കക്കോടി (കോഴിക്കോട്): വോട്ടുചെയ്യൽ പരമരഹസ്യമാണെങ്കിലും വോട്ടുയന്ത്രം പണിമുടക്കിയാൽ ചിലപ്പോൾ അത് പരസ്യമായിപോകും. കക്കോടി പഞ്ചായത്ത് പതിനാറാം വാർഡിൽ മാതൃബന്ധു യു.പി സ്കൂൾ രണ്ടാം ബൂത്തിലെ വോട്ടറുടെ വോട്ടുരേഖപ്പെടുത്തൽ വലിയ തമാശയായിപോയി. പോളിങ് തുടങ്ങി മൂന്നാമതായി വോട്ടു ചെയ്ത് വോട്ടർ മടങ്ങിയെങ്കിലും വോട്ടു യന്ത്രം നിലച്ചു.
അടുത്ത വോട്ടർക്ക് വോട്ടു ചെയ്യാൻ കഴിയാതെ വോട്ടു യന്ത്രം നിശ്ചലമായി. പ്രിസൈഡിങ് ഓഫിസർ യന്ത്രത്തിനരികിലെത്തി. യന്ത്രം നിലച്ചവിവരം പോളിങ് ഏജൻറുമാരെ ധരിപ്പിച്ചു. എല്ലാവരും കൂട്ടം കൂടിയപ്പോൾ കണ്ടത് താമര ചിഹ്നത്തിൽ ലൈറ്റ് തെളിഞ്ഞുനിൽക്കുന്നതാണ്. വോട്ടു രേഖപ്പെടുത്തി മടങ്ങിയത് മുൻ സി.പി.ഐ അംഗവും എ.ഐ.ടി.യു.സി നേതാവുമായിരുന്നു എന്നതാണ് സി.പി.എം പ്രവർത്തകരായ ബൂത്ത് ഏജൻറുമാരെ അമ്പരപ്പിച്ചത്.
ഉടൻ ടെക്നീഷ്യനെ വിവരം അറിയിച്ചെങ്കിലും അരമണിക്കൂർ കഴിയും എത്താൻ എന്നറിഞ്ഞതോടെ പ്രിസൈഡിങ് ഓഫിസർ യന്ത്രം ഓഫ് ചെയ്ത് ബട്ടണിൽ അൽപനേരം കളിച്ചതോടെ പ്രവർത്തനക്ഷമമായി പോളിങ് തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.