തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാമത് നയ പ്രഖ്യാപനത്തിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം തുടങ്ങി. 15ാം നിയമസഭയുടെ എട്ടാം സെഷൻ അഭിമുഖീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേരളം പല മേഖലകളിലും രാജ്യത്ത് മുന്നിട്ടു നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് അഭിമാനകരമായ സാമ്പത്തിക വളർച്ചയുണ്ടായി. 12 ശതമാനം സാമ്പത്തിക വളർച്ച സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ -ടെക്നോളജിക്കൽ പുരോഗതി, യുവാക്കൾക്ക് മാന്യമായ തൊഴിലവസരം, തുല്യമായ സാമൂഹിക അവസരങ്ങൾ, വയോജന സംരക്ഷണം,സാമൂഹിക സുരക്ഷ എന്നിവയിൽ കേരളം മുന്നിട്ടു നിൽക്കുന്നു.
സുസ്ഥിര വികസനത്തിലും കേരളം മുന്നിലാണ്. അതീവ ദരിദ്ര വിഭാഗത്തിന്റെ ഉന്നമനമാണ് സർക്കാറിന്റെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാധ്യമങ്ങളെ വിലക്കുമ്പോൾ സംസ്ഥാനം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നു. ജനാധിപത്യ സമൂഹം പുലരാൻ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണം.
സംസ്ഥാനങ്ങളുടെ നിയമ നിർമാണ അധികാരം സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന നിയമസഭകളും സംരക്ഷിക്കപ്പെടണം. ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും അധികാര ശ്രേണികളും വേണമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.
കടപരിധി നിയന്ത്രിക്കുന്നതിനും ഒ.ബി.സി സ്കോളർഷിപ്പ് നിർത്തലാക്കിയതിനും കേന്ദ്രത്തിന് നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനം. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗങ്ങളും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗത്തിൽ വായിച്ചു.
കിടപ്പ് രോഗികൾക്ക് ‘വതിൽപ്പടി സേവന’ത്തിന്റെ ഭാഗമായി വീട്ടിൽ മരുന്ന്, വൈദ്യസഹായം ● വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിക്ക് കർമചാരി പദ്ധതി ● തൊഴിലാളികളുടെ വൈദഗ്ധ്യം വർധിപ്പിക്കാൻ ‘റീ സ്കില്ലിങ്’ പദ്ധതി ● ന്യൂനപക്ഷ യുവാക്കൾക്കായി നൈപുണ്യ വികസന കർമപദ്ധതി ● നഗരങ്ങളുടെ സുരക്ഷക്കായി ‘റിസ്ക് ഇൻഫോമ്ഡ് മാസ്റ്റർ പ്ലാൻ’ ● കുടുംബശ്രീയുടെ 25ാം വാർഷികമായി േമയിൽ അന്താരാഷ്ട്ര സമ്മേളനം ● ഖനന-സർേവ നടപടി സുതാര്യമാക്കാൻ ഓട്ടോമേറ്റ് സംവിധാനം ● കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആന്ഡ് റിക്രൂട്ട്മെന്റ് ബോർഡ് ഈ വർഷം ● വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകളെ ഹരിത - സുരക്ഷിത മാതൃകാ ഇടനാഴികളാക്കും ● കയർ, പ്ലാസ്റ്റിക്, പ്രീഫാബ് സ്ട്രെക്ചർ ഉപയോഗിച്ചുള്ള നിർമാണം പ്രോത്സാഹിപ്പിക്കും ● ചെറുതോണിയിൽ ഇറിഗേഷൻ മ്യൂസിയം ● പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിൽ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റുകൾ ● സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാൻ ‘കേരള സ്റ്റാർട്ടപ് കോമൺസ്’ ● വ്യവസായ വൈദഗ്ധ്യ പോഷണത്തിന് കമ്യൂണിറ്റി സ്കിൽപാർക്ക് പ്രൊജക്ട് ● തീരശോഷണം തടയാൻ ജിയോ ട്യൂബ്, ടെട്രാപാഡ്, ഡയഫ്രം വാൾവ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും ● മീനച്ചിലാറിൽ തുടർച്ചയായ ജലമൊഴുക്ക് ഉറപ്പാക്കാൻ പദ്ധതി.
അതിദുർബല വിഭാഗങ്ങൾക്കായി വികസന അജണ്ട. അതിദരിദ്രർക്കും ദുർബല വിഭാഗത്തിനുമായി കുടുംബശ്രീ-തദ്ദേശ സഹകരണത്തോടെ സൂക്ഷ്മ പദ്ധതികൾ ● നഗര-ഗ്രാമ മേഖലകളിലെ എല്ലാവർക്കും വീടും ഭൂമിയും ● ഭരണം ഡിജിറ്റലാക്കും. പ്രവർത്തനം ഇ-ഓഫിസിൽ ● നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് കെ-സ്മാർട്ട് ആപ്ലിക്കേഷൻ ഏപ്രിൽ ഒന്നിന് ● അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിൽ ● നിക്ഷേപങ്ങൾക്കുള്ള അംഗീകാരം സുഗമമാക്കാനും ലഘൂകരിക്കാനും ചട്ടഭേദഗതി ● കേരളത്തെ വിജ്ഞാനസമൂഹമാക്കും. ഇതിന് വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്കാരങ്ങൾ. യുവതക്ക് നിലവാരമുള്ള തൊഴിൽ ലഭ്യമാക്കൽ ദൗത്യം.
തിരുവനന്തപുരം: അർഹരായ എല്ലാവർക്കും പട്ടയം എന്ന ലക്ഷ്യവുമായി ‘പട്ടയം മിഷൻ’ നടപ്പാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവിധ പദ്ധതികളിലൂടെ പുനരധിവസിപ്പിച്ച ഭവനരഹിതർക്ക് ഉടമസ്ഥാവകാശവും ഭൂമിയുടെ അവകാശവും നൽകുന്നതിന് സമഗ്രപദ്ധതി ആവിഷ്കരിക്കും. താലൂക്ക് ലാൻഡ് ബോർഡുകളെ നാല് മേഖലകളായി തിരിച്ച് ഓരോ ബോർഡിന്റെയും ചുമതല ഡെപ്യൂട്ടി കലക്ടറെ ഏൽപ്പിക്കും. അനധികൃത മണൽ ഖനനവും ഭൂമി കൈയേറ്റവും സംബന്ധിച്ച പരാതികൾ തത്സമയം അറിയിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. റവന്യൂ ഓഫിസുകൾ സുതാര്യമായ സേവന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രത്യേക പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 15 വില്ലേജ് ഓഫിസുകളിൽ ഈ വർഷം ആരംഭിക്കും.
● ഭവന മേഖലയിൽ നൂതന ആശയങ്ങൾക്കായി ‘ഇ-ഗൃഹ’ മൊബൈൽ ആപ്ലിക്കേഷൻ ● സർേവ ഓഫിസുകളിലെ എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യും. ഡിജിറ്റൽ സർേവ പൂർത്തീകരിക്കും ● എല്ലാ പഞ്ചായത്തിലും ഒരു കളിസ്ഥലമെങ്കിലും വികസിപ്പിക്കും ● എം.എൻ. ലക്ഷം വീട് പദ്ധതിയിലെ ഇരട്ട വീടുകളും ഒറ്റ വീടാക്കും. ● ഉത്തരവാദിത്ത വിനോദസഞ്ചാര മിഷൻ സൊസൈറ്റി രൂപവത്കരിക്കും. അസാപ്പുമായി ചേർന്ന് സംസ്ഥാനത്തുടനീളം മ്യൂറൽ പെയിന്റിങ്ങിൽ പരിശീലന പരിപാടികൾ. ● വിദേശ സർവകലാശാലകളിലെയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾക്ക് കേരളത്തിന്റെ കലയും സംസ്കാരവും മലയാള സിനിമയിലൂടെ പഠിക്കുന്നതിന് ചലച്ചിത്ര അക്കാദമിയുടെ ഗവേഷണകേന്ദ്രത്തിൽ അവസരം ● എല്ലാ മെഡിക്കൽ കോളജിലും ആശ്വാസ് റെന്റൽ ഹൗസിങ് പദ്ധതി വ്യാപിപ്പിക്കും. ● പൊതുജനങ്ങൾക്ക് സൗജന്യ സാങ്കേതിക ഉപദേശവും മാർഗനിർദേശവും നൽകാൻ നിർമിതി കേന്ദ്രത്തിന് കീഴിൽ കേന്ദ്രങ്ങൾ ● 70 നിയമസഭ മണ്ഡലങ്ങളിൽ എം.എൽ.എമാരും വിദ്യാർഥി പ്രതിനിധികളും പങ്കെടുത്ത് ‘സ്റ്റുഡൻസ് സഭ’ ● ഹൈകോടതിയിൽ േഡറ്റാ സെന്ററും ഡിസ്ട്രിക് ജുഡീഷ്യറികളിൽ മാതൃകാ ഡിജിറ്റൽ കോടതി മുറികളും ● ഹൈറേഞ്ച് പ്രദേശങ്ങളിൽ ഫയർ ഔട്ട്പോസ്റ്റുകളും ഉയരം കൂടിയ പുതിയ കെട്ടിടങ്ങളിൽ കാര്യക്ഷമമായ സുരക്ഷാ സംവിധാനവും അഗ്നിരക്ഷാസേന നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.