തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകണമെന്ന് ഓർമിപ്പിച്ച് കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന് റോഡിലെ കുഴികൾ ചൂണ്ടിക്കാണിച്ച് പൊങ്കാല. ഹെൽമറ്റ് ധരിച്ച ബൈക്ക് യാത്രികനെ കെട്ടിപ്പിടിച്ച് പിന്നിൽ ഹെൽമറ്റില്ലാതെ ഇരിക്കുന്ന കുട്ടിയുടെ ഫോട്ടോ പങ്കുവെച്ചായിരുന്നു പൊലീസിന്റെ പോസ്റ്റ്. 'അച്ഛന്റെ തല നിറയെ ബുദ്ധിയെന്നാ വിചാരിച്ചേ.. എന്റെ തലക്ക് ഒരു വെലേം ഇല്ലേ?' എന്ന് കുട്ടി പറയുന്ന രീതിയിലാണ് ഇതിൽ ഉണ്ടായിരുന്നത്.
വാഹന യാത്രകളിൽ നാം നമുക്ക് നൽകുന്ന സുരക്ഷാ പ്രാധാന്യം നമ്മുടെ കുട്ടികൾക്കും ബാധകമാണ് എന്ന മുന്നറിയിപ്പോടെയായിരുന്നു പ്രസ്തുത ഫോട്ടോ ഷെയർ ചെയ്തത്. എന്നാൽ, പൊട്ടിപ്പൊളിഞ്ഞ റോഡിൽ ആരുടെ ജീവനും സുരക്ഷിതമല്ലെന്നും ആദ്യം റോഡ് നന്നാക്കിയിട്ട് മതി ഉപദേശം എന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ കമന്റുമായി രംഗത്തെത്തി. 'മാമന് ഉപദേശിക്കാനും പിരിവ് നടത്താനും മാത്രേ അറിയൂ. അല്ലാതെ മന്ത്രിമാരുടെ മുഖത്ത് നോക്കി കേസ് എടുക്കും എന്ന് പറയാൻ പറ്റില്ല. അതുകണ്ട് മ്യാമൻമാർ ഇവിടെ ഉപദേശിച്ചും പിരിവു എടുത്ത് ഗവൺമെന്റിന്റെ വയറു നിറച്ചും അങ്ങ് സൈഡ് വഴി പോക്കോളാം' എന്നാണ് ഒരാൾ കമന്റിട്ടത്.
'ഈ ഫോട്ടോ എടുത്തിരിക്കുന്ന സ്ഥലം തിരുവനന്തപുരം അല്ലേ ? ആ റോഡിലെ കുഴി താൽക്കാലികമായെങ്കിലും അടച്ചിരുനെങ്കിൽ മഴയത്ത് കുഴീൽ വീണ് വല്ലതും പറ്റുന്നതിൻ്റെ എണ്ണം കുറയ്ക്കാമായിരുന്നു. ഹെല്മെറ്റ് ഞങ്ങൾ ഇട്ടോളാം സാർ. പക്ഷേ ആ കുഴി ഒക്കെ ആരു നികത്തും ? പോലീസിനു ഉത്തരവാദിത്വം ഹെല്മെറ്റിനു മാത്രമേ ഉള്ളോ..?' എന്നും ഒരാൾ ചോദിച്ചു. റോഡ് പണി പൊലീസിന്റെ ഉത്തരവാദിത്വമല്ല എന്ന് ഇതിന് മറുപടി വന്നപ്പോൾ 'എന്നാൽ റോഡ് പണിയണ്ട, എ.കെ.ജി സെന്ററിന് ബോംബിട്ടവനെ പിടിച്ചോ?' എന്നായിരുന്നു മറുചോദ്യം.
'യാത്രക്ക് സുരക്ഷിതമായ റോഡ് വേണം എന്ന ഒരു fb പോസ്റ്റങ്കിലും ഈ കേരള പോലിസുകാരുടെ പേജിൽ ഈ കാലം വരെ ആരെങ്കിലും കണ്ടോ? ഇല്ല. സർക്കാറിനെ പേടിച്ച് നടക്കുന്ന ഈ മാതിരി പോലീസുകാരാണ് ഉള്ളത്. എൻ്റെ സ്ഥാനകയറ്റം നിലച്ചുപോകുമോ എന്ന് ഭയപ്പെടുന്ന പോലീസാണ് ഇടക്കിടെ ഹെൽമറ്റിൻ്റെ കാര്യം മാത്രം പറയുകയും പോസ്റ്റിടുകയും ചെയ്യുന്നത്. കഷ്ടം!
500 ഉം 1000വും ഫൈനടിക്കാൻ മാത്രമേ ഈ പോലീസുകാർക്ക് അറിയൂ എന്ന് ആരങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല. പിന്നെ ബാക്കിലുള്ള കുട്ടികൾക്ക് ഹെൽമറ്റില്ല എന്നും പറഞ്ഞ് 500 ഫൈനടിക്കുമ്പൊ പോലീസുകാർ മനസ്സിലാക്കുന്നില്ല, കുട്ടിക്ക് പാകമായ ഹെൽമറ്റ് കിട്ടാത്തത് കൊണ്ടാണെന്ന കാര്യം. അല്ലാതെ കുട്ടികളെ കൊല്ലാനല്ല രക്ഷിതാവ് കുട്ടിയെ ബാക്കിൽ ഇരുത്തുന്നത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാത്ത ചില പോലീസുകാരുണ്ട്. ഹെൽമറ്റ് ഇല്ലാതെ അപകട മരണം സംഭവിച്ചതിൻ്റെ 50 ഇരട്ടിയാണ് സുരക്ഷിതമായ റോഡ് ഇല്ലാത്തത് കാരണം അപകടം സംഭവിക്കുന്നത് എന്ന് നാം കാണാതെ പോകരുത്. പോലീസേ...!'
'പെറ്റി അടിച്ചു കാസുണ്ടാക്കുന്നതിൻ്റെ നാലിലൊന്ന് കൊണ്ട് റോഡ് നന്നാക്കാൻ പറയൂ...'
'നല്ല മെസ്സേജ്. ഈ വാഹനങ്ങൾ സഞ്ചരിക്കുന്നത് റോഡിലൂടെയാണ്. ആ റോഡിനെ കുറിച്ചും ഒരു വാർത്ത കൊടുക്കാൻ പോലീസ് തയ്യാറാകണം. ജനങ്ങൾ നികുതി അടച്ചിട്ടാണ് ഓടുന്നത്. വാഹനം ഓടിക്കുന്നവർക്ക് ഹെൽമറ്റ് പോലെ തന്നെ റോഡും ഒരു ഘടകമാണ് അപകടം വരാൻ...' ചിലർ ചൂണ്ടിക്കാട്ടി.
'സ്കൂൾ വിട്ടു സ്കൂട്ടർൻറെ പിന്നിൽ ഇരുന്ന് വരുന്ന കുട്ടി. പ്രൊജക്ട് ചെയ്ത് ഒരു ബാഗ്. ഹെൽമെറ്റ് ഇല്ല. ഒന്ന് ഉറക്കം വന്നാൽ വണ്ടി ഓടിക്കുന്ന ആൾ ഇത് അറിയാനേ സാദ്ധ്യത ഇല്ല.', 'ഒരു safety belt വാങ്ങി ഇടേണ്ട കാര്യമേയുള്ളു' എന്നിങ്ങനെയും പൊലീസിന്റെ പോസ്റ്റിന് പിന്തുണയുമായി കമന്റുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.