‘ഒരു 200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച് ഹൈകോടതി
text_fieldsകൊച്ചി: ‘‘എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കും. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നു’’ -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടക്കൻ, സി.പി. അജിത് കുമാർ എന്നിവർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
മന്ത്രിമാരൊക്കെ റോഡുമാർഗം വരുന്നുണ്ടല്ലോ. അവരും റോഡുകൾ കാണട്ടെ. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായ സംഭവവും കോടതി പരാമർശിച്ചു. വെള്ളക്കെട്ടുണ്ടായ നിമിഷംതന്നെ പൊതുജനങ്ങളിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ലഭിച്ചു. ജലനിരപ്പിനു താഴെയുള്ള നഗരമാണ് കൊച്ചി. എന്നാൽ, വെള്ളക്കെട്ട് എളുപ്പം മാറിയെന്നും കോടതി പറഞ്ഞു. ഒന്നര മാസമായി കൊച്ചി നഗരസഭക്ക് സെക്രട്ടറിയില്ലെന്ന് ഹരജിക്കാർ പറഞ്ഞപ്പോൾ, ഉണ്ടായിരുന്ന സെക്രട്ടറി കുറച്ചു കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരുണ്ടായിട്ടും കാര്യമില്ല. നഗരസഭയുടെ കൈയിൽ പണമില്ലെന്നാണ് പറയുന്നത്. പിന്നെന്തു ചെയ്യുമെന്നും കോടതി ആരാഞ്ഞു. തുടർന്ന് ഹരജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി.
പാലാരിവട്ടം സെന്റ് മാർട്ടിൻ പള്ളിക്കു സമീപം പൈപ്പ് ലൈൻ പണികൾക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. തകർന്ന റോഡുകളിൽ ഇനി അപകടമുണ്ടായാൽ പെൻഷൻ വാങ്ങി വീട്ടിൽ പോകാമെന്ന് ഉദ്യോഗസ്ഥർ വിചാരിക്കേണ്ടെന്ന് ഹൈകോടതി പറഞ്ഞു. ചുവപ്പും പച്ചയും കൊടികൾ നൽകി അവരെ ഗതാഗതം നിയന്ത്രിക്കാൻ നിർത്തേണ്ടിവരും. എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.