സ്പീക്കർ ഷംസീർ ദൈവങ്ങളെ അപമാനി​ച്ചോ? പ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം

ആലുവ: കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ കൊലവിളിയുമായി സംഘ്പരിവാർ സംഘടനകളും സ്ഥാനഭ്രഷ്ടനാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് അടക്കമുള്ള സംഘടനകളും രംഗത്തുവന്നിരിക്കുകയാണ്. ‘ഗണപതി അടക്കമുള്ള ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചു​’ എന്നതാണ് ഇവർ അദ്ദേഹത്തിനെതിരെ ആരോപിക്കുന്ന കുറ്റം. ഗണപതിയും പുഷ്പക വിമാനവും മിത്താണെന്നു പറഞ്ഞുവെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും സംഘ്പരിവാർ ആരോപിക്കുന്നു. ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലുൾപ്പെടെ കേരളത്തിലുടനീളം ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോർച്ചയും വി.എച്ച്.പിയും കടുത്ത വർഗീയമുദ്രാവാക്യങ്ങൾ മുഴക്കിയും ഭീഷണി പ്രസംഗം നടത്തിയും രംഗംകൊഴുപ്പിച്ചു. ഏറ്റവുമൊടുവിൽ ഷംസീറിനെ സ്പീക്കർ സ്ഥാനത്തുനിന്നു നീക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ പ്രസ്തുത പ്രസംഗം നടത്തിയത്. മിത്തുകൾക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു അദ്ദേഹം ആഹ്വാനം ചെയ്തത്.

Full View

പ്രസംഗത്തിന്റെ ഉള്ളടക്കം:

‘‘നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടു പിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്.

ശാസ്ത്ര സാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്നു മാത്രമല്ല, ശാസ്ത്രത്തിനു പകരം മിത്തുകളെ വയ്ക്കുന്നു. പാഠപുസ്തകങ്ങൾക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും.

ചിലർ കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകില്ല. ഐ.​​വി​​.എ​​ഫ്‌ ട്രീ​​റ്റ്‌​​മെ​​ന്റി​​ന്‌ പോ​​കാ​​റു​​ണ്ട്‌. വന്ധ്യതാ ചികിത്സയുടെ പ്രത്യേകത ചിലപ്പോൾ ഇരട്ടകളുണ്ടാകും, ചിലപ്പോൾ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. അപ്പോൾ ചിലർ പറയുന്നു, അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇൻഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാൻ ശ്രമിക്കുന്നു.

വൈദ്യശാസ്ത്രം തന്നെ കൂടുതൽ കൂടുതൽ മൈക്രോ ആയി. സർജറി പ്ലാസ്റ്റിക് സർജറി ആയി. പ്ലാസ്റ്റിക് സർജറി എന്നു പറയുന്നത്, ചിലപ്പോൾ പരിക്കുപറ്റി കൊണ്ടുവരുമ്പോൾ ചില പെൺകുട്ടികളുടെ മുഖത്ത് കല വന്നാൽ ഡോക്ടർമാർ ചോദിക്കും, അല്ലാ.. നോർമൽ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സർജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാൽ അവിടെത്തന്നെ നിൽക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സർജറി നടത്തണോയെന്നു സ്വാഭാവികമായും ചോദിക്കും. പ്ലാസ്റ്റിക് സർജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാൽ, പ്ലാസ്റ്റിക് സർജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്.

ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം.’

ഇതാണ് സ്പീക്കർ എ.എൻ ഷംസീർ പ്രസംഗിച്ചത്. ഈ ​ഭാ​ഗ​മാ​ണ് സം​ഘ്പ​രി​വാ​റി​നെ ചൊ​ടി​പ്പി​ച്ച​ത്. ‘സ്പീ​ക്ക​ർ ഞ​ങ്ങ​ളു​ടെ മ​ത​ത്തെ​യും ദൈ​വ​ങ്ങ​ളെ​യും പ​രി​ഹ​സി​ച്ചു​വെ’​ന്നാ​ണ് ആരോപണം. ഇതിന്റെ ഭാഗമായി ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫിസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിൽ യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ‘മുൻപ് സ്പീക്കർമാരായിരുന്ന പൊന്നാനിയിൽ നിന്നുള്ള പി.ശ്രീരാമകൃഷ്ണനും എം.ബി.രാജേഷിനും ഇല്ലാത്ത എന്തു പ്രത്യേകതയാണ് പിന്നാലെ വന്ന ഷംസീറിനുള്ളത്? സുന്നത്ത് കഴിച്ചു എന്ന പ്രത്യേകതയാണ് ഉള്ളതെങ്കിൽ, ഷംസീറിനോട് ഞങ്ങൾക്ക് പറയാനുള്ളത് ഹിന്ദു മതവിശ്വാസങ്ങളെ നിങ്ങൾ എല്ലാക്കാലത്തും ഇത്തരത്തിൽ ധിക്കരിക്കരുത് എന്നാണ്. അതുകൊണ്ട്, ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിന് ഷംസീർ എത്രയും പെട്ടെന്ന് മാപ്പു പറയുക. ജോസഫ് മാഷിന്റെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ എല്ലാ കാലഘട്ടത്തിലും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളുമെന്ന് ഷംസീർ ഒരിക്കലും കരുതരുത് എന്നാണ് യുവമോർച്ചയ്ക്കു പറയാനുള്ളത്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടുത്തെ ഡിവൈഎഫ്ഐക്കാരോടും പൊലീസുകാരോടും ഞങ്ങൾക്ക് പറയാനുള്ളത് അതു തന്നെയാണ്.’ -എന്നായിരുന്നു ഗണേഷിന്റെ പ്രസംഗം. ഇതിനുപിന്നാലെ മാഹി പള്ളൂരിൽ യുവമോർച്ച നടത്തിയ പ്രകടനത്തിലും ഷംസീറിനും ജയരാജനുമെതിരെ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. കൈയും കൊലും വെട്ടി കാളീപൂജ നടത്തുമെന്നായിരുന്നു മുദ്രാവാക്യം.

ഷംസീറിന് നേരെ കൈ ഉയർത്തിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് ഇതിനെതിരെ സി.പി.എം നേതാവ് പി. ജയരാജൻ തിരിച്ചടിച്ചു. തലശ്ശേരിയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച സേവ് മണിപ്പൂർ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്താണ് പി. ജയരാജൻ യുവമോർച്ചയുടെ ഭീഷണിക്കെതിരെ ‘മോർച്ചറി’ പ്രയോഗം നടത്തിയത്. ഇതിനുപിന്നാലെ, യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണുവീണാൽ ഒരുവരവുകൂടി വരേണ്ടിവരുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും ജയരാജനെതിരെ ഭീഷണി മുഴക്കിയിരുന്നു. തിരുവോണ നാളിൽ ജയരാ​ജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ ഓർമിപ്പിച്ച് ഓണപ്പൂക്കളത്തിന്റെ ചിത്ര സഹിതമായിരുന്നു സന്ദീപിന്റെ ഭീഷണി.


Full View

Tags:    
News Summary - Kerala Speaker AN Shamseer Speech Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.