒരു ഘട്ടത്തിൽ കന്യാ സ്ത്രീകൾ തീർത്തും ഒറ്റപ്പെടുന്ന അവസ്ഥ വരെ സംഭവിച്ചു.
പീഡനം, തടഞ്ഞുവക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, ഏഴു മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.