തൃശൂർ: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ട കലാമണ്ഡലത്തെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി. 69 അധ്യാപകരടക്കം 125 താൽക്കാലിക ജീവനക്കാർക്കാണ് ഡിസംബർ ഒന്നു മുതൽ ജോലിക്ക് എത്തേണ്ടതില്ലെന്ന് കാണിച്ച് വൈസ് ചാൻസലർ നോട്ടീസ് നൽകിയത്.
കുട്ടികളുടെ അധ്യയനത്തിനടക്കം തടസ്സം നേരിടുന്നതാണ് സർവകലാശാലയുടെ നടപടി. എട്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പഠനത്തിന് പുറമെ ഗവേഷണവും ഇവിടെ നടക്കുന്നുണ്ട്. 12ാം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസത്തിന് പ്രധാനമായും ആശ്രയിക്കുന്നത് താൽക്കാലിക അധ്യാപകരെയാണ്. അധ്യയന വർഷത്തിന്റെ പകുതി പിന്നിട്ടശേഷമാണ് അധ്യാപകരെയടക്കം പിരിച്ചുവിടുന്നത്.
ഹോസ്റ്റലിൽ മുഴുവൻ ജീവനക്കാരും താൽക്കാലികക്കാരാണ്. തിമില, കൂടിയാട്ടം സ്ത്രീവേഷം എന്നിവയിലും എല്ലാവരും താൽക്കാലികക്കാരാണ്. 140ഓളം ക്ലാസുകളും കളരികളും കലാമണ്ഡലത്തിൽ നടക്കുന്നുണ്ട്. ഇവ മുടക്കംകൂടാതെ നടക്കണമെങ്കിൽ മതിയായ അധ്യാപകർ വേണം. സ്ഥിരനിയമനം നടക്കാത്ത സാഹചര്യത്തിലാണ് വിവിധ വകുപ്പുകളിൽ താൽക്കാലിക അധ്യാപകരെ നിയമിച്ചത്. സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം.
പദ്ധതീതര വിഭാഗത്തിൽ നൽകുന്ന സഹായത്തിൽ കുറവ് വന്നതാണ് കൂട്ടപ്പിരിച്ചുവിടലിന് കാരണമായി പറയുന്നത്. സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്വന്തം നിലയിൽ വരുമാനം കണ്ടെത്തി മുന്നോട്ടുപോകണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഈ ഗണത്തിൽ വരുന്ന മറ്റു കല-സാഹിത്യ-സാംസ്കാരിക സ്ഥാപനങ്ങളെപ്പോലെ കലാമണ്ഡലത്തെയും പരിഗണിക്കുന്നതിലെ വൈരുധ്യമാണ് കലാരംഗത്ത് പ്രവർത്തിക്കുന്നവരും സ്ഥാപനത്തിലെ പൂർവ വിദ്യാർഥികളുമടക്കം ചൂണ്ടിക്കാട്ടുന്നത്.
കലാമണ്ഡലത്തിലെ വിദ്യാഭ്യാസം ഏറക്കുറെ സൗജന്യമാണ്. ഈ സാഹചര്യത്തിൽ സ്വന്തമായി വരുമാനം കണ്ടെത്തണമെന്ന നിർദേശം പ്രായോഗികമാവില്ലെന്ന് കലാമണ്ഡലം മുൻ രജിസ്ട്രാർ ഗ്രാമപ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിദ്യാർഥികൾക്കു മേൽ സാമ്പത്തികഭാരം അടിച്ചേൽപിക്കുന്നതിനുമുമ്പ് പല തലത്തിലുള്ള ചർച്ചകളും നടപടികളും ഉണ്ടാകേണ്ടതുണ്ട്.
ഇതിനുള്ള നീക്കങ്ങളുണ്ടാകുന്നതിനു മുമ്പേ കുട്ടികളുടെ കലാപഠനം മുടങ്ങുന്ന തരത്തിലുള്ള നടപടി ഉണ്ടായതിൽ പല കോണുകളിൽനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സ്ഥിരം ജിവനക്കാരെ കണക്കാക്കിയാണ് നിലവിൽ സർക്കാർ സഹായം നൽകിയിട്ടുള്ളതെന്നാണ് വിവരം. അതേസമയം, പഠനപ്രതിസന്ധി ഉണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കാൻ സർക്കാറിൽ സമ്മർദമുണ്ടാകുമെന്ന പ്രതീക്ഷ ചില കേന്ദ്രങ്ങൾ വെച്ചുപുലർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.