അറുപത് മണ്‍വിളക്കുകള്‍ തെളിഞ്ഞു; കേരളപ്പിറവിയുടെ അറുപതാംവാര്‍ഷികത്തിന് ഉജ്ജ്വല തുടക്കം

തിരുവനന്തപുരം: കേരളത്തിന്‍െറ ആറ് പതിറ്റാണ്ട് പിന്നിടുന്ന സുവര്‍ണയാത്രകളുടെ പ്രതീകമായി 60 മണ്‍വിളക്കുകളില്‍ തിരിതെളിച്ചതോടെ കേരളപ്പിറവിയുടെ അറുപതാംവാര്‍ഷികത്തിന് പ്രൗഢോജ്ജ്വല തുടക്കം. നിയമസഭാങ്കണത്തിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍, പ്രമുഖരുടെയും അതിഥികളുടെയും നീണ്ടനിരയാല്‍ സമൃദ്ധമായ സദസ്സിനെ സാക്ഷിനിര്‍ത്തിയായിരുന്നു ചടങ്ങുകള്‍. ആറ് തട്ടുകളിലായി കുരുത്തോലയുടെ അലങ്കാരത്തില്‍ തീര്‍ത്ത വിളക്കുകളില്‍ മുകള്‍നിലയിലെ മൂന്നെണ്ണം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് തെളിച്ചു. ശേഷിക്കുന്നവ വിശിഷ്ടാതിഥികളായത്തെിയ 57 പേരും. കേരളീയ മാതൃകയിലൊരുക്കിയ വേദിയില്‍ മലയാളത്തിന്‍െറ തനത് സംഗീതവഴികളുടെയും കലാരൂപങ്ങളുടെയും അകമ്പടിയിലായിരുന്നു ചടങ്ങുകള്‍. 

കേരളം കേവലമായ ഭൂപ്രദേശം എന്നതിനപ്പുറം വൈവിധ്യങ്ങളുടെ അപൂര്‍വമായ സമന്വയമാണെന്ന് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സവിശേഷമായ സംസ്കാരവും മാതൃഭാഷയുമാണ് ഈ വൈവിധ്യങ്ങളെ കോര്‍ത്തിണക്കുന്നത്. ഈ വൈവിധ്യങ്ങള്‍ക്കിടയിലും സമരസപ്പെട്ട് മുന്നോട്ടുപോകുന്നതിലെ ഊഷ്മളതയാണ് കേരളപ്പിറവി ആഘോഷത്തെ വ്യത്യസ്തമാക്കുന്നത്.  വികസനനേട്ടങ്ങള്‍ക്കിടയിലും കൈമോശംവന്ന കാര്യങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമനിര്‍മാണപ്രക്രിയ കൂടുതല്‍ ജനാധിപത്യവത്കരിക്കണമെന്നും വീണ്ടും രാഷ്ട്രീയ നവോത്ഥാനം അനിവാര്യമായിരിക്കുന്നെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നര്‍മത്തില്‍ പൊതിഞ്ഞ മര്‍മങ്ങളുമായി ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയും സംസാരിച്ചു. വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. 

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, കക്ഷിനേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ഒ. രാജഗോപാല്‍, കവയിത്രി സുഗതകുമാരി, പി.ടി. ഉഷ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ ഒമ്പതരയോടെ ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷനിലെ അറുപതോളം കലാകാരന്മാരും സംഗീതഭാരതി ഗായകസംഗവും അവതരിപ്പിച്ച സംഗീതവിരുന്നോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.


ഗവർണറെ മറന്നതല്ല; ക്ഷണിക്കാത്തത് കൂട്ടായ തീരുമാനം -പിണറായി
തിരുവനന്തപുരം: ഐക്യകേരളത്തിന്‍റെ 60ാം വാർഷികം ആഘോഷിക്കുന്ന ഔദ്യോഗികചടങ്ങിൽ നിന്ന് ഗവർണറെ ക്ഷണിക്കാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറെ മറന്നിട്ടില്ല. ഇന്നത്തെ ദിവസം ഗവർണറെ ക്ഷണിക്കാത്തതു കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രോട്ടോകോള്‍ പാലിക്കേണ്ടതുണ്ടെന്നും അപ്പോള്‍ ഇത്രയേറെ പേരെ വേദിയിലിരുത്താന്‍ സാധിക്കില്ല. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് വജ്രജൂബിലി ആഘോഷങ്ങള്‍ എന്നതിനാല്‍ ഇനി വരാനുള്ള പരിപാടികള്‍ ഉറപ്പായും ഗവര്‍ണറുടെ സാന്നിധ്യമുണ്ടാക്കുമെന്നും പിണറായി പറഞ്ഞു.അതേസമയം, വാര്‍ഷികാഘോഷചടങ്ങുകളിലേക്ക് മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്‍റണി, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരെ ക്ഷണിക്കാത്തതും വിവാദമായിട്ടുണ്ട്. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിന് മുന്‍മന്ത്രിമാരും മതനേതാക്കളും അടക്കമുള്ളവര്‍ എത്തിയിരുന്നു.  കേരളത്തിന്റെ അറുപത് വര്‍ഷങ്ങളെ പ്രതീകാത്മകമായി അവതരിപ്പിച്ചു കൊണ്ട് കേരളത്തിന്‍റെ സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ നിന്നുള്ളവരും മതനേതാക്കളുമായ അറുപത് പേര്‍ ചേര്‍ന്ന് ദീപം തെളിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

 

 

 

Tags:    
News Summary - kerala piravi celebration pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.