തിരുവനന്തപുരം: ചുമതലയേറ്റ് 48 മണിക്കൂറിനു ശേഷം സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് പൂർണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ശനിയാഴ്ചയാണ് സുപ്രീംേകാടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി. സെൻകുമാർ ചുമതലയേറ്റത്. സാധാരണനിലയിൽ ഡി.ജി.പിയായി ചുമതലയേൽക്കുന്ന വ്യക്തി അതുകഴിഞ്ഞാലുടൻ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സന്ദർശിക്കുന്നത് പതിവാണ്. എന്നാൽ, സർക്കാറും സെൻകുമാറും തമ്മിലുണ്ടായിരുന്ന തർക്കങ്ങളും കേസും കാരണം അത് അൽപം വൈകി.
തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്കായിരുന്നു സന്ദർശനത്തിനായി സെൻകുമാറിന് മുഖ്യമന്ത്രി സമയം നൽകിയത്. ശനിയാഴ്ച ഇതേ സമയത്തായിരുന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സെൻകുമാർ പൊലീസ് മേധാവിയായി ചുമതലയേറ്റത്. കൃത്യസമയത്തുതന്നെ സെൻകുമാർ സെക്രേട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. എന്നാൽ, മുഖ്യമന്ത്രി-ഡി.ജി.പി കൂടിക്കാഴ്ച കാമറയിൽ പകർത്തുന്നതുൾപ്പെടെ മുഖ്യമന്ത്രിയുടെ ഒാഫിസ് വിലക്ക് ഏർപ്പെടുത്തിയിരുന്നതിനാൽ മാധ്യമപ്രവർത്തകർക്ക് ഒാഫിസിനുള്ളിൽ പ്രവേശിക്കാനായില്ല.10 മിനിറ്റ് നേരത്തോളം മാത്രമായിരുന്നു കൂടിക്കാഴ്ച.
സർക്കാറിെൻറ നയമാണ് പൊലീസ് നടപ്പാക്കുകയെന്ന് കൂടിക്കാഴ്ചക്ക് ശേഷം സെൻകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എങ്ങനെ നന്നായി പ്രവർത്തിക്കാമെന്ന വിഷയമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും ചർച്ച ചെയ്തില്ലെന്നും ഡി.ജി.പി പറഞ്ഞു. ഡി.ജി.പിയായി മാസങ്ങൾ മാത്രമാണ് സെൻകുമാറിന് ശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.