കേരള ഗാന വിവാദം: ശ്രീകുമാരൻ തമ്പിയെ നേരിട്ട് കാണുമെന്ന് മന്ത്രി, പാട്ടി​െൻറ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിവെച്ച വിമർശനത്തി​െൻറ തിര അടങ്ങുന്നില്ല. ചുള്ളിക്കാടിനു പിന്നാലെ ശ്രീകുമാരൻ തമ്പിയും രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിന് എല്ലാ കാലത്തേക്കുമായി ​ഉപ​യോഗിക്കാൻ അക്കാദമി ആവശ്യപ്പെട്ട് നൽകിയ കേരള ഗാനത്തെ കുറിച്ച് കൃത്യമായി മറുപടി നൽകിയില്ലെന്ന് ശ്രീകുമാരൻ തമ്പി ആരോപിച്ചു. ഈ വിഷയത്തിൽ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാര്യങ്ങൾ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. മറ്റ് കലാകാരന്മാര്‍ക്ക് ലഭിക്കുന്ന സഹായവും ബഹുമാനവും സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്നില്ല. അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പറഞ്ഞു. പാട്ടി​െൻറ നിലവാരം തീരുമാനിക്കാൻ താനാളല്ല, അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പാട്ടി​െൻറ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. മൂന്നുതവണ കമ്മിറ്റി ചേർന്നിരുന്നുവെന്നും ശ്രീകുമാരൻ തമ്പിയെ ആദരവോടെ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും അബൂബക്കര്‍ പറഞ്ഞു.

കേരള സാഹിത്യഅക്കാദമിക്കെതിരെ ശ്രീകുമാരൻ തമ്പി ഫേസ് ബുക്കിലെഴുതിയ കുറിപ്പ് പൂർണ രൂപത്തിൽ

കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കു മുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്നു അക്കാദമി സെക്രട്ടറിയായ ശ്രീ.അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാൻ ആ ക്ഷണം നിരസിച്ചു. കേരളസാഹിത്യ അക്കാദമി ഇന്നേവരെ എന്റെ ഒരു പുസ്തകത്തിനും അവാർഡ് നൽകിയിട്ടില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമോ ഫെലോഷിപ്പോ നൽകിയിട്ടില്ല. ഞാൻ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടു തന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല.അതുകൊണ്ടാണ്ഈ പാട്ടെഴുത്തിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചത്.. ( എന്തിന് ? ഇപ്പോൾ നടന്ന പുസ്തകോത്സവത്തിനു പോലും എന്നെ ക്ഷണിച്ചിട്ടില്ല )

ശ്രീ.അബൂബക്കറും ശ്രീ..സച്ചിദാനന്ദനും വീണ്ടും നിർബന്ധിച്ചപ്പോൾ സാമാന്യമര്യാദയുടെ പേരിൽ ഞാൻ സമ്മതിച്ചു. അബൂബേക്കർ എന്നോട് ചോദിച്ചു.--"താങ്കളല്ലാതെ മറ്റാര് ? " എന്ന് .

"ചെറിയ ക്ലാസിലെ കുട്ടിക്കു പോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്" എന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാൻ ലളിതമാക്കി. ഒരാഴ്ചക്കുള്ളിൽ ഞാൻ പാട്ട് എഴുതി അയച്ചു. "എനിക്ക് തൃപ്തിയായില്ല "

എന്ന് അബൂബേക്കറിൽ നിന്ന് മെസ്സേജ് വന്നു. ഞാൻ "എങ്കിൽ എന്നെ ഒഴിവാക്കണം " എന്ന് പറഞ്ഞു. വീണ്ടും സച്ചിദാനന്ദൻ എനിക്ക് മെസ്സേജ് അയച്ചു. "താങ്കൾക്ക് എഴുതാൻ കഴിയും "എന്നു പറഞ്ഞു . ആദ്യ വരികൾ (പല്ലവി ) മാത്രം മാറ്റിയാൽ മതി. പാട്ടിന്റെ രണ്ടാം ഭാഗം മനോഹരമാണ് " എന്ന് അബൂബേക്കർ പറഞ്ഞു. ഞാൻ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനു ശേഷം സച്ചിദാനന്ദനിൽ നിന്ന് "നന്ദി " എന്ന ഒറ്റവാക്ക് മെസ്സേജ് ആയി വന്നു. എന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന്‌ ഇപ്പോഴും അറിയില്ല. അക്കാദമിയിൽ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ " സാഹിത്യ അക്കാദമി കവികളിൽ നിന്നും കേരളഗാനം ക്ഷണിക്കുന്നു " എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളിൽ വന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. എന്റെ പാട്ട് അവർ നിരാകരിച്ചു എന്നാണല്ലോ ഇതിനർത്ഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി.അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ആസ്വാദകരുമാണ് .

ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്റെ ചിലവിൽ റിക്കോർഡ് ചെയ്ത് ഞാൻ ലോകത്തുള്ള എല്ലാ മലയാളികൾക്കും വേണ്ടി യൂട്യൂബിൽ അധികം വൈകാതെ അപ്‌ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകർപ്പവകാശം വേണ്ട. വിദ്യാലയങ്ങൾക്കും സാംസ്കാരിക സംഘടനകൾക്കും കുട്ടികൾക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാളഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴയുന്നത് ഇത് മാത്രമാണ്.

Tags:    
News Summary - Kerala song controversy: Minister says he will meet Sreekumaran Thampi directly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT