കോട്ടയം: സംസ്ഥാന സാക്ഷരത മിഷനിൽ സാങ്കൽപിക തസ്തികയിൽ പ്രവർത്തിക്കുന്ന ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർ, ജില്ല പ്രോജക്ട് അസിസ്റ്റൻറ് കോഓഡിനേറ്റർമാർ എന്നിവരടക്കം 82 പേരെ സ്ഥിരപ്പെടുത്തിയേക്കും. റാങ്ക് ലിസ്റ്റുകൾ റദ്ദാക്കുന്നതടക്കം പുതിയ നിയമനങ്ങൾ മരവിപ്പിച്ചിരിക്കെ ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള ഇവരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ മാസങ്ങൾക്കുമുേമ്പ ആരംഭിച്ചിരുന്നു.
10 വർഷം പൂർത്തിയാക്കിയ മുഴുവൻപേരുടെയും ലിസ്റ്റ് അടുത്ത മന്ത്രിസഭാ യോഗത്തിെൻറ പരിഗണനക്ക് വരും. നിലവിൽ ഈ തസ്തികകൾ ഒന്നുംതന്നെ അംഗീകൃതമല്ല. മാറിമാറി വന്ന സർക്കാറുകൾ സാക്ഷരത മിഷനിൽ തിരുകിക്കയറ്റിയവരെയാണ് സ്ഥിരപ്പെടുത്താനൊരുങ്ങുന്നത്. 14 ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർ, 36 അസി. ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർ, ഓഫിസ് അസിസ്റ്റൻറുമാർ, ക്ലർക്കുമാർ (ഇരുവിഭാഗത്തിലുമായി 25 പേർ), അഞ്ച് പ്യൂൺ, രണ്ട് ഡ്രൈവർമാർ എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തുന്ന തസ്തികകൾ.
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷൻ വഴി നടപ്പാക്കുന്ന പദ്ധതികളുടെ ജില്ലതലത്തിലെ ഭരണപരവും സാമ്പത്തികവുമായ ചുമതലകൾ നിർവഹിക്കാൻ നിലവിൽ ജില്ല പഞ്ചായത്ത് സെക്രട്ടറിമാർ ജില്ല കോഓഡിനേറ്റർമാരായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ജില്ലകൾക്ക് പ്രത്യേകമായി പദ്ധതികൾ ഉണ്ടാക്കാൻ ഇവർക്ക് കഴിയില്ല.
ഈ സാഹചര്യത്തിലാണ് നിയമനം. ഇതാകട്ടെ സാങ്കൽപിക തസ്തികയും. സാക്ഷരത മിഷനിൽ നിലവിൽ പത്തും ഹയർ സെക്കൻഡറിയും പഠിപ്പിക്കുന്നത് ഔപചാരിക വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരാണ്. സാഹചര്യം ഇതായിരിക്കെ സീനിയർ ഹയർ സെക്കൻഡറി അധ്യാപകരുടെ കാറ്റഗറി രണ്ടിൽപെടുത്തി ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർക്ക് നിലവിൽ ധനവകുപ്പ് നൽകുന്ന വേതനം 42,305 രൂപയാണ്. അസി. ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർക്ക് 34,605 രൂപയും.
2016 സെപ്റ്റംബർവരെ അനർഹമായി വേതനം അനുവദിച്ചതിലൂടെ 8.45 കോടിയാണ് ഖജനാവിന് നഷ്ടം. ഉമാദേവി കേസിൽ സുപ്രീം കോടതി 2006ൽ പുറപ്പെടുവിച്ച വിധിപ്രകാരം ദിവസവേതനക്കാർ, താൽക്കാലിക ജീവനക്കാർ, ഡെപ്യൂട്ടേഷനിൽ എത്തിയവർ എന്നിവരെ സ്ഥിരപ്പെടുത്തരുതെന്ന് വ്യക്തമാക്കിയിരുന്നു. 2016ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലും ദിവസവേതന, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറിയും ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന കെ.എം. എബ്രഹാമാണ് നിയമവകുപ്പിെൻറ നിർദേശപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.