കോട്ടയം: സ്വമേധയാ (സുവോമോട്ടോ) രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നട്ടംതിരിഞ്ഞ് പൊലീസുകാർ. സ്റ്റേഷനിൽ തന്നെ പിഴയീടാക്കി തീർപ്പാക്കാവുന്ന കേസുകളിൽ പോലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കേണ്ടി വരികയാണ്. ഇതിനായുള്ള മേലുദ്യോഗസ്ഥരുടെ സമ്മർദവും പൊലീസ് ഉദ്യോഗസ്ഥരിൽ കടുത്ത മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം തലസ്ഥാന നഗരിയിലെ സ്റ്റേഷനുകളിൽ മാത്രം അഞ്ഞൂറിലധികം കേസുകളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് പറയുന്നു. ഇതുണ്ടാക്കുന്ന പ്രശ്നങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സജീവ ചർച്ചയായിരിക്കുകയാണ്. പുതിയ മേധാവി ചുമതലയേറ്റ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തണമെന്നാണ് പൊലീസുകാരുടെ ആവശ്യം.
രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം വർധിപ്പിച്ച് കൂടുതൽ തസ്തികകൾ നേടിയെടുക്കാനായി ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന നീക്കമാണിതെന്നും ആരോപിക്കുന്നു. ‘കേരള പൊലീസ് ഇന്ന് നേരിടുന്ന എറ്റവും വലിയ പ്രശ്നം സുവോമോട്ടോ കേസുകൾക്ക് എഫ്.ഐ.ആർ ഇടുന്നതാണ്. പൈസ കോമ്പൗണ്ട് ചെയ്ത് കേസ് അവസാനിപ്പിക്കാൻ സാധിക്കുന്ന കാലത്ത്, എഫ്.ഐ.ആർ ഇടാൻ മേലുദ്യോഗസ്ഥർ നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. മറ്റൊരു സംസ്ഥാനത്തും എൻ.ഡി.പി.എസ്, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ സംഭവങ്ങളിലൊഴിച്ച് മറ്റ് സുവോമോട്ടോ കേസുകളിലൊന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാറില്ല. ഇക്കാര്യം പൊലീസ് അസോസിയേഷൻ ഡി.ജി.പിയുമായി ചർച്ച ചെയ്യേണ്ട അത്യാവശ്യകാര്യമാണ്’- എന്നാണ് പൊലീസുകാരുടെ ഗ്രൂപ്പിൽ പ്രചരിക്കുന്ന സന്ദേശം. മുമ്പ് പെറ്റിക്കേസുകൾ പിടികൂടാൻ േക്വാട്ട നിശ്ചയിച്ച് നൽകുക മാത്രമായിരുന്നു ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അത്തരം കേസുകളിലെല്ലാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദേശവുമുണ്ട്. മറിച്ചായാൽ മേലുദ്യോഗസ്ഥരിൽനിന്നും ‘പൂരപ്പാട്ട്’ കേൾക്കേണ്ടിവരും.
ഇതിനാൽ നിലനിൽപിനായി പകുതിയിലധികവും കള്ളക്കേസുകളാണ് രജിസ്റ്റർ ചെയ്യുന്നതെന്നും പറയുന്നു. സ്വമേധയ പൊലീസെടുക്കുന്ന കേസുകളിൽ ഒരാഴ്ചക്കകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കണം. ഒരു സ്റ്റേഷനിൽ കുറഞ്ഞത് ഏഴിലധികം കേസുകൾ നിത്യേന രജിസ്റ്റർ ചെയ്യണമെന്നാണ് അലിഖിത നിർദേശം. അങ്ങനെയെങ്കിൽ ആഴ്ചയിൽ അമ്പതോളം കേസുകൾ ഇത്തരത്തിൽ കോടതിയിൽ എത്തിക്കേണ്ട അമിതഭാരമാണ് പൊലീസുകാർക്കുള്ളത്. ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾക്ക് മുമ്പായി കേസുമായി ബന്ധപ്പെട്ട കടലാസുകളുടെ മൂന്ന് പകർപ്പുകൾ വീതം എടുക്കേണ്ടതുമുണ്ട്. ഇതിന്റെ ചെലവും തങ്ങളുടെ പോക്കറ്റിൽ നിന്നാണെന്ന് പൊലീസുകാർ പരാതിപ്പെടുന്നു. ഇത്തരം കേസുകൾ കൂടുന്നതിനനുസരിച്ച് സമൻസ്, വാറന്റ് എന്നിവ നടപ്പാക്കുന്നതും കൂടുന്നു.
കോടതികളുടെ വിലയേറിയ സമയവും നഷ്ടപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. സ്വമേധയ (സുവോമോട്ടോ) എടുക്കുന്ന കേസുകളും കൂടുന്നതിനാൽ എൽ.പി (ലോങ്പെൻഡിങ്) കേസുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുന്നതായി പൊലീസുകാർ പറയുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്ത കോട്ടയത്ത് 90ശതമാനവും സുവോമോട്ടോ കേസുകളാണെന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.