തിരുവനന്തപുരം: സ്കൂളുകളിലെ ഒാൺലൈൻ പഠനം കാര്യക്ഷമമാക്കാൻ കുട്ടികൾക്കും അധ്യാപകർക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയത്തിന് വഴിയൊരുക്കണമെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (ൈകറ്റ്). സ്കൂൾ ഡിജിറ്റൽ/ ഒാൺലൈൻ പഠനത്തിന് നേതൃത്വം നൽകുന്ന സർക്കാർ ഏജൻസി എന്നനിലയിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്താണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ശിപാർശ നൽകിയത്.
ആദ്യഘട്ടത്തിൽ പത്ത്, 12 ക്ലാസുകളിലെ ഒാരോ കുട്ടിയെയും ക്ലാസ് ടീച്ചർ നിശ്ചിത ഇടവേളയിൽ സ്കൂളിൽ നേരിട്ട് കാണണം. വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ്ബെൽ ക്ലാസുകൾ കാണുന്നത് സംബന്ധിച്ചും പഠിപ്പിച്ച ഭാഗങ്ങളിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഭാഗം സംബന്ധിച്ചും അധ്യാപകർക്ക് ചോദിച്ചറിയാം. ആശയവിനിമയത്തിലൂടെ നിലവിലുള്ള രീതിയുടെ പോരായ്മകളും അധികമായി ഏർപ്പെടുത്തേണ്ട സൗകര്യങ്ങളും സംബന്ധിച്ച ക്രോഡീകരിച്ച റിപ്പോർട്ടും സർക്കാറിന് ശേഖരിക്കാം.
ഫസ്റ്റ്ബെല്ലിന് പുറമെ ഒാൺലൈൻ രീതിയിലും നേരിട്ടും അധിക പഠനസൗകര്യം ഒരുക്കാം. ഒാൺലൈൻ പഠനത്തിന് സുരക്ഷയും സ്വകാര്യതയും സംരക്ഷിച്ച് 'ജിസ്യൂട്ട് ഫോർ എജുക്കേഷൻ' പ്ലാറ്റ്ഫോം നൽകാൻ ഗൂഗിൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുവഴി ഒാരോ വിഷയം പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികളുമായി ഒാൺലൈനിൽ സംവദിക്കാം. ഇതിനാവശ്യമായ പരിശീലനം അധ്യാപകർക്ക് ഒാൺലൈനായും കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിക്ടേഴ്സ് ചാനലിലൂടെയും നൽകാം. ഒാൺലൈൻ ക്ലാസുകൾ പരമാവധി രണ്ട് മണിക്കൂറായി നിജപ്പെടുത്തണം. ഇൗ സമയത്ത് രക്ഷാകർത്താക്കളുടെ മൊബൈൽ ലഭ്യമല്ലാത്തവർക്ക് റെക്കോഡ് ചെയ്ത ക്ലാസുകൾ പിന്നീട് ജിസ്യൂട്ട് വഴി കാണാനുള്ള സൗകര്യം പ്രയോജനപ്പെടുത്താം.
ഒാൺലൈൻ സൗകര്യമില്ലാത്ത കുട്ടികളെ വിവിധ ബാച്ചുകളായി സ്കൂളിലെത്തിച്ച് സംശയനിവാരണത്തിന് അവസരമൊരുക്കാം. സ്കൂൾ ദൂരെയുള്ള കുട്ടികൾക്ക് തൊട്ടടുത്ത പ്രൈമറി സ്കൂൾ/ അംഗൻവാടി എന്നിവിടങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ സൗകര്യം ഏർപ്പെടുത്താമെന്നും ശിപാർശയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.