തിരുവനന്തപുരം: മാരക ലഹരിവസ്തുക്കളുടെ വിപണനകേന്ദ്രമായി കേരളം മാറിയതായി കണക്കുകൾ. 2021ൽ 50 കോടിയോളം രൂപയുടെ ലഹരിവസ്തുക്കളാണ് എക്സൈസ് പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം ലഹരിമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3196 പേരാണ്. 2020നെ അപേക്ഷിച്ച് പത്തിരട്ടി എം.ഡി.എം.എയാണ് 2021ൽ എക്സൈസ് പിടികൂടിയത്.
പിടിച്ച ലഹരികളിൽ കഞ്ചാവ് തന്നെയാണ് മുന്നിൽ. വിവിധ ജില്ലകളിൽനിന്ന് പിടിച്ചത് 5632 കിലോ. ഏറ്റവും കൂടുതൽ കഞ്ചാവ് പിടിച്ചത് പാലക്കാട് നിന്നാണ്- 1954 കിലോ. 760 കഞ്ചാവ് ചെടികളും 16 കിലോ ഹഷീഷ് ഓയിലും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് നിന്ന് 1184 കിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 3992 കേസാണ്. ബ്രൗൺ ഷുഗർ, ഹോറോയിൻ. എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് ഉപയോഗവും വ്യാപകമാണ്. ഒരു കിലോയിലധികം നാർകോട്ടിക് ഗുളികകളും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു.
ആഘോഷകാലങ്ങളിലാണ് ഏറ്റവും കൂടുതൽ ലഹരി വേട്ട നടന്നത്. ക്രിസ്മസ്-പുതുവത്സരാഘോഷം മുന്നിൽകണ്ടുനടത്തിയ പരിശോധനയിൽ മാത്രം 10 കോടിയോളം രൂപയുടെ ലഹരിമരുന്ന് പിടിച്ചിരുന്നു.
ഡിസംബർ 25ന് എറണാകുളം ആലുവ റെയില്‍വേ സ്റ്റേഷനിൽ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപയുടെ എം.ഡി.എം.എ പിടികൂടി. സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയത്. ജ്യൂസ് പാക്കറ്റുകളിലും പാനി പൂരി പാക്കറ്റുകളിലുമായി കൊണ്ടുവന്ന മയക്കുമരുന്നിന് അര ഗ്രാമിന് 3000 രൂപ എന്ന നിലയിലാണ് വില്പന.
യുവാക്കൾ, പ്രത്യേകിച്ച് സ്കൂള്‍ കോളജ് വിദ്യാര്‍ഥികളാണ് ലഹരിമാഫിയയുടെ ഇരകൾ. ചലച്ചിത്രതാരങ്ങള്‍ മുതല്‍ ഡോക്ടര്‍മാർ വരെ കേസില്‍ പ്രതികളായിട്ടുമുണ്ട്. ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ മാത്രം 21 വയസ്സിനുതാഴെയുള്ള 163 പേരാണ് ലഹരിക്കടത്തില്‍ പിടിയിലായത്. 2020ല്‍ സ്തീകളുള്‍പ്പെടെ 3667 പേരാണ് പ്രതികളായതെങ്കില് 2021ല്‍ 3889 ആയി.
പെട്ടെന്ന് തലക്കുപിടിക്കുന്ന ലഹരികള്‍ക്ക് ഗ്രാമിന് മൂന്നുലക്ഷം വരെയാണ് വില. 2020 ല്‍ എക്സൈസ് പിടിച്ചത് 564.11 ഗ്രാം എം.ഡി.എം.എ ആണെങ്കില്‍ 2021ൽ അത് 6128.72 ഗ്രാമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.