മാവൂർ: ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ പാഴൂരിൽ നിപ ബാധിച്ച് 12കാരൻ മരിച്ച സംഭവത്തിൽ വൈറസിെൻറ ഉറവിടം തേടി അന്വേഷണം ഊർജിതമാക്കി. മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. തിങ്കളാഴ്ച രാവിലെ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സാമ്പിളുകൾ ശേഖരിച്ചത്. മരിച്ച കുട്ടിയുടെ വീട്ടിൽ വളർത്തുന്ന രണ്ട് ആടുകളിൽനിന്ന് സ്രവങ്ങളും രക്തവും ശേഖരിച്ചു.
ആടിന് നേരേത്ത ചില രോഗലക്ഷണങ്ങൾ കണ്ടിരുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇവ ശേഖരിച്ചത്. തുടർന്ന്, കുട്ടിയുടെ പിതാവിെൻറ തറവാട്ടുവീട്ടുപറമ്പിലെ റമ്പുട്ടാൻ പഴങ്ങളും ശേഖരിച്ചു.വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും ഇവയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അതിനിടെ, മാവൂരിനടുത്ത ചെറൂപ്പയിൽനിന്ന് ചത്ത നിലയിൽ രണ്ടു വവ്വാലുകളെ കണ്ടെത്തി. ഇവയും പരിശോധനക്കയക്കും.
സാമ്പിളുകൾ കണ്ണൂർ, തിരുവനന്തപുരം, ഭോപാൽ ലാബുകളിലേക്ക് അയക്കും. വവ്വാലുകളെ പിടികൂടി സ്രവ സാമ്പ്ൾ ശേഖരിക്കാനുള്ള നടപടിയും എടുക്കുന്നുണ്ട്. പ്രദേശത്ത് കാട്ടുപന്നികൾ എത്തുന്നുണ്ട്. ഇവയെ പിടികൂടിയും സാമ്പിളുകൾ ശേഖരിക്കും. പരിശോധനഫലങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് പരിശോധനക്ക് നേതൃത്വം കൊടുത്ത ഡോ. കെ. ബേബി പറഞ്ഞു.
പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം വ്യാപകം
മാവൂർ: മരിച്ച മുഹമ്മദ് ഹാഷിമിെൻറ പിതാവിെൻറ തറവാട് വീടുള്ള ചക്കാലൻകുന്നിന് തൊട്ടടുത്ത പ്രദേശങ്ങളിൽ നൂറുകണക്കിന് വവ്വാലുകളാണുള്ളത്.
വവ്വാൽ കടിച്ച റമ്പുട്ടാൻ പഴമാണ് രോഗ ഉറവിടമെന്ന സംശയം നിലനിൽക്കെയാണ് ഇക്കാര്യം ശ്രദ്ധിക്കപ്പെടുന്നത്. വവ്വാലിെൻറ കാഷ്ഠം ശേഖരിച്ചിട്ടുണ്ട്. ഈ പറമ്പിെൻറ 200 മീറ്റർ ദൂരെയാണ് നൂറുകണക്കിന് വവ്വാലുകളുടെ സാന്നിധ്യമുള്ളത്. സമീപപ്രദേശങ്ങളിലെല്ലാം കൂട്ടമായെത്തി ഇവ കായ്കനികൾ ഭക്ഷിക്കുന്നുണ്ട്.
ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ നൽകാമെന്ന് പ്രതീക്ഷിക്കുന്ന മരുന്നായ മോണോക്ലോണൽ ആൻറിബോഡി രണ്ട് ദിവസത്തിനകമെത്തിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചതായി മന്ത്രി വീണ ജോർജ് വ്യക്തമാക്കി. റിബവൈറിനൊപ്പം റെംഡിസിവിറും ഉപേയാഗിക്കാൻ അനുമതിയുണ്ട്. നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിനെ ഗവ. മെഡിക്കൽ കോളജിൽനിന്ന് നിർബന്ധിച്ച് പറഞ്ഞയച്ചെന്ന പരാതി അന്വേഷിക്കും. നിലവിൽ രോഗപ്രതിരോധത്തിനാണ് മുൻഗണന. മെഡിക്കൽ ബോർഡ് രൂപവത്കരിച്ചതായും രോഗം പകരാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും വീണ ജോർജ് കൂട്ടിച്ചേർത്തു.
കോഴിക്കോടിെൻറ സമീപ ജില്ലകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര നിർദേശം
ന്യൂഡല്‍ഹി: നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോടിെൻറ സമീപ ജില്ലകളായ കണ്ണൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലും ജാഗ്രത വേണമെന്ന് കേന്ദ്ര നിർദേശം. കോഴിക്കോട് സന്ദര്‍ശിച്ച കേന്ദ്ര സംഘം നല്കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കേരളത്തിന് ആവശ്യമായ എല്ലാ സാങ്കേതിക സഹായവും നൽകും. കോഴിക്കോട് വി.ആര്.ഡി.എല്ലില്‍ ടെസ്റ്റിങ് സൗകര്യം ഐ.സി.എം.ആർ സജ്ജമാക്കുന്നുണ്ടെന്നും കത്തിൽ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഐസൊലേഷന്‍ മുറികളും ഐ.സി.യുകളും സജ്ജമാക്കണം.
ആവശ്യമായ ആംബുലന്‍സുകളും പരിശീലനം ലഭിച്ച ജീവനക്കാരും വേണം. ലക്ഷണങ്ങള്‍ സംബന്ധിച്ച് ജനങ്ങൾക്ക് ബോധവത്കരണം നടത്തണം. രോഗികളുമായി സമ്പര്‍ക്കമുണ്ടായവരുടെ പട്ടിക ജില്ല അധികൃതര്‍ തയാറാക്കണം. പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കണം. ജില്ലതലത്തില്‍ റൈബാവൈറിന്‍ മരുന്നുകളും പി.പി.ഇ കിറ്റുകളും ഒരുക്കണം. മൊണോക്ലോണല്‍ ആൻറിബോഡികള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യത ഐ.സി.എം.ആര് പരിശോധിക്കുന്നുണ്ട്. വിവരങ്ങള്‍ ശേഖരിക്കുന്നതിനും മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം വേണമെന്നും കത്തിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.