സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാറിന്റെ വിശദീകരണം തേടി ഹൈകോടതി

കൊച്ചി: ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി സംസ്ഥാന സർക്കാറിന്റെ വിശദീകരണം തേടി. ഹരജി ഈ മാസം 13ന് പരിഗണിക്കാനായി മാറ്റി. അന്നേ ദിവസം സർക്കാർ മറുപടി നൽകണമെന്നാണ് കോടതി നിർദേശം. യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ് പറയുന്നു.

അഞ്ച് വർഷം മുമ്പ് സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷയില്‍ വാദിക്കുന്നു. മുൻകൂർ ജാമ്യഹരജിയിൽ തീർപ്പാകും വരെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് തടയണമെന്നും സിദ്ദിഖ് ആവശ്യപ്പെടുന്നു.

അതേസമയം, ബലാ‌ത്സംഗ കേസിൽ പ്രതിയായ നടൻ മുകേഷിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം പൂ‌‌ർത്തിയായത്. മുകേഷിന് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ മുകേഷ് കോടതിയില്‍ കൈമാറി. മുകേഷിനൊപ്പം മണിയൻപിളള രാജു, അഡ്വ. ചന്ദ്രശേഖർ എന്നിവരുടേയും മുൻകൂർ ജാമ്യാപേക്ഷകളിൽ അന്നേ ദിവസം ഉത്തരവുണ്ടാകും. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവർക്കുമെതിരെ കേസെടുത്തത്.

Tags:    
News Summary - Kerala High Court Seeks Explanation from Govt Regarding the Bail Plea of Actor Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.