കൊച്ചി: അയൽവാസിയുടെ പാട്ട് മകളുടെ പഠനത്തിന് തടസമുണ്ടാക്കിയെന്നാരോപിച്ച് നടത്തിയ കൊലപാതകത്തിൽ ഒന്നാം പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു. മൂന്നാം പ്രതിയെ ശിക്ഷ റദ്ദാക്കി വെറുതെവിട്ടു. പത്തനംതിട്ട ചിറ്റാർ കിഴക്കേക്കര നീലിപിലാവ് സാൻ എന്ന സാബുവിന് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി 2017 േമയ് ആറിന് വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. ചിറ്റാർ കിഴക്കേക്കരയിൽ ശശിധരൻ പിള്ളയാണ് കൊല്ലപ്പെട്ടത്.
2011 മാർച്ച് 19നായിരുന്നു സംഭവം. ജീവപര്യന്തം ശിക്ഷ ലഭിച്ച മൂന്നാം പ്രതി ലാലു എന്ന ലാലുമോനെയാണ് വെറുതെ വിട്ടത്. മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടാം പ്രതി വിചാരണക്കുമുേമ്പ മരിച്ചു. തടവുശിക്ഷക്ക് പുറമെ ഒരു ലക്ഷം പിഴയും വിധിച്ചിരുന്നു. വരാന്തയിലിരുന്ന് ശശിധരൻ പിള്ള പാടുന്നതിനിടെ മകൾക്ക് പഠിക്കാൻ കഴിയുന്നില്ലെന്ന് ആക്രോശിച്ച് ഒന്നാം പ്രതിയും മറ്റ് രണ്ടുപേരും വീട്ടിലേക്ക് ചെന്നതിനെ തുടർന്ന് വാക്തർക്കമുണ്ടായി.
ഇതിനിടെ, സാബു മൂന്നുതവണ ശശിധരൻ പിള്ളയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. പിള്ള ഉടൻ മരിച്ചു. തെളിവുകളില്ലാതെയാണ് സെഷൻസ് കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി ഇരുവരും ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകുകയായിരുന്നു. ശശിധരൻ പിള്ളയുടെ ഭാര്യയാണ് പ്രധാന സാക്ഷിയെന്നും മൊഴി അവിശ്വസനീയമെന്നുമായിരുന്നു പ്രധാന വാദം. എന്നാൽ, നേരിട്ട് സാക്ഷിമൊഴിയുള്ള കേസാണിതെന്നും തെളിവുകൾ അവിശ്വസിക്കേണ്ടതില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.