‘ഒരു 200 കൊല്ലംകൊണ്ട്​ ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച്​ ഹൈകോടതി

കൊച്ചി: ‘‘എല്ലാം സഹിക്കാനാണ്​ ജനങ്ങളുടെ വിധി. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കും. റോഡുകളെപ്പറ്റി പറഞ്ഞ്​ കോടതിക്കുതന്നെ നാണം തോന്നുന്നു’’ -ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടക്കൻ, സി.പി. അജിത് കുമാർ എന്നിവർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

മന്ത്രിമാരൊക്കെ റോഡുമാർഗം വരുന്നുണ്ട​ല്ലോ. അവരും റോഡുകൾ​ കാണട്ടെ. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായ സംഭവവും കോടതി പരാമർശിച്ചു. വെള്ളക്കെട്ടുണ്ടായ നിമിഷംതന്നെ പൊതുജനങ്ങളിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ലഭിച്ചു. ജലനിരപ്പിനു താഴെയുള്ള നഗരമാണ് കൊച്ചി. എന്നാൽ, വെള്ളക്കെട്ട് എളുപ്പം മാറിയെന്നും കോടതി പറഞ്ഞു. ഒന്നര മാസമായി കൊച്ചി നഗരസഭക്ക്​ സെക്രട്ടറിയില്ലെന്ന്​ ഹരജിക്കാർ പറഞ്ഞപ്പോൾ, ഉണ്ടായിരുന്ന സെക്രട്ടറി കുറച്ചു കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുവെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ആരുണ്ടായിട്ടും കാര്യമില്ല. നഗരസഭയുടെ കൈയിൽ പണമില്ലെന്നാണ് പറയുന്നത്. പിന്നെന്തു ചെയ്യുമെന്നും കോടതി ആരാഞ്ഞു. തുടർന്ന്​ ഹരജികൾ പിന്നീട്​ പരിഗണിക്കാൻ മാറ്റി.

പാലാരിവട്ടം സെന്റ് മാർട്ടിൻ പള്ളിക്കു സമീപം പൈപ്പ് ലൈൻ പണികൾക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. തകർന്ന റോഡുകളിൽ ഇനി അപകടമുണ്ടായാൽ പെൻഷൻ വാങ്ങി വീട്ടിൽ പോകാമെന്ന് ഉദ്യോഗസ്ഥർ വിചാരിക്കേണ്ടെന്ന്​ ഹൈകോടതി പറഞ്ഞു. ചുവപ്പും പച്ചയും കൊടികൾ നൽകി അവരെ ഗതാഗതം നിയന്ത്രിക്കാൻ നിർത്തേണ്ടിവരും. എവിടെ വരെ പോകുമെന്ന്​ കോടതി നിരീക്ഷിക്കുകയാണെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Kerala High Court mocked the roads in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.