തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷന് ചെലവഴിക്കുന്ന തുകയെക്കാൾ കൂടുതൽ വിനിയോഗിക്കുന്നത് വായ്പകൾക്കുള്ള പലിശക്ക്. 28,609 കോടിയാണ് പെൻഷനായി പ്രതിവർഷം വേണ്ടതെങ്കിൽ 28,694 കോടിയാണ് പലിശക്ക് മാത്രം ചെലവഴിക്കുന്നത്. ബജറ്റിനൊപ്പം സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
3,82,412 കോടി രൂപയാണ് നിലവിൽ സംസ്ഥാനത്തിന്‍റെ പൊതുകടം. 2022-23 സാമ്പത്തിക വർഷം 25,176 കോടിയായിരുന്നു പലിശച്ചെലവ്. ഇത് നടപ്പു സാമ്പത്തിക വർഷം 26,843 കോടിയായും, വരും വർഷം 28,609 കോടിയായും ഉയരും. കടവും വരുമാനവും തമ്മിലുള്ള അനുപാതം 3.42 ശതമാനത്തിൽനിന്ന് 5.13 ശതമാനമായി വർധിച്ചെന്നതാണ് പ്രധാന വസ്തുത.
പഴയ കടം തിരിച്ചടക്കുന്നതിനായി എടുക്കുന്ന പുതിയ കടത്തിന്റെ തോത് 2016-17ൽ 5.77 ശതമാനമായിരുന്നത് 2019-20 ൽ 20.12 ശതമാനമായി വർധിച്ചെന്നതും ഞെട്ടിപ്പിക്കുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കടബാധ്യതയുടെയും ജി.എസ്.ഡി.പിയുടെയും അനുപാതം 31.3 ശതമാനമായിരുന്നു. ഇത് 2026-27 ആകുമ്പോഴേക്കും ജി. എസ്.ഡി.പിയുടെ 38.2 ശതമാനമായി വര്‍ധിക്കുമെന്ന് റിസർവ് ബാങ്ക് നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്തിന്‍റെ പ്രധാന ചെലവുകളിൽ മുന്നിൽ ശമ്പളമാണ്, 40,678 കോടി. 2018-19 വർഷം 31,510 കോടിയായിരുന്ന ശമ്പളച്ചെലവാണ് അഞ്ചുവർഷം കൊണ്ട് ഇത്രയും ഉയർന്നത്. ഇതിൽ തന്നെ ഏറ്റവും കൂടിയ പങ്ക് വിദ്യാഭ്യാസ-കായിക-സാംസ്കാരിക മേഖലകളിലാണ്-19,409 കോടി. ഇതിന്‍റെ മൂന്നിലൊന്നാണ് ആരോഗ്യമേഖലയിൽ ശമ്പളത്തിനായി ചെലവിടുന്നത്-5807 കോടി. പൊലീസ് വിഭാഗത്തിൽ 4286.72 കോടിയും ജുഡീഷ്യൽ മേഖലയിൽ 1112.11 കോടിയുമാണ് ശമ്പളച്ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.