കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ മറികടക്കാനും സി.എ.ജി ഓഡിറ്റിങ്ങിൽനിന്ന് ഒഴിവാകാനും ഉന്നത തലത്തിലുള്ള കള്ളക്കളി നടന്നിട്ടുണ്ടെന്ന് ഹൈകോടതി.
പദ്ധതിക്ക് സഹായം നൽകുന്നത് സംബന്ധിച്ച് യു.എ.ഇ റെഡ് ക്രസൻറ് ലൈഫ് മിഷനുമായാണ് ധാരണപത്രം ഒപ്പുവെച്ചത്. എന്നാൽ, യു.എ.ഇ കോൺസൽ ജനറലുമായാണ് നിർമാതാക്കളായ യൂനിടാക്, സാൻവെഞ്ച്വേഴ്സ് കമ്പനികൾ കരാർ ഉണ്ടാക്കിയത്. തുടർന്ന് 40 ശതമാനം തുക (14 കോടി ) കമ്പനികളുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു.
സർക്കാർ ഭൂമിയിൽ നടപ്പാക്കുന്ന പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയ റെഡ് ക്രസൻറിനെയും ധാരണപത്രം ഒപ്പുെവച്ച ലൈഫ് മിഷനെയും ഒഴിവാക്കി മൂന്നാം കക്ഷികൾ തമ്മിലുണ്ടാക്കിയ മറ്റൊരു കരാർ സി.എ.ജി ഓഡിറ്റിങ് ഒഴിവാക്കി കോഴയും മറ്റു പ്രതിഫലവും നേടുന്നതിനുള്ള കള്ളക്കളിയാണ്.
ഇത്തരമൊരു വിചിത്ര കരാർ അംഗീകരിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്ത ലൈഫ് മിഷൻ സി.ഇ.ഒയുടെ നടപടി ദൗർഭാഗ്യകരവുമാണ്. ആദ്യകരാറിലൂടെയും പണം കൈമാറാനുള്ള രണ്ടാം കരാർ അംഗീകരിച്ചതിലൂടെയും വിദേശ സഹായം സ്വീകരിക്കുന്നതിന് ലൈഫ് മിഷൻ സി.ഇ.ഒ അംഗീകാരം നൽകുകയാണ് ചെയ്തത്.
പദ്ധതിക്കുവേണ്ടി ലഭിച്ച തുകയിൽനിന്ന് കോഴയും സമ്മാനങ്ങളും നൽകിയെന്ന് സന്തോഷ് ഇൗപ്പൻ സമ്മതിക്കുന്നുണ്ട്. ഇതിൽനിന്ന് തന്നെ കുറ്റകൃത്യത്തിലെ പങ്കാളിത്തം അദ്ദേഹം സ്വയം സമ്മതിക്കുന്നുണ്ട്. ബുദ്ധിപരമായ രഹസ്യ അജണ്ട യു.എ.ഇ കോൺസുലേറ്റ് ജനറലും മറ്റ് മധ്യവർത്തികളും ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കൃത്യമായി നടപ്പാക്കുകയായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്.
അതിനാൽ, ഇരുവർക്കും ക്രിമിനൽ ബാധ്യതയിൽനിന്ന് ഒഴിയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളിലെ നിയമപരമായ പ്രത്യാഘാതം ഉദ്യോഗസ്ഥർ രേഖാമൂലം അറിയിക്കാത്തതിനാലാണ് ഭരണാധികാരികളെ ക്രിമിനൽ ബാധ്യതയിൽ ഉൾപ്പെടുത്താനാവില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.