തിരുവനന്തപുരം: സംസ്ഥാന സർക്കാറുകളെ നോക്കുകുത്തിയാക്കി, രാജ്യത്തെ ഭക്ഷ്യപൊതുവിതരണരംഗത്ത് പിടിമുറുക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘സ്മാർട്ട് പി.ഡി.എസ്’ പദ്ധതിക്ക് ഒടുവിൽ കേരളത്തിന്റെ ഒപ്പ്. റേഷൻ കാർഡുകൾ ആധുനികീകരിച്ച് ഭക്ഷ്യ പൊതുവിതരണവും സംഭരണവും എല്ലാ സംസ്ഥാനങ്ങൾക്കും ഏകീകൃതമായ രീതിയിൽ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി കേരളത്തിലും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ഇതോടെ കാർഡുടമകൾക്കുള്ള ഭക്ഷ്യവിഹിതം തീരുമാനിക്കുന്നതിലും മുൻഗണന കാർഡുകൾ അനുവദിക്കുന്നതിലുമുള്ള സംസ്ഥാനത്തിന്റെ അധികാരം പരിമിതമാകും. റേഷൻവിതരണത്തിൽ സംസ്ഥാന സർക്കാറിന് നിയന്ത്രണം ഉണ്ടാകില്ലെന്നും കേരളംപോലെ ഭക്ഷ്യ ഉൽപാദനം കുറഞ്ഞ സംസ്ഥാനത്ത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മനസ്സിലാക്കിയാണ് ആദ്യഘട്ടത്തിൽ പദ്ധതിയോട് കേരളം മുഖം തിരിച്ചത്. എന്നാൽ, മറ്റെല്ലാ സംസ്ഥാനങ്ങളും പദ്ധതിയോട് സഹകരിക്കാൻ സമ്മതമറിയിച്ചത് കേരളത്തെ സമ്മർദത്തിലാക്കി. സഹകരിച്ചില്ലെങ്കിൽ കേരളത്തിലെ മുൻഗണന വിഭാഗത്തിൽ വരുന്ന 1.54 കോടി ജനങ്ങളുടെ റേഷൻ ഭക്ഷ്യവിതരണ ചെലവ് ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം അന്ത്യശാസനം നൽകിയതോടെയാണ് പദ്ധതിക്കൊപ്പം ചേരാൻ കേരളം നിർബന്ധിതമായത്.
പദ്ധതിക്കായി നീക്കിവെച്ച തുകയുടെ കേന്ദ്ര- സംസ്ഥാന അനുപാതം 60:40 ശതമാനമാണ്. മൂന്നുവർഷത്തിനു ശേഷം പദ്ധതി തുടർന്നുകൊണ്ടുപോകാനുള്ള ചെലവ് സംസ്ഥാനം കണ്ടെത്തണം. സ്മാർട്ട് പി.ഡി.എസ് നിലവിൽ വരുന്നതോടെ റേഷൻ ഗുണഭോക്താക്കളുടെ ഡേറ്റ പൂർണമായും കേന്ദ്ര സർക്കാറിന്റെ അധീനതയിലാകും. ഇതു സംസ്ഥാന സർക്കാറിന്റെ വിവിധ സാമൂഹിക സുരക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പിനെ ബാധിച്ചേക്കാമെന്ന ആശങ്ക ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ, റേഷൻകടകൾ വഴി മുൻഗണന കാർഡുകാർക്ക് നൽകുന്ന സൗജന്യ ഭക്ഷ്യധാന്യത്തിന് പകരം ഭാവിയിൽ കാർഡ് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്സിഡി തുക നൽകുന്ന ഡി.ബി.ടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) രീതിയിലേക്ക് കേന്ദ്രം കടന്നേക്കും. ഇങ്ങനെ സംഭവിച്ചാൽ സംസ്ഥാനത്തെ 14,181 റേഷൻ കടകളും അടച്ചുപൂട്ടേണ്ടിവരും.
- വരും വർഷങ്ങളിൽ മുൻഗണന മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുതുക്കും. രാജ്യവ്യാപകമായി ഏക മാനദണ്ഡം നിശ്ചയിക്കപ്പെടുമ്പോൾ ജീവിത നിലവാരത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ മുൻഗണന കാർഡുകാരുടെ എണ്ണം കുറയും. ഇതോടെ നിലവിലുള്ള ഭക്ഷ്യവിഹിതവും വെട്ടിക്കുറക്കും.
- മുൻഗണന കാർഡുകളുടെ പൂർണ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കുന്നതോടെ ഭാവിയിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് അപ്രസക്തമാകും. കരാർ, ദിവസവേതനാടിസ്ഥാനത്തിൽ വകുപ്പിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാകും.
- പ്രകൃതിദുരന്തങ്ങളിലും ഉത്സവ കാലത്തും ഭക്ഷ്യക്കിറ്റ് വിതരണം പോലുള്ള സാമൂഹിക പദ്ധതികൾ ഇ-പോസ് മെഷീൻ വഴി നടപ്പാക്കണമെങ്കിൽ കേന്ദ്രത്തിന്റെ അംഗീകാരം വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.