തിരുവനന്തപുരം: വിവാദമായ ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി കേന്ദ്ര സർക്കാർ സ്കൂൾ വിദ്യാഭ്യാസത്തിന് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കുന്നതിനിടെ കേരളത്തിൽ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് സ്വതന്ത്രമായി തയാറാക്കാൻ ശിപാർശ.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ -പരിശീലന കൗൺസിൽ (എസ്.സി.ഇ.ആർ.ടി) സമർപ്പിച്ച റിപ്പോർട്ടിലാണ് സ്വതന്ത്ര പാഠ്യപദ്ധതി ചട്ടക്കൂടിന് നിർദേശിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട എസ്.സി.ഇ.ആർ.ടി സമർപ്പിച്ച നിർദേശം സർക്കാർ പരിഗണനയിലാണ്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ സംസ്ഥാനങ്ങളിൽനിന്ന് കേന്ദ്രം അഭിപ്രായം തേടിയിട്ടുണ്ട്. 2023ൽ പ്രസിദ്ധീകരിക്കുമെന്ന് കരുതുന്ന ദേശീയ പാഠ്യപദ്ധതി തയാറാക്കാൻ 25 വിഷയമേഖലകൾ നിശ്ചയിച്ചാണ് കേന്ദ്രം അഭിപ്രായം തേടിയത്.
നയത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിെൻറ ഘടന മാറ്റുന്നതിലും പ്രാന്തവത്കൃത, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം സംബന്ധിച്ച് മൗനം പാലിക്കുന്നതും ഉൾപ്പെടെ വിഷയങ്ങളിൽ കേരളം വിയോജിപ്പ് അറിയിച്ചിരുന്നു. മതേതരത്വം, ജനാധിപത്യം, സമഭാവന, ലിംഗസമത്വം, ശാസ്ത്രീയ മനോഭാവം എന്നിവയിൽ ദേശീയ വിദ്യാഭ്യാസനയം മൗനം പാലിക്കുന്നത് ജാഗ്രതയോടെ കാണണമെന്നും എസ്.സി.ഇ.ആർ.ടി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് നൽകിയ തിരിച്ചറിവുകൾ സംസ്ഥാനത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. കുട്ടികളിൽ ആത്മവിശ്വാസം ജനിപ്പിക്കാനും പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തരാക്കാനും പാഠ്യപദ്ധതിക്കാകണം.
ശാസ്ത്ര സാക്ഷരതക്ക് ഉൗന്നൽ നൽകി വിഷയമേഖലകളെ പുനരാവിഷ്കരിക്കണമോ എന്ന് ചർച്ച ചെയ്യണം. മഹാമാരി, പ്രകൃതി ദുരന്തം, മനുഷ്യനിർമിത ദുരന്തം എന്നിവ കാര്യകാരണ സഹിതം വിശകലനം ചെയ്ത് ശരിയുടെ മനുഷ്യപക്ഷത്ത് നിൽക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഉറപ്പുവരുത്തണം.
വിവിധ വിഷയങ്ങൾ ഒന്നിച്ച് പഠിക്കാൻ കഴിയുന്ന അന്തർ വൈജ്ഞാനിക (ഇൻറർഡിസിപ്ലിനറി) പഠന സമീപനരീതി ലഭ്യമാക്കുന്നതിെൻറ പ്രായോഗികത പരിഗണിക്കണം. ചെറുപ്പത്തിൽതന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി പരിചിതരാകുന്നതുവഴി കുട്ടികളുടെ പഠനശേഷിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സംസ്ഥാന പാഠ്യപദ്ധതിയെ പ്രാപ്തമാക്കണമെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.