കൊല്ലം: ഉറച്ച കാൽച്ചുവടുകൾ പതിക്കുന്ന വേദിയെക്കാൾ പ്രകമ്പനം കൊള്ളുന്നുണ്ടാകും റോയ് ആശാന്റെ ഇടനെഞ്ചിന്. ദർബാറിൽ ചക്രവർത്തിയും സ്തുതിയോഗറും അരങ്ങുതകർക്കുമ്പോൾ, തന്റെ വിരൽതുമ്പിൽ തൂങ്ങി വേദിയിലേക്ക് കയറിയിരുന്ന രാജകുമാരിയുടെ ഓർമകൾ ഗോതുരുത്ത് കോനത്തുവീട്ടിലെ റോയ് ജോർജുകുട്ടിയെന്ന ചവിട്ടുനാടക പരിശീലകന്റെ മനസ്സിൽ നൊമ്പരമായി പെയ്യുകയാണ്. കുസാറ്റിലെ ടെക്ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിൽപ്പെട്ട് മരിച്ച ആൻ റിഫ്തയെന്ന തന്റെ മകളുടെ ഓർമകൾ മനസ്സിൽ വിങ്ങുമ്പോഴും റോയ് കേരള സ്കൂൾ കലോത്സവ വേദിയിലേക്കുള്ള ശിഷ്യരെ അവസാന ചുവടും പഠിപ്പിച്ച് ഉറപ്പിക്കുകയാണ്.
വേദനകൾക്കിടയിൽ തന്നെ താങ്ങിനിർത്തുന്നത് ഈ കലയാണെന്ന് മാള സെന്റ് ആൻറണീസ് എച്ച്.എസ്.എസിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിനിടെ, റോയ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത്തവണ മോളും സംസ്ഥാന കലോത്സവത്തിന് തന്നോടൊപ്പം വരുമെന്ന് പറഞ്ഞിരുന്നതാണ്. വിധി മറ്റൊന്നാണ് തീരുമാനിച്ചത് -അദ്ദേഹം പറഞ്ഞു. നാല് ജില്ലകളിലെ കുട്ടികളുമായാണ് ഇത്തവണ കലോത്സവത്തിന് വരുന്നത്. അവരെ തട്ടിലെത്തിക്കാൻ സങ്കടങ്ങൾക്ക് അവധി നൽകി കേരളത്തിന്റെ അങ്ങോളമിങ്ങോളം ഓടിനടക്കുകയാണ് റോയ്. അടക്കിപ്പിടിച്ച നൊമ്പരത്തിലും ചുവടുകൾ പറഞ്ഞുനൽകിയും കുട്ടികളോടൊത്ത് വേദിയിൽ ഉയർന്നുചാടിയും പരിശീലനം നൽകുന്ന റോയ് അവർക്കുമുന്നിൽ പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ്.
കുറുമ്പത്തുരുത്ത് യുവകേരള കലാസമിതിയുടെ ആശാനായ റോയ് ജോർജുകുട്ടി, മകൾ ആൻ റിഫ്തയെയും ചെറുപ്പത്തിൽ തന്നെ വേദിയിലെത്തിച്ചിരുന്നു. പ്രശസ്ത ചവിട്ടുനാടക ആചാര്യൻ ജോർജുകുട്ടിയാശാന്റെ പേരക്കുട്ടിയാണ് ആൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.