തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരം പൂർണമായി കേന്ദ്രം നൽകണമെന്ന് കേരളം ജി.എസ്.ടി കൗൺസിലിൽ അറിയിച്ചു. കോവിഡ് പ്രതിസന്ധിയുടെ പേരിൽ അത് കുറക്കാനോ സംസ്ഥാനത്തിെൻറ മുകളിൽ ബാധ്യത ചുമത്താനോ അനുവദിക്കില്ല. നഷ്ടപരിഹാര വിഷയത്തിൽ വ്യാഴാഴ്ച ചേർന്ന ജി.എസ്.ടി കൗൺസിലിൽ തീരുമാനമായില്ല. കേന്ദ്രം മുന്നോട്ടുെവച്ച നിർദേശങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് നിലപാടെടുക്കും.
മറ്റ് ധനമന്ത്രിമാരുമായി ചർച്ച ചെയ്ത് യോജിച്ച നിലപാടിന് ശ്രമിക്കുമെന്നും മന്ത്രി ഡോ. തോമസ് െഎസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെപ്പോലെ കാര്യങ്ങൾ നടക്കുമായിരുന്നെങ്കിൽ ഉണ്ടാകാവുന്ന നഷ്ടം, കോവിഡ് മൂലമുണ്ടായ നഷ്ടം എന്നിവ വേർതിരിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്ന നിർദേശത്തെ കേരളം എതിർത്തു. ചർച്ചകളുടെ അവസാനം രണ്ടു നിർദേശങ്ങൾ കേന്ദ്രം മുന്നോട്ടുെവച്ചു. 1. കോവിഡ് മൂലമുണ്ടായ വരുമാന നഷ്ടവും ജി.എസ്.ടി നടപ്പാക്കിയതുമൂലമുള്ള വരുമാന നഷ്ടവും രണ്ടായിക്കണ്ട് ഇതിൽ ജി.എസ്.ടി നടപ്പാക്കിയതുകൊണ്ടുള്ള വരുമാന നഷ്ടം നികത്താൻ കേന്ദ്രം കടമെടുക്കും.
കോവിഡ് മൂലമുണ്ടായ വരുമാന നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള പരിധി അര ശതമാനം ഉയർത്തി നൽകും. ഈ വർഷത്തെ നഷ്ടപരിഹാരം സെസ് വരുമാനം കിഴിച്ച് സംസ്ഥാനങ്ങൾക്ക് നൽകേണ്ടിവരുന്ന ബാക്കി തുക 2.30 ലക്ഷം കോടി രൂപയോളം വരും. ഇതിൽ പകുതിയോളം സംസ്ഥാനങ്ങൾ കടമെടുക്കേണ്ടിവരും. ഇത് നിയമപ്രകാരം സംസ്ഥാനങ്ങൾക്ക് അർഹമായ കോമ്പൻസേഷൻ തുകയെക്കാൾ കുറവായിരിക്കും.
2. 2020-21 സാമ്പത്തിക വർഷത്തെ കോമ്പൻസേഷനുള്ള തുക പൂർണമായി സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന് റിസർവ് ബാങ്കുമായി കേന്ദ്രം നേരിട്ട് ഇടപെട്ട് സഹായം നൽകും. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. രണ്ടു നിർദേശങ്ങളിലും തിരിച്ചടവ് സെസ് ഫണ്ടിൽനിന്നായിരിക്കും. ഇതിനായി സെസ് പിരിവ് കാലാവധി അഞ്ചിൽനിന്ന് രണ്ടോ മൂന്നോ വർഷം കൂടി ഉയർത്തും. ഇതു സംബന്ധിച്ച തീരുമാനങ്ങൾ സംസ്ഥാന സർക്കാറുകളെ കേന്ദ്രം അറിയിക്കും. ഈ കരട് നിർദേശങ്ങളിൽ സംസ്ഥാനങ്ങൾ ഒരാഴ്ചക്കകം അഭിപ്രായം അറിയിക്കണം. തുടർന്നാകും അന്തിമതീരുമാനം. ജി.എസ്.ടി നഷ്ടപരിഹാര തുകയെ കോവിഡ് മൂലമുള്ളത്, സാധാരണഗതിയിലുള്ളത് എന്നിങ്ങനെ വേർതിരിക്കുന്നത് നിയമപരമെല്ലന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: ജി.എസ്.ടി കൗൺസിൽ യോഗതീരുമാനങ്ങളിൽ തൃപ്തിയില്ലെന്നും കേന്ദ്രം ഭൂരിപക്ഷം ദുരുപയോഗിക്കുകയാണെന്നും കോൺഗ്രസ്. സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപിക്കുകയാണ്. എന്നാൽ, പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് മറ്റു മാർഗങ്ങളിലെന്ന് പഞ്ചാബ് ധനമന്ത്രി മൻപ്രീത് ബാദൽ പറഞ്ഞു.
പരസ്പരവിശ്വാസം വേണ്ടത്രയില്ലാതെ, സൗഹാർദപരമായ അന്തരീക്ഷത്തിലല്ല യോഗം നടന്നതെന്നും ബാദൽ പറഞ്ഞു. ജി.എസ്.ടി കുടിശ്ശിക നൽകാൻ കേന്ദ്രത്തിന് നിയമപരമായ ബാധ്യതയില്ലെന്ന അറ്റോണി ജനറലിെൻറ പരാമർശമാണ് കൗൺസിലിൽ വായിച്ചു കേൾപിച്ചത്.
അറ്റോണി ജനറലിെൻറ കാഴ്ചപ്പാട് സംസ്ഥാനങ്ങൾക്ക് രേഖാമൂലം വിതരണം ചെയ്യാത്തതും ബാദൽ ചോദ്യം ചെയ്തു. ധനപ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രം തയാറാകാത്തത് നിർഭാഗ്യകരമാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.