കൊല്ലം: ചന്ദ്രഗിരിപ്പുഴ തീരങ്ങളില്‍ പിറവികൊണ്ട അനുഷ്ഠാനകലയായ പൂരക്കളിയില്‍ കാല്‍നൂറ്റാണ്ട് പിന്നിടുകയാണ് കോഴിക്കോട് വടകരയിലെ മേമുണ്ട ഹയര്‍ സെക്കൻഡറി സ്ക്കൂള്‍. ഇത്തവണയും ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പൂരക്കളി മത്സരങ്ങളിൽ മേമുണ്ട സ്കൂൾ എ ഗ്രേഡ് നേടി.
തുടർച്ചയായി 27ാം തവണയാണ് മേമുണ്ട സ്കൂൾ ഹൈസ്ക്കൂൾ വിഭാഗം പൂരക്കളി മത്സരത്തിന് എത്തുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തില്‍ തുടർച്ചയായി 21ാം തവണയും. കോവിഡ് മുടക്കിയ രണ്ട് വർഷം ഒഴികെ ബാക്കി എല്ലാവര്‍ഷവും എവിടെ കലോല്‍സവം ഉണ്ടോ അവിടെ മേമുണ്ടയിലെ ചുവടുകാരുമുണ്ട്. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിവേദും സംഘവുമാണ് മല്‍സരിച്ചത്.
പൂരക്കളിയില്‍ പാട്ടും ചുവടും എല്ലാം അഭ്യസിപ്പിക്കുന്നത് 27 വർഷമായി കാസർകോട് സ്വദേശി മാണിയാട്ട് നാരായണൻ ഗുരുക്കളാണ്. തനിമ നഷ്ടപ്പെടാതെ ഇന്നും പൂരക്കളിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നുണ്ട് അത്യുത്തര മലബാറിലെ ഒരു തലമുറ. അഞ്ച് വയസില്‍ പൂരക്കളി പഠിച്ചുതുടങ്ങുകയും കഴിഞ്ഞ 55 വര്‍ഷം കൊണ്ട് നിരവധി പേരിലേക്ക് ഈ കലാരൂപത്തെ എത്തിക്കാനും ഗുരുക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന ഒരു അനുഷ്ഠാന കലയാണ് പൂരക്കളി. 12 പേരടങ്ങുന്ന ഒരു ടീമാണ് പൂരക്കളിയില്‍ പങ്കെടുക്കുന്നത്. പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്ന് ഉരുതിരിഞ്ഞതാണ്. കലോല്‍സവം വേദികളില്‍ പകർന്നാടുക മാത്രമല്ല, കാവുകളിലും കഴകങ്ങളിലും ഇന്നും അനുഷ്ഠാനത്തിന്‍റെയും ആചാരത്തിന്‍റെയും ഭാഗമായി അവതരിപ്പിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.