തിരുവനന്തപുരം: സർക്കാർ പെന്‍ഷന്‍കാര്‍ ഗുരുതര പെരുമാറ്റദൂഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പെന്ഷന് തടഞ്ഞുവെക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതടക്കം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സര്‍വിസ് ചട്ടം ദേദഗതി ചെയ്തു.
കെ.എസ്.ആര് മൂന്നാം ഭാഗത്തില്‍ 2,3,59 ചട്ടങ്ങളാണ് ധന വകുപ്പ് കഴിഞ്ഞമാസം പുറപ്പെടുവിച്ച ഉത്തരവിലൂടെ ഭേദഗതി ചെയ്തത്. സര്‍വിസ് കാലത്ത് വരുത്തിയ സാമ്പത്തികനഷ്ടം കാരണക്കാരായവരുടെ പെന്‍ഷനില്‍നിന്ന് ഈടാക്കുന്നതിനുള്ള വ്യവസ്ഥകളും ഉത്തരവിലൂടെ ക്രമപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയില്‍ നിന്നാണ് ഇത്തരം സാമ്പത്തികനഷ്ടം സര്‍ക്കാര്‍ ഈടാക്കിയിരുന്നത്. പെന്‍ഷനില്‍നിന്ന് നഷ്ടം ഈടാക്കാന്‍ ശ്രമിച്ച ഘട്ടങ്ങളില്‍ കുറ്റാരോപിതര്‍ കോടതിയെ സമീപിച്ച് ഇത് തടഞ്ഞിരുന്നു. അതിനാണ് ഇപ്പോൾ മാറ്റം കൊണ്ടുവന്നത്. ഭാവിയിലുള്ള നല്ല പെരുമാറ്റം ഉറപ്പാക്കണമെന്ന വ്യവസ്ഥക്ക് വിധേയമായാണ് പെന്ഷന് നല്‍കുന്നതെന്നും പെന്ഷന്കാര്ക്കെതിരേ ഗുരുതര പെരുമാറ്റദൂഷ്യം സ്ഥാപിക്കപ്പെടുമ്പോള്‍ സര്‍ക്കാറിന് പെന്‍ഷനോ അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗമോ തടഞ്ഞുവെക്കുകയോ പിന്‍വലിക്കുകയോ ചെയ്യാവുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പെന്‍ഷനായ ശേഷമുള്ള പെരുമാറ്റമാണ് കണക്കിലെടുക്കുന്നത്. സര്‍വിസിലിരിക്കുമ്പോൾ നടന്ന സംഭവത്തിന്മേൽ ഈ ചട്ടം ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പെന്ഷൻ വാങ്ങുന്ന ആൾക്കെതിരെ ശിക്ഷ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും ഉത്തരവില്‍ പ്രതിപാദിക്കുന്നുണ്ട്. കോടതി ശിക്ഷിക്കുകയോ ഗുരുതര കുറ്റകൃത്യത്തിന് 30 ദിവസത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയോ ചെയ്താൽ ആ വിവരം ജയില്‍ സൂപ്രണ്ട്/സ്റ്റേഷന് ഹൗസ് ഓഫിസര്‍/ജില്ല തല നിയമ ഓഫിസര്‍ എന്നിവര്‍ ട്രഷറി ഡയറക്ടറെ അറിയിക്കണം. വിധി ന്യായത്തിന്റെ പകര്‍പ്പ്, പെന്‍ഷനറുടെ വിശദവിവരം കേസിന്റെ മറ്റ് വിവരങ്ങള്‍ എന്നിവ സഹിതം വിശദമായ റിപ്പോര്‍ട്ട് ട്രഷറി ഡയറക്ടര്‍ ധനകാര്യ വകുപ്പിനെ അറിയിക്കണം. ധന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി പെൻഷൻ വാങ്ങുന്ന വ്യക്തിയുടെ വിശദീകരണം പരിഗണിച്ചശേഷം പബ്ലിക് സര്‍വിസ് കമീഷനുമായി കൂടിയാലോചിച്ച് ശിക്ഷ കാലയളവിലും പെന്ഷന് നല്കുന്ന വിഷയത്തിലും ഉത്തരവ് പുറപ്പെടുവിക്കണം.
ഒരു ജീവനക്കാരനെതിരെ സർവിസിലിരിക്കുമ്പോള്‍ ആരംഭിച്ച വകുപ്പുതല നടപടികള്‍ വിരമിക്കുന്ന ഘട്ടത്തിലും തീര്‍പ്പാക്കിയിട്ടില്ലെങ്കില്‍, വിരമിച്ച ശേഷവും തുടർനടപടികൾ സ്വീകരിക്കാനാകും. സര്‍വിസിലിരിക്കുമ്പോള്‍ അച്ചടക്കനടപടി ആരംഭിച്ച അതേ അധികാരസ്ഥാനത്തിന് തന്നെ നടപടി തുടരാനാകും.
എന്നാല്‍ പെന്‍ഷനില്‍നിന്ന് തുക കുറവ് ചെയ്യുന്നതിനുള്ള അധികാരം സര്‍ക്കാറിനായിരിക്കും. ശിക്ഷയുടെ ഭാഗമായി പെന്ഷന് ഭാഗികമായോ പൂര്‍ണമായോ താൽക്കാലികമായോ സ്ഥിരമായോ പിന്‍വലിക്കാം. ജീവനക്കാരന് വിരമിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കണം. ഒന്നിലധികം വകുപ്പുതല നടപടികള്‍ നേരിടുന്ന ജീവനക്കാരന് വിരമിച്ചശേഷം എല്ലാനടപടികളും ഒരുമിച്ച് പരിഗണിച്ച് തീര്‍പ്പാക്കണം.
വിരമിച്ച ശേഷമാണ് ഉദ്യോഗസ്ഥനെതിരെ സർവിസ് കാലത്ത് വരുത്തിയ കുറ്റകൃത്യം കണ്ടെത്തുന്നതെങ്കിൽ സംഭവം നടന്ന് നാല് വര്‍ഷത്തിനുള്ളില്‍ നടപടി തുടങ്ങണം. നാലുവര്‍ഷം കഴിയുന്ന കേസുകളില്‍ നീതിന്യായ നടപടി ആരംഭിക്കാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടണം.
അനധികൃത ഹാജരില്ലായ്മയില്‍ തുടരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സര്‍വിസില്‍നിന്ന് നീക്കം ചെയ്യണം. യഥാസമയം അച്ചടക്കനടപടിക്ക് വിധേയമാകാതെ പെന്ഷന് ആനുകൂല്യം നല്‍കേണ്ടി വരുന്നുണ്ടെങ്കില്‍ സര്‍ക്കാറിനുണ്ടാകുന്ന ബാധ്യത ഉത്തരവാദികളായ മേലുദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.