കൊല്ലം: കൊല്ലത്ത് നടക്കുന്ന 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിനം മത്സരങ്ങൾ പുരോഗമിക്കേ കണ്ണൂർ ജില്ല മുന്നിൽ. സ്വർണക്കപ്പിനായുള്ള മത്സരത്തിൽ 438 പോയിന്‍റ് നേടിയാണ് കണ്ണൂർ മുന്നിലുള്ളത്. 425 വീതം പോയിന്‍റ് നേടി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമുണ്ട്. ആതിഥേയരായ കൊല്ലം 424 പോയിന്‍റുമായി നാലാമതാണ്.
തൃശൂർ 412, എറണാകുളം 400, മലപ്പുറം 400, തിരുവനന്തപുരം 377, ആലപ്പുഴ 376, കാസർകോട് 375, കോട്ടയം 365, വയനാട് 357, പത്തനംതിട്ട 325, ഇടുക്കി 306 എന്നിങ്ങനെയാണ് രാവിലെ 11 മണിവരെയുള്ള പോയിന്‍റ് നില.
മൂന്നാംദിനമായ ശനിയാഴ്ച ആശ്രാമം മൈതാനത്തെ പ്രധാനവേദിയിൽ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പുടിയാണ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് ഹയർസെക്കൻഡറി വിഭാഗം തിരുവാതിരക്കളി നടക്കും. രണ്ടാംവേദിയായ സോപാനം ഓഡിറ്റോറിയത്തിൽ ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകമാണ് നടക്കുന്നത്. വൈകീട്ട് മൂന്നിന് ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട് നടക്കും.
24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ 'ഒ.എൻ.വി സ്മൃതി'യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.