തിരുവനന്തപുരം: പേശീഘടന മനസിലാക്കി കായികതാരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കായിക ഇനം തെരഞ്ഞെടുക്കുന്നതിനായുള്ള പേശീഘടനാ പഠനത്തിനായുള്ള ചെലവു കുറഞ്ഞതും വേഗത്തിൽ ചെയ്യാവുന്നതുമായ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതിന് പാലക്കാട് എൻ.എസ്.എസ് എഞ്ചിനീയറിങ് കോളജിലെ ഗവേഷകർക്ക് പുതുവർഷത്തിൽ പേറ്റന്റ്.
കോളജിലെ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ എഞ്ചിനീയറിങ് വകുപ്പ് പ്രഫസർ ജി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിന് ഐ.ഐ.ടി മദ്രാസിലെ പ്രഫസർ എസ്. രാമകൃഷ്ണന്റെ പിന്തുണ നൽകി. ഇവർ രണ്ടുപേർക്കും പുറമെ ഗവേഷണ വിദ്യാർഥികളായ രമ്യ ആർ. നായർ, ദിവ്യ ശശിധരൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.
ശരീരത്തിൽ മുറിവുണ്ടാക്കി ശേഖരിക്കുന്ന പേശീഭാഗം ബയോപ്സിക്കയച്ച്, പേശീഘടന മനസിലാക്കുന്ന രീതിയാണ് നിലവിൽ അവലംബിക്കുന്ന മാർഗം. ചെലവേറിയതും അതേസമയം കാലതാമസമെടുക്കുന്നതുമാണ് ഈ രീതി. അതുകൊണ്ടുതന്നെ അത്തരം ശാസ്ത്രീയ രീതികൾ പൊതുവെ ആരും സ്വീകരിക്കാറില്ല.
ഇതിൽ നിന്നും വളരെ വ്യത്യസ്തമായി തൊലിപുറത്ത്നിന്ന് ലഭിക്കുന്ന ഇലക്ട്രിക്ക് സിഗ്നലുകളുടെ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ പേശീഘടന മനസിലാക്കാൻ സാധിക്കുന്നതാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്ന സാങ്കേതിക വിദ്യ. ചെലവ് കുറഞ്ഞ ഈ രീതിയിൽ അതിവേഗം ഫലമറിയാനും സാധിക്കും.
കായികമത്സരാർഥികളെ അന്തർദേശീയ മത്സരങ്ങൾക്ക് യോഗ്യരാക്കി മാറ്റാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. പേശീസംബന്ധമായ വൈദ്യപഠനങ്ങൾക്കും ചികിത്സകൾക്കും സഹായകരമാകുന്ന വിവരങ്ങൾ ലഭ്യമാക്കാനും ഈ നൂതന മാർഗത്തിനാവും.
"കായികതാരങ്ങളുടെ കരിയറിൻറെ തുടക്കത്തിൽ തന്നെ മസിൽ ഫൈബർ ടൈപ്പോളജി വിലയിരുത്തി കഴിവുകൾ തിരിച്ചറിയുന്നതിനും പരിശീലനരീതി വികസിപ്പിക്കുന്നതിനും ഈ സാങ്കേതികവിദ്യ കായിക പരിശീലകരെ സഹായിക്കും," പ്രഫ. വേണുഗോപാൽ പറഞ്ഞു.
സ്പോർട്സ് സയൻസ്, ഫിസിയോതെറാപ്പി, കായിക പരിശീലന രീതികൾ എന്നീ മേഖലകളിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഡി രോഗങ്ങളെത്തുടർന്നുണ്ടാകുന്ന മസിൽ ഫൈബർ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിന് ക്ലിനിക്കൽ ശാസ്ത്രങ്ങളിൽ ഈ സാങ്കേതികവിദ്യ സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.