തലയോട്ടി വെട്ടിപ്പൊളിച്ചും 47 തവണ വെട്ടിയും കൊന്നവർക്ക് വധശിക്ഷ തന്നെ വേണമായിരുന്നു -രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂർവങ്ങളിൽ അപൂർവം തന്നെയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പ്രതികൾ ജീവിതകാലം മുഴുവൻ ജയിലിൽ കിടന്ന് നരകിക്കുന്നത് നീതിയാണെങ്കിലും വധശിക്ഷ തന്നെ വേണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വധശിക്ഷയായിരുന്നു വിധിച്ചതെങ്കിൽ നാളെ ഒരു സി.പി.എമ്മുകാരനും കൊലക്കത്തിയെടുക്കാൻ പ്രോത്സാഹനമാകാതിരിക്കാൻ ആ ശിക്ഷയ്ക്ക് കഴിയുമായിരുന്നു. കൊലയാളികളും ഭരണാധികാരികളും തമ്മിൽ വേർതിരിവില്ലാത്ത കേസിൽ അത്തരമൊരു മാതൃകയ്ക്കായി പോരാട്ടം തുടരും -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കാസർകോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പ​ങ്കെടുത്ത സി.പി.എം പ്രവർത്തകരായ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും ഗൂഡാലോചനയിൽ പ​ങ്കെടുത്ത 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ​ശിക്ഷയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത്. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരടക്കം നാലു സി.പി.എം നേതാക്കൾക്ക് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.

കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് 2024 ഡിസംബർ 28ന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി. വിചാരണ നേരിട്ട 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. ഒന്നാം പ്രതിയും പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എ. പീതാംബരൻ, രണ്ടാം പ്രതി പീതാംബരന്‍റെ സഹായി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനിൽകുമാർ, അഞ്ചാം പ്രതി ജിജിൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിൻ, എട്ടാം പ്രതി സുബിൻ, 10ാം പ്രതി ടി. രഞ്ജിത്, 15ാം പ്രതി വിഷ്ണു സുര, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ കുറ്റക്കാരായി കണ്ടെത്തിയത്. കെ. മണികണ്ഠൻ 14ാം പ്രതിയും രാഘവൻ വെളുത്തോളി 21ാം പ്രതിയുമാണ്. കേസിലെ രണ്ടാംപ്രതിയെ സ്റ്റേഷനിൽനിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയ കുറ്റമാണ് 20ാം പ്രതിയായ മുൻ എം.എൽ.എ കുഞ്ഞിരാമനെതിരെ തെളിഞ്ഞത്.

ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾക്ക് വിചാരണ നേരിട്ട മുരളി, കുട്ടൻ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, ശാസ്ത മധു എന്ന എ. മധു, റജി വർഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാർ, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

Tags:    
News Summary - Rahul Mamkootathil about periya twin murder case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.