രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേത്; രാജ്യാന്തര തലത്തില്‍ ഇന്ത്യയെ നാണംകെടുത്തുന്നു -മനേക ഗാന്ധി

ന്യൂഡൽഹി: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിൽ സംസ്ഥാന വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്നും മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണെന്നും അവർ വിമർശിച്ചു. ‘വന്യജീവികളോട് ക്രൂരത’ എന്നതാണ് കേരളത്തിന്റെ നയം. ചത്തത് അത്യപൂര്‍വ ഇനത്തില്‍പ്പെട്ട കരടിയാണ്. കരടിയെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവർ ആ​വശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.10നാണ് കണ്ണംപള്ളി സ്വദേശി അരുണിന്റെ കിണറ്റില്‍ കരടി വീണത്. കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു വീഴ്ച. മയക്കുവെടിവെച്ച് പിടികൂടി പുറത്തെത്തിച്ച് വനമേഖലയിൽ തുറന്നുവിടാനായിരുന്നു വനംവകുപ്പിന്റെ ശ്രമം. മയക്കുവെടിയേറ്റ കരടി റിങ് നെറ്റിൽ പിടിച്ചു കിടന്നെങ്കിലും, പിന്നീട് വഴുതി വെള്ളത്തിൽ വീണ് ചാവുകയായിരുന്നു.

രക്ഷാദൗത്യ നടപടികളില്‍ വീഴ്ചയുണ്ടായതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ പ്രാഥമിക റിപ്പോര്‍ട്ട് നൽകിയിരുന്നു. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ വെടിവെക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. രക്ഷാദൗത്യ നടപടികളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെന്നും മയക്കുവെടിവെച്ച കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്റിഡോട്ട് പ്രയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളിലടക്കം വെള്ളംകയറിയെന്നും മയക്കുവെടിക്കുശേഷം 50 മിനിറ്റോളം കരടി വെള്ളത്തില്‍ കിടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രണ്ട് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും.

കരടി മുങ്ങിച്ചാകാനിടയായ സംഭവം വിശദമായി അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ. ശശീ​ന്ദ്രൻ അറിയിച്ചിരുന്നു.

Tags:    
News Summary - Kerala has the worst forest department in the country; India is embarrassed at the international level - Maneka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.