വയനാട് ദുരന്തത്തില്‍ പ്രഖ്യാപനമല്ല, കേരളത്തിന് വേണ്ടത് പ്രത്യേക സാമ്പത്തിക പാക്കേജ്- വി.ഡി. സതീശൻ

കൊച്ചി: വയനാട് ദുരന്തത്തില്‍ പ്രഖ്യാപനമല്ല, കേരളത്തിന് വേണ്ടത് പ്രത്യേക സാമ്പത്തിക പാക്കേജാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട്ടിലേത് അതിതീവ്ര ദുരന്തമാണെന്ന് കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്രയും മാസം എടുത്തെങ്കില്‍ പിന്നെ എന്ത് സംവിധാനമാണ് അവിടെയുള്ളത്.

പ്രധാനമന്ത്രിയും കേന്ദ്ര സംഘവും സ്ഥലം സന്ദര്‍ശിച്ചിട്ടും കേരളം നിവേദനം നല്‍കിയിട്ടും നാലരമാസം കഴിഞ്ഞപ്പോഴാണ് അതിതീവ്ര ദുരന്തമാണെന്നു പറയുന്നത്. അപ്പോള്‍ എന്ത് കാര്യക്ഷമതയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. സംസ്ഥാനത്തിന് വേണ്ടത് സാമ്പത്തിക സഹായമാണ്. അല്ലാതെ ഈ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ട് കാര്യമില്ല.

കേന്ദ്രം നേരത്തെ നല്‍കിയ എസ്.ഡി.ആര്‍.എഫ് ഫണ്ടിന് ഇതുമായി ഒരു ബന്ധവുമില്ല. അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നതാണ്. സ്‌പെഷല്‍ പാക്കേജാണ് അനുവദിക്കേണ്ടത്. അത് മറ്റു സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. അത് കേരളത്തിനും നല്‍കിയേ പറ്റൂ.

കേരളം മിനി പാകിസ്ഥാനാണെന്നും തീവ്രവാദികളാണെന്നുമുള്ള ബി.ജെ.പി നേതാവിന്റെ പ്രസ്ഥാവന സി.പി.എം പി.ബി അംഗം എ വിജയരാഘവന്‍ പറഞ്ഞത് ബി.ജെ.പി ഏറ്റുപിടിക്കുന്നു എന്നതിന്റെ തെളിവാണ്. സംഘ്പരിവാറിന്റെ അജണ്ടയാണ് കേരളത്തില്‍ സി.പി.എം പ്രചരിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ പി.ആര്‍ ഏജന്‍സി വഴി നല്‍കിയ വാര്‍ത്തയും മുഖ്യമന്ത്രി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും എ. വിജയരാഘവന്‍ പ്രസംഗവും സി.പി.എം നേതാക്കളുടെ പ്രതികരണവുമൊക്കെയാണ് ബി.ജെ.പി നേതാക്കളും നടത്തുന്നത്. കേരളം പാകിസ്ഥാനാണെന്നും തീവ്രവാദികളുടെ കേന്ദ്രമാണെന്നുമൊക്കെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാണ്.

വന്യജീവി ആക്രമണത്തില്‍ നിസംഗതയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. ഈ വിഷയം നിരവധി തവണ പ്രതിപക്ഷം ഉയര്‍ത്തിയതാണ്. ആയിരത്തോളം പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നിട്ടും മതിലോ കിടങ്ങോ സൗരോർജ വേലിയോ നിർമിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ല.

താന്‍ വനം മന്ത്രി ആയതു കൊണ്ടാണോ കാട്ടില്‍ നിന്നും പുലിയും ആനയും ഇറങ്ങുന്നതെന്നു ചോദിക്കുന്ന മന്ത്രിയാണ് ഭരിക്കുന്നത്. വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ചെറുപ്പക്കാരനാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയിലുള്ള ജനങ്ങളുടെ ഉപജീവനം പോലും ഇല്ലാതായിരിക്കുകയാണ്. ആ മനുഷ്യരുടെ ജീവിതം ദുരന്തപൂര്‍ണമായി മാറിയിട്ടും സര്‍ക്കാര്‍ നിസംഗരായി ഇരിക്കുകയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം യു.ഡി.എഫ് ഉടന്‍ തുടക്കം കുറിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - Kerala needs special economic package, not announcement on Wayanad tragedy- v.d. satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.