സഹകരണ ബാങ്കുകളിലെ നോട്ട് പ്രതിസന്ധി: എം.പിമാര്‍ പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: ജില്ല സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അസാധു നോട്ട് മാറ്റത്തിനും നിക്ഷേപത്തിനുമുള്ള അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരളത്തില്‍നിന്നുള്ള എം.പിമാര്‍ പ്രധാനമന്ത്രിയെ കാണും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി കേരള ഹൗസില്‍ ബുധനാഴ്ച കേരളത്തില്‍നിന്നുള്ള എം.പിമാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കേരളത്തിലെ സഹകരണമേഖലയെ സ്തംഭിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പാര്‍ലമെന്‍റിലും പുറത്തും ഒറ്റക്കെട്ടായി നില്‍ക്കാന്‍ യോഗത്തില്‍ ധാരണയായി.

പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും കേരളത്തില്‍നിന്നുള്ള എം.പിമാര്‍ സഹകരണ ബാങ്കുകളിലെ നോട്ട് പ്രതിസന്ധി വിഷയം ഉന്നയിച്ച് പരിഹാരം തേടാനും തീരുമാനമായി. അതിനിടെ, നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ സഹകരണമേഖലയിലുണ്ടായ പ്രതിസന്ധികള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി സംസാരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉറപ്പുനല്‍കിയതായി എ.കെ. ആന്‍റണി എം.പി പറഞ്ഞു. പാര്‍ലമെന്‍റില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധനമന്ത്രി ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയത്.

സംസ്ഥാനത്തെ സഹകരണമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന്  യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തേ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ നേരിട്ട് കണ്ട് ശ്രദ്ധയില്‍പെടുത്തിതാണ്. എന്നാല്‍, നോട്ടുമാറ്റത്തിനും നിക്ഷേപം സ്വീകരിക്കുന്നതിനും ജില്ല സഹകരണ ബാങ്കുകള്‍ക്ക്  നല്‍കിയ അനുമതി പോലും പിന്‍വലിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടായത്. ഈ സാഹചര്യത്തില്‍ കേരളത്തിന്‍െറ സഹകരണമേഖലയെ രക്ഷിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായിനിന്ന് കേന്ദ്ര നിലപാട് തിരുത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അസാധുവാക്കിയ നോട്ട് മാറി നല്‍കുന്നതില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നതില്‍നിന്നും  സഹകരണ ബാങ്കുകളെ മാറ്റിനിര്‍ത്തുന്നതുമൂലം കേരളത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ധനമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് എ.കെ. ആന്‍റണി അറിയിച്ചു.

 

Tags:    
News Summary - kerala mps meets pm modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.