കൊച്ചി: എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാനാവുന്ന രീതിയിൽ അടിയന്തര സൗകര്യമൊരുക്കണമെന്നും അതുവരെ ഓൺലൈൻ ക്ലാസുകൾ നിർത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിക്ക് ഹൈകോടതി സ്റ്റേയില്ല. ഇപ്പോൾ ആരംഭിച്ചത് ഓൺലൈൻ ക്ലാസുകളുടെ ട്രയൽ റൺ മാത്രമാണെന്ന കേരള സർക്കാർ വാദം അംഗീകരിച്ചാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്. ഹരജി സിംഗിൾ ബെഞ്ച് ചീഫ് ജസ്റ്റിസിന്‍റെ പരിഗണനക്ക് വിട്ടു.
കാസർകോട് വെള്ളരിക്കുണ്ട് നട്ടക്കൽ എ.എൽ.പി സ്കൂളിൽ നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ മാതാവായ വെള്ളരിക്കുണ്ട് വള്ളിക്കടവ് സ്വദേശിനി സി.സി. ഗിരിജയാണ് ഹരജി നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ ക്ലാസ് നടത്താൻ ഓൺലൈൻ സംവിധാനം ഒരുക്കിയത് ശരിയായ വിധത്തിലല്ലെന്നാണ് ഹരജിക്കാരിയുടെ ആരോപണം.
ഈ മാസം 14 വരെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. അതിനു ശേഷം മാറ്റങ്ങൾ വരുത്തേണ്ടത് ഉണ്ടെങ്കിൽ വരുത്തും. വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷമേ ക്ലാസുകൾ ആരംഭിക്കൂ.
പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ടിവി, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമാക്കാൻ സ്പോൺസേഴ്സിന്‍റെ സഹായം തേടുകയാണ്. നിരവധി സ്പോൺസർമാരെ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കോവിഡ് മഹാമാരി മറികടക്കുന്നതിന്‍റെ ഭാഗമായാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നതെന്നാണ് മനസിലാക്കുന്നതെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.