കൊച്ചി: കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം നോക്കി െകാലപാതക കേസുകളിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി രാഷ്ട്രീയ താൽപര്യത്തോടെയുള്ളതാണെന്ന് വ്യക്തമാണെന്ന് സർക്കാർ ഹൈകോടതിയിൽ. ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴ് കേസുകളിൽ മാത്രം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് ഇതിനുള്ള തെളിവാണെന്ന് ആഭ്യന്തര അണ്ടർ സെക്രട്ടറി എം.പി പ്രിയമോൾ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുന്ന ഏഴ് കേസുകളിൽ അഞ്ചെണ്ണത്തിൽ പൊലീസ് അന്തിമ റിപ്പോർട്ട് നൽകിക്കഴിഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് പൊലീസ് സംഘം കേസ് അന്വേഷിക്കുന്നതെന്ന ആരോപണം സി.ബി.ഐക്കും ബാധകമാണ്. സി.പി.എം പ്രവർത്തകരായ പ്രതികൾ ഉൾപ്പെട്ട കേസുകളിൽ പൊലീസ് രാഷ്ട്രീയ വിധേയത്വം കാണിക്കുമെന്ന ആരോപണം കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പിയോട് സി.ബി.ഐ വിധേയത്വം കാണിക്കുമെന്നതിനും ബാധകമാണ്. കേസുകളുടെ ആധിക്യവും ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി പല പ്രധാന കേസുകൾ പോലും ഏറ്റെടുക്കാൻ മടിക്കുന്ന സി.ബി.ഐ ഈ കേസുകളിൽ താൽപര്യം കാട്ടിയത് ആരോപണം ശരിവെക്കുന്നതിന് തെളിവാണ്. ഹരജിക്കാരായ ട്രസ്റ്റിലെ ട്രസ്റ്റികളെല്ലാം ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളാണ്. പൊതു താൽപര്യ ഹരജിയുടെ മറവിൽ സ്വകാര്യ താൽപര്യ സംരക്ഷണമാണ് ലക്ഷ്യം.
ബി.ജെ.പിയും ആർ.എസ്.എസും തങ്ങളുടെ നിയന്ത്രണത്തിലുള്ള വിവിധ സംഘടനകൾ മുഖേന സർക്കാറിനെതിരെ വ്യാപക പ്രചരണം നടത്തുന്നുണ്ട്. രാഷ്ട്രപതിക്കും ഗവർണർക്കും മറ്റും നൽകിയിട്ടുള്ള പരാതികളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയും ഒരേ സ്വഭാവത്തിലുള്ളതാണ്. ഹരജിക്കാർ ചൂണ്ടിക്കാട്ടുന്ന കേസുകളിലെ അന്വേഷണം സംബന്ധിച്ച പരാതികൾ അന്വേഷിച്ചെങ്കിലും സ്വതന്ത്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് ബോധ്യമായി.
ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി നൽകിയ അഡിഷണൽ സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജിക്കാരുടെ ട്രസ്റ്റിനു കീഴിലുള്ള സ്കൂളിൽ ആർ.എസ്.എസിെൻറ നേതൃത്വത്തിൽ സായുധ പരിശീലനം നടത്തി, സ്കൂൾ അധികൃതർ നിലം നികത്തി തുടങ്ങിയ പരാതികളിൽ നടപടിയെടുത്തിട്ടുള്ളതാണ്. വിശ്വാസ്യതയില്ലാത്തതാണ് ഹരജിക്കാരുടെ ട്രസ്റ്റെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.