ന്യൂഡൽഹി: തീരസംരക്ഷണത്തിന് കേരള സർക്കാർ 2400 കോടി രൂപയുടെ കേന്ദ്ര സഹായം തേടി. സംസ്ഥാന മത്സ്യബന്ധന-കായിക മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര മത്സ്യബന്ധന-മൃഗസംരക്ഷണ മന്ത്രി പുരുഷോത്തം റുപാലയുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ആവശ്യമുന്നയിച്ചത്.
കാലവസ്ഥ വ്യതിയാനംമൂലം കേരളത്തിലെ 590 കിലോമീറ്ററോളം വരുന്ന തീരപ്രദേശത്ത് കടലാക്രമണ ഭീഷണി നേരിടുന്നതിന് നൂതന സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുന്നതിനും തീരദേശ ജില്ലകളിലെ ഹോട്ട് സ്പോട്ടുകളിൽ തീരസംരക്ഷണത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുമാണ് ധനസഹായം ആവശ്യപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഹോട്ട്സ്പോട്ടുകളായി അടയാളപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും പോഷകാഹാരത്തിനുമായി സംസ്ഥാനസർക്കാർ 50 ശതമാനം കേന്ദ്രപിന്തുണയോടെ നടപ്പാക്കുന്ന എസ്.സി.ആർ.എസ് പദ്ധതിയുടെ കേന്ദ്രവിഹിതം അനുവദിക്കുക, സബ്സിഡിയില്ലാത്ത മണ്ണെണ്ണവിഹിതം വർധിപ്പിക്കുക, സബ്സിഡിയില്ലാത്ത മണ്ണെണ്ണ വിതരണത്തിന് മത്സ്യഫെഡിനെ ചുമതലപ്പെടുത്തുക, മത്സ്യബന്ധന യാനങ്ങളിൽ പെട്രോൾ-ഡീസൽ ഉപയോഗം വർധിപ്പിക്കുന്നതിന് സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു.
ഓണത്തിന് സ്പെഷൽ ട്രെയിനും കൂടുതൽ കോച്ചും അനുവദിക്കണമെന്ന് മന്ത്രി അബ്ദുറഹ്മാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. അന്തർസംസ്ഥാനത്തുള്ള മലയാളികൾക്ക് ഓണത്തിന് കേരളത്തിലേക്ക് എത്തുന്നതിന് ഡൽഹി, മുംബൈ, അഹ്മദാബാദ്, കൊൽക്കത്ത, ഗോവ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് സ്പെഷൽ ട്രെയിൻ വേണമെന്നാണ് ആവശ്യം. കോവിഡിനുമുമ്പ് നിലനിന്നിരുന്ന മുതിർന്ന പൗരന്മാരുടെ യാത്ര ഇളവ്, അങ്കമാലി-ശബരി പാത, നേമം കോച്ചിങ് ടെർമിനൽ, വയനാട്-നീലഗിരി-മലപ്പുറം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിലമ്പൂർ-നഞ്ചൻകോട് പാത, തലശ്ശേരി-മൈസൂർ റെയിൽവേ പാത, തിരുവനന്തപുരം-കന്യാകുമാരി, കായംകുളം-ആലപ്പുഴ-എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ, മാവേലി എക്സ്പ്രസിനുണ്ടായിരുന്ന തിരൂർ സ്റ്റോപ്പ് പുനഃസ്ഥാപിക്കൽ, രാജധാനി എക്സ്പ്രസിന് തിരൂരിൽ ഹാൾട്ടിങ് സ്റ്റേഷൻ, താനൂർ-തെയ്യാല റെയിൽവേ ഗേറ്റ് തുറന്നുകൊടുക്കൽ, ഗുരുവായൂർ യാർഡിലെ സബ് വേ, പൈങ്കുളം, ലക്കിടി, മുള്ളൂർക്കര, റെയിൽവേ ഓവർബ്രിഡ്ജ് നിർമാണങ്ങൾ എന്നീ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.