64.58 കോടി പട്ടികജാതി ഫണ്ട് നഷ്ടപ്പെടുത്തി കേരള എം.പിമാർ

തൃശൂർ: കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽനിന്നുള്ള എം.പിമാർ പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഫണ്ട് ഇനത്തിൽ നഷ്ടപ്പെടുത്തിയത് 64,58,60,900 രൂപ. കേരളത്തിൽനിന്നുള്ള 36 ലോക്സഭ, രാജ്യസഭ എം.പിമാരുടെ വികസനഫണ്ട് വിശദാംശങ്ങൾ സംബന്ധിച്ച് ഭീംമിഷൻ സംഘടന ജനറൽ കൺവീനർ അഡ്വ. സജി കെ. ചേരമന് രേഖാമൂലം ലഭിച്ച മറുപടിയിലാണ് പട്ടികജാതി വിഭാഗങ്ങൾക്കായി ചെലവഴിക്കേണ്ട തുക നഷ്ടപ്പെടുത്തിയ കണക്കുള്ളത്. മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് എം.പിമാർ ഒരു വിഭാഗത്തിന്റെ വികസനത്തിനായുള്ള തുക നഷ്ടപ്പെടുത്തിയ കണക്കുകൾ പുറത്തുവരുന്നത്.

ഒരു എം.പിക്ക് ഒരു വർഷം ചെലവഴിക്കാൻ ലഭിക്കുന്ന തുക അഞ്ചു കോടിയാണ്. ഇതിൽ 22 ശതമാനം പട്ടികജാതി വിഭാഗങ്ങൾക്ക് മാറ്റിവെച്ചതാണ്. എന്നാൽ, നാലുവർഷം അനുവദിച്ചുകിട്ടിയ 78.30 കോടിയിൽ ചെലവഴിച്ചത് 13.71 ലക്ഷം രൂപ (13,71,39,100 -17.51 ശതമാനം) മാത്രം. 84.49 ശതമാനം തുകയും നഷ്ടപ്പെടുത്തി. തുക നഷ്ടപ്പെടുത്തിയവരിൽ പട്ടികജാതി വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരും മുന്നിലുണ്ട്. ജനറൽ വിഭാഗത്തിലാവട്ടെ, ചെലവഴിക്കേണ്ട മുഴുവൻ തുകയേക്കാൾ കൂടുതൽ പദ്ധതികൾ വെച്ച് നടപ്പാക്കി. മൂന്നു മുന്നണികളും നടപ്പാക്കാതിരുന്നത് പട്ടികജാതി -വർഗ വിഭാഗങ്ങളുടെ ഫണ്ടാണ്.

ഇതോടൊപ്പം സംസ്ഥാനത്ത് എം.എൽ.എമാർക്ക് അഞ്ചുവർഷം ലഭിക്കുന്ന ഫണ്ടിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട 10 ശതമാനം തുക സർക്കാർ വകയിരുത്തിയിട്ടില്ലെന്നും അഡ്വ. സജി കെ. ചേരമൻ പറയുന്നു.

Tags:    
News Summary - Kerala MPs lost 64.58 crore SC fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.