തദ്ദേശ തെരഞ്ഞെടുപ്പ്​ രണ്ട്​ ഘട്ടമായി നടത്തും, വോട്ടര്‍പട്ടിക ആഗസ്​റ്റ്​ രണ്ടാംവാരം

തിരുവനന്തപുരം: കോവിഡ്​ പെരുമാറ്റച്ചട്ടത്തി​​െൻറ അടിസ്ഥാനത്തിൽ രണ്ട്​ ഘട്ടമായി തദ്ദേശതെരഞ്ഞെടുപ്പ്​ നടത്തുമെന്ന്​ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷണർ വി. ഭാസ്​കരൻ. ഒക്​ടോബർ അവസാനമോ നവംബർ ആദ്യമോ തെരഞ്ഞെടുപ്പ്​ നടത്താനാണ്​ ശ്രമമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ പുതിയ ക്രമീകരണം സംബന്ധിച്ച്‌ അന്തിമധാരണയായിട്ടില്ല.

ഏഴ് ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തും. വോട്ടിങ്​ ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ. നേര​േത്ത അഞ്ചുമണി വരെയായിരുന്നു. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്​റ്റല്‍ വോട്ടിനോ പ്രോക്സി വോട്ടിനോ അനുമതി നല്‍കും. കമീഷന്‍ ശിപാര്‍ശ ലഭിക്കുന്ന മുറക്ക്​ പഞ്ചായത്ത്- മുനിസിപ്പാലിറ്റി ആക്‌ട് ഭേദഗതി ചെയ്യും.

താൽക്കാലിക ക്രമീകരണമായതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് മതി. 65 വയസ്സ്​ കഴിഞ്ഞവര്‍ക്ക് പോസ്​റ്റല്‍/പ്രോക്സി വോട്ട് അനുവദിക്കാനായിരുന്നു തീരുമാനം. ഇപ്പോള്‍ 75 കഴിഞ്ഞവര്‍ക്ക് ഈ സൗകര്യം അനുവദിക്കാനാണ് സാധ്യത. 65 കഴിഞ്ഞവര്‍ക്ക് വോട്ടുചെയ്യാന്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണിത്. ആരോഗ്യവിദഗ്​ധരുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നും കമീഷൻ പറഞ്ഞു.

പുതുക്കിയ വോട്ടര്‍പട്ടിക ആഗസ്​റ്റ്​ രണ്ടാംവാരം പുറത്തിറക്കും. ജൂണിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയിലെ പരാതികള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ പരിഹരിക്കുകയാണ്​. പൊതുസമ്മേളനങ്ങള്‍ക്ക് പകരം മാധ്യമ, സമൂഹമാധ്യമ പ്രചാരണത്തിനാകും മുന്‍തൂക്കം. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്കും മാസ്‌ക്കും കൈയുറകളും നല്‍കും. ബൂത്തിൽ സാമൂഹിക അകലം പാലിക്കും. വോട്ട് ചെയ്യാന്‍ കയറുേമ്പാഴും ഇറങ്ങു​േമ്പാഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. സാമൂഹിക അകലം പാലിച്ച്‌ വരിനില്‍ക്കാനുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.