ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ പദ്ധതികളിൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ വികസനത്തിനായി 459 കിലോമീറ്റർ ഭൂമി ഏറ്റെടുത്തു നൽകേണ്ട കേരളം ഇതുവരെ 62 ഏക്കർ ഭൂമി മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും മന്ത്രി കുറ്റപ്പെടുത്തി.
റെയിൽവേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ കേരളത്തിലെ എം.പിമാരോട് അഭ്യർഥിക്കുകയാണെന്നും അശ്വിനി ശെവഷ്ണവ് പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളുടെ റെയിൽവേ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അശ്വിനി വൈഷ്ണവ്.
റെയിൽവേ വികസനത്തിനായി യു.പി.എ സർക്കാറിന്റെ കാലത്ത് പ്രതിവർഷം 372 കോടി രൂപ മാത്രമായിരുന്നു കേരളത്തിന് അനുവദിച്ചിരുന്നത്. എന്നാൽ ഒന്നും രണ്ടും മോദി സർക്കാറുകൾ കേരളത്തിന് വലിയ തുക റെയിൽവേ വികസനത്തിന് അനുവദിക്കുന്നുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ റെയിൽവേ പദ്ധതികൾക്കായി 2,033 കോടി രൂപയാണ് വകയിരുത്തിയതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുത്ത് സംസ്ഥാനം നൽകിയാൽ മാത്രമേ പദ്ധതികൾ നടപ്പാക്കാനാകൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ സാധ്യതയും വിഭവങ്ങളുടെ ലഭ്യതയും നോക്കിയേ അനുവദിക്കാനാകൂ എന്ന് മന്ത്രി മറ്റൊരു ചോദ്യത്തിന് അടൂർ പ്രകാശിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.