കോഴിക്കോട്: ആത്മാഭിമാനം ഉണ്ടെങ്കില്‍ പ്രതികളെ രക്ഷിക്കാൻ വേണ്ടി ചെലവാക്കിയ പണം സര്‍ക്കാര്‍ മടക്കി നല്‍കണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് 1.14 കോടി രൂപയോളം ചെലവാക്കിയാണ് സര്‍ക്കാര്‍ പ്രതികള്‍ക്ക് വേണ്ടി വാദിച്ചത്. പെരിയ ഇരട്ടക്കൊലക്കേസ് വിധിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമരാഷ്ട്രീയത്തിലൂടെ സി.പി.എം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നത് ക്രിമിനല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നായി. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സി.പി.എം എല്ലാമാര്‍ഗവും പ്രയോഗിച്ചു. അതെല്ലാം പരാജയപ്പെട്ടു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് മാത്രമല്ല സി.പി.എം കൊലക്കത്തിക്ക് അരിഞ്ഞുതള്ളിയ നൂറുകണക്കിന് രക്തസാക്ഷി കുടുംബങ്ങളിലെ അമ്മമാര്‍ക്ക് നീതി കിട്ടിയ ദിവസം കൂടിയാണ്.
കമ്യൂണിസം ഉപേക്ഷിച്ച് ക്രിമിനലിസത്തിലേക്ക് ചേക്കേറിയ സി.പി.എമ്മിന് കിട്ടിയ ശക്തമായ പ്രഹരമാണ് പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധി. പ്രതികള്‍ക്കാണ് സര്‍ക്കാരും സി.പി.എമ്മും സംരക്ഷണ കവചം ഒരുക്കിയത്. ഇരകരുടെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ നിന്നില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ് കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബം ആഗ്രഹിച്ചത്. ഭാവിപരിപാടികള്‍ അവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.