കോവിഡ് മരണ സ്ഥിരീകരണത്തിൽ സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചു -വി.ഡി. സതീശൻ

തിരുവനന്തപുരം: കോവിഡ് മരണം സ്ഥിരീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മരണ കാരണങ്ങൾ നിശ്ചയിക്കുന്ന ഐ.സി.എം.ആർ, ഡബ്ല്യൂ.എച്ച്.ഒ എന്നിവയുടെ മാനദണ്ഡങ്ങൾ സർക്കാർ ലംഘിച്ചതാണ് പ്രശ്നം. പോസിറ്റീവ് ആയി സ്ഥിരീകരിച്ചതും ലക്ഷണങ്ങൾ വെച്ച് കോവിഡ് ആകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ സ്ഥിരീകരിക്കുന്നതുമായ കേസുകളിൽ രോഗി പിന്നീട് മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കാം എന്നാണ് ഡബ്ല്യൂ.എച്ച്.ഒ നിർവചനം.

അർബുദം, കരൾ, വൃക്ക രോഗങ്ങൾ അടക്കമുള്ള മാരക രോഗങ്ങളുള്ള ആളുകൾ കോവിഡ് വന്ന് മരിച്ചാലും കോവിഡ് മരണമായി കാണണമെന്നും നിർവചനത്തിൽ പറയുന്നുണ്ട്. അർബുദം, കരൾ, വൃക്ക രോഗങ്ങൾ വഴിയുള്ള മരണങ്ങൾ കോവിഡ് മരണമായി കാണേണ്ടെന്ന് ബന്ധപ്പെട്ടവരിൽ നിന്ന് നിർദേശം സംസ്ഥാനത്തൊട്ടാകെ പോയിട്ടുണ്ട്. ഐ.സി.എം.ആർ, ഡബ്ല്യൂ.എച്ച്.ഒ മാനദണ്ഡ പ്രകാരമുള്ള മുൻ മരണങ്ങൾ പരിശോധിക്കാൻ സർക്കാർ തയാറാകുമോ എന്നും വി.ഡി. സതീശൻ നിയമസഭയിൽ ചോദ്യം ഉന്നയിച്ചു.

ഐ.സി.എം.ആർ, ഡബ്ല്യൂ.എച്ച്.ഒ എന്നിവയുടെ മാനദണ്ഡങ്ങൾ പ്രകാരമാണ് കോവിഡ് മരണങ്ങൾ സർക്കാർ കണക്കാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് മറുപടി നൽകി. കോവിഡ് പിടിപ്പെട്ട് മരിച്ചയാളെ അങ്ങനെ തന്നെ രേഖപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Kerala Government violates norms in Covid death confirmation - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.