തൃശൂർ: പ്രതിസന്ധികാലത്ത് സ്വപ്നപദ്ധതികളും വമ്പൻ പദ്ധതികളുമൊഴിവാക്കിയും ജില്ലയെ ചേർത്ത് നിർത്തിയും സംസ്ഥാന ബജറ്റ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കേന്ദ്ര ബജറ്റിൽ ഏറെ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. അതിന് സമാനമാകുമോയെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും കൈവിടാതെയുള്ള ബജറ്റിൽ ആശ്വാസമുണ്ട് ജില്ലക്ക്. അതേസമയം, പ്രതീക്ഷിച്ചവയിൽ മുഖം തിരിച്ചിരുന്നതിന്റെ നിരാശയുമുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കായി പുത്തൂർ സുവോളജിക്കൽ പാർക്ക് പദ്ധതി പ്രവർത്തനങ്ങൾക്ക് ആറ് കോടി ബജറ്റിൽ ഇടം നേടിയിട്ടുണ്ട്. 300 കോടിയോളം കിഫ്ബിയിൽ ചിലവിടുന്നതാണ് സുവോളജിക്കൽ പാർക്ക്. കോർപറേഷൻ സ്വപ്നപദ്ധതിയായ ശക്തൻ മാസ്റ്റർ പ്ലാനിനും കാർഷിക സർവകലാശാലക്കും ആരോഗ്യമേഖലയിൽ മെഡിക്കൽ കോളജിനും ടൂറിസം രംഗത്ത് മുസിരിസിനും തുക വകയിരുത്തിയിട്ടുണ്ട്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കെന്ന നേട്ടമാണ് തൃശൂരിന് സ്വന്തമാകുന്നത്. നിലവിൽ അനുവദിച്ച തുക ജീവനക്കാരുടെ ശമ്പളം, ഇപ്പോൾ പാർപ്പിച്ചിരിക്കുന്ന പക്ഷി-മൃഗാദികൾക്കുള്ള ഭക്ഷണം, ചികിത്സ തുടങ്ങിയവക്ക് ആണ് വിനിയോഗിക്കുക. കഴിഞ്ഞ വർഷവും ആറ് കോടിയാണ് അനുവദിച്ചത്. അതേസമയം, നിലവിലുള്ള തൃശൂർ മൃഗശാലയുടെ നവീകരണത്തിനായി തിരുവനന്തപുരത്തിനൊപ്പം 7.50 കോടി കൂടി അനുവദിച്ചിട്ടുണ്ട്.
കോർപറേഷന്റെ സ്വപ്ന പദ്ധതിയാണ് ശക്തൻ മാസ്റ്റർ പ്ലാൻ. 270 കോടി ചിലവിൽ ശക്തൻ നഗറിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന മാസ്റ്റർ പ്ലാനിനായി 10 കോടി ബജറ്റിൽ അനുവദിച്ചു. കോർപ്പറേഷൻ ആസ്ഥാനം അടക്കം ശക്തൻ നഗറിലേക്ക് മാറുന്നതാണ് മാസ്റ്റർ പ്ലാൻ. പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഈ വർഷം തുടക്കമിടാനാവുമെന്ന പ്രതീക്ഷയിലാണ് ഇടത് ഭരണസമിതി. പബ്ലിക്-പ്രൈവറ്റ് പാർട്ട്ണർഷിപ്പ് (പി.പി.പി) പദ്ധതിയിലൂടെ നടപ്പാക്കാൻ കോർപ്പറേഷൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. അതിന് സഹായകരമാകുന്നതാവും ബജറ്റിലെ തുക വകയിരുത്തൽ.
അതേസമയം, വമ്പൻ പദ്ധതികളോ സ്വപ്ന പദ്ധതികളോ പുതിയ പദ്ധതികളോ ബജറ്റിൽ ഇടം നേടിയിട്ടില്ല. ക്ഷേത്രനഗരിയായ ഗുരുവായൂരിനും കാർഷിക മേഖലക്കും പ്രത്യേക പാക്കേജുകൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. പരമ്പരാഗ വ്യവസായങ്ങളുടെ നവീകരണവും അവഗണിക്കപ്പെട്ടു. കഴിഞ്ഞ ബജറ്റിൽ ഇടം നേടിയ പൈതൃക സാംസ്കാരികോത്സവങ്ങളിൽ തൃശൂർ പൂരത്തിനടക്കം തുക വകയിരുത്തിയെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സഹായമൊന്നും ഇതുവരെയും വന്നില്ല.
പരമ്പരാഗത തൊഴിൽ മേഖലകളായ ബീഡി, ഖാദി, ചൂരൽ, മത്സ്യബന്ധനവും സംസ്കരണവും, കശുവണ്ടി, കയർ, തഴപ്പായ, കരകൗശല നിർമാണം തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്കുള്ള ധനസഹായം പദ്ധതിയും ജില്ലക്ക് ഗുണകരമാണ്. എന്നാൽ, പരമ്പരാഗത തൊഴിൽ മേഖലയിലെ കളിമൺപാത്രങ്ങൾ, മരം, പാക്കിങ് കെയ്സ് വ്യവസായം, വൈരക്കൽ പോളിഷിങ് എന്നിവ ഇത്തവണയും അവഗണിക്കപ്പെട്ടു. കഴിഞ്ഞ തവണ ഇടം നേടിയ തൃശൂർ പൂരം ഉൾപ്പെടെ പരമ്പരാഗത ഉത്സവങ്ങൾക്കായി ഇത്തവണ 9.96 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് എട്ട് കോടിയായിരുന്നു. കായൽതീരങ്ങളുടെ പ്രചാരണം, വള്ളംകളിയെ കായിക ഇനമായി ഉയർത്തൽ എന്നിവയും കൂട്ടിച്ചേർത്തിട്ടുണ്ട്.
കഴിഞ്ഞതവണ പ്രഖ്യാപിച്ച തുക ഇനിയും കിട്ടിയിട്ടില്ലെന്നാണ് തൃശൂർ പൂരം സംഘാടകർ പറയുന്നത്. കാർഷിക സർവകലാശാലയുടെ ഗവേഷണ പദ്ധതികൾക്കായി 75 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിൽ പത്തുകോടി മാത്രമാണ് കിട്ടിയത്. ഇക്കോ ടൂറിസം പദ്ധതിയിലടക്കമുള്ള സംസ്ഥാന വ്യാപകമായ പദ്ധതിയിൽ ജില്ലക്കും നേട്ടമുണ്ടാകും.
കാഞ്ഞാണി: മണലൂർ നിയോജക മണ്ഡലത്തിൽ 175.5 കോടി രൂപയുടെ പദ്ധതികൾ. ചൂണ്ടൽ പഞ്ചായത്തിന് പുതിയ ഓഫിസ് കെട്ടിട സമുച്ചയം നിർമിക്കാൻ 10 കോടി, മുല്ലശ്ശേരി സി.എച്ച്.സിയിൽ ക്വാർട്ടേഴ്സിന് നാല് കോടി, മുല്ലശ്ശേരി ആയുർവേദ ആശുപത്രിക്ക് കിടത്തി ചികിത്സക്കാവശ്യമായ കെട്ടിടം പണിയുന്നതിന് നാല് കോടി, ചൂണ്ടൽ പഞ്ചായത്ത് കമ്യൂണിറ്റിഹാൾ, വില്ലേജ്ഓഫിസ്, കൃഷിഭവന്, ആയൂർവേദ ആശുപത്രി എന്നിവക്ക് കെട്ടിടം നിർമിക്കാൻ 10 കോടി, മുല്ലശ്ശേരി കനാലിൽ പതിയാർകുളങ്ങര പാലം മുതൽ ഇടിയഞ്ചിറപാലം വരെ ഇക്കോടൂറിസം പദ്ധതിയും കുട്ടികളുടെ പാർക്കും നിർമിക്കുന്നതിന് ആറ് കോടി, വാടാനപ്പള്ളി പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് അഞ്ച് കോടി, പാവറട്ടി റോഡിൽ ചെയ്നേജ് കടാംതോട് പുനർനിർമാണത്തിന് 12 കോടി, പാവറട്ടി ആയുർവേദ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ നാല് കോടി, കാഞ്ഞാണി, വെങ്കിടങ്ങ്, മുല്ലശ്ശേരി സെന്ററുകളുടെ നവീകരണത്തിന് 10 കോടി, എളവള്ളി പഞ്ചായത്ത് സ്റ്റേഡിയം നിർമിക്കുന്നതിന് അഞ്ച് കോടി, വാടാനപ്പള്ളി തിരുത്തിയംപാടം ബണ്ട് റോഡിൽ മുട്ടുകായലിനു കുറുകെയുള്ള കേടുവന്ന പാലത്തിന്റെ പുനർനിർമാണത്തിന് 2.5 കോടി, കണ്ടാണശ്ശേരി പഞ്ചായത്തിലെ പൊന്മല, കിഴക്കാളൂർ തടാകം, ആളൂർ പുഴ എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതിക്ക് ആറ് കോടി, എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിനുമുകളിൽ രണ്ട് നിലകളുടെ നിർമാണത്തിന് 3.5 കോടി, എളവള്ളി കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് മൂന്ന് കോടി, വാടാനപ്പള്ളി പഞ്ചായത്ത് പൊക്കാഞ്ചേരി പാലം പുനർനിർമാണവും ടൂറിസം വികസനവും മൂന്ന് കോടി, വാടാനപ്പള്ളി പഞ്ചായത്ത് വാർഡ് 2 കടവിൽ കേശവൻ മാസ്റ്റർ റോഡ് നിർമ്മാണം 1.5 കോടി, മണ്ഡലത്തിലെ വിവിധ വാർഡുകളിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് സ്ലൂയിസ് നിർമാണത്തിന് രണ്ട് കോടി, തൃശൂർ - വാടാനപ്പള്ളി റോഡിൽ കനോലികനാലിനു കുറുകെയുള്ള പാലത്തിന്റെ പുനർനിർമാണം 60 കോടി, പെരുമ്പുഴ ഒന്നാം പാലത്തിന്റെ പുനർനിർമാണം 12 കോടി, പെരുമ്പുഴ രണ്ടാം പാലത്തിന്റെ പുനർനിർമാണം 12 കോടിയും ബജറ്റിൽ ഇടം നേടി. 20 ശതമാനം തുക അനുവദിച്ച പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം ടോക്കൺ ലഭിച്ച പദ്ധതികളുടെ ഡി.പി.ആർ തയാറാക്കി ആ പദ്ധതികൾ കൂടി നടപ്പിലാക്കാനുള്ള എല്ലാ ഇടപെടലുകളുണ്ടാകുമെന്നും മുരളി പെരുനെല്ലി എം.എൽ.എ. അറിയിച്ചു.
കൊടുങ്ങല്ലൂർ: സംസ്ഥാന ബജറ്റിൽ കയ്പമംഗലം നിയോജക മണ്ഡലത്തിലെ നവ കേരള പദ്ധതിക്കായി 35 കോടി രൂപയും തീരസംരക്ഷണത്തിനായി 15 കോടി അനുവദിച്ചു. മൂന്നുപീടികയിലെ ട്രാഫിക്ക് കുരുക്ക് മാറ്റുന്നതിന് രണ്ട് കോടി രൂപയും നീക്കിവെച്ചു. കയ്പമംഗലം പഞ്ചായത്ത് സ്റ്റേഡിയത്തിനായി ഒന്നര കോടിയും എടവിലങ്ങ് പഞ്ചായത്തിലെ അറുപതാം കോളനിയിൽ നവീകരണ പ്രവൃത്തികൾക്ക് രണ്ട് കോടി കോടിയും അനുവദിച്ചിട്ടുണ്ട്.
എറിയാട് പഞ്ചായത്തിൽ ആറട്ടുവഴി പാലത്തിന്റെ നിർമാണത്തിനായി നാല് കോടി രൂപയും മതിലകം റെജിസ്റ്റാർ ഓഫീസ് കെട്ടിടത്തിന്റെ പുനർ നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചു. മൂന്നുപീടിക മാർക്കറ്റ് കെട്ടിട നിർമാണത്തിന് ബജറ്റിൽ ഏഴുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജി.എൽ.പി.എസ്. വേക്കോട്, ജി.എഫ്. എൽ.പി.എസ് പി.വെമ്പല്ലൂർ എന്നീ വിദ്യാലങ്ങൾക്ക് പുതിയ കെട്ടിടത്തിനും അഴീക്കോട് പടന്ന മുതൽ എടത്തിരുത്തി പാലപ്പെട്ടിറോഡ് വരെ പോകുന്ന ഉൾനാടൻ ഗ്രാമീണ റോഡിന്റെ നവീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്.
എടത്തിരുത്തിയിൽ സ്വയം തൊഴിൽ വ്യവസായ കേന്ദ്രനിർമ്മാണത്തിന് ഒന്നര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പി. വെമ്പല്ലൂർ വേക്കോട് സുനാമി കോളനി നവീകരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്, എടത്തിരുത്തി ഐ.ടി.ഐക്ക് പുതിയ കെട്ടിട നിർമ്മാണത്തിനായ് തുക വകയിരുത്തി. കമ്പനി കടവ് ഫിഷ് ലാന്റിങ്ങ് സെന്റർ, അഴീക്കോട് പൂച്ചക്കടവ് ഫിഷ് ലാന്റിങ്ങ് സെന്റർ എന്നിവയുടെ നിർമാണത്തിനും തുക വകയിരുത്തിയതായി ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു.
അന്തിക്കാട്: നാട്ടിക മണ്ഡലത്തിൽ 115 കോടിയുടെ വികസന പ്രവൃത്തികൾ വകയിരുത്തിയതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. നാട്ടിക ബീച്ച് പാർക്ക് നവീകരണത്തിനായി രണ്ട് കോടി, ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മിനി ഇൻഡോർ സ്റ്റേഡിയം-മൂന്ന് കോടി, പാറളം ഗ്രാമപഞ്ചായത്തിലെ കോടന്നൂർ സെന്റർ മുതൽ വെങ്ങിണിശ്ശേരി സെന്റർ വരെയുള്ള റോഡ് ബി.എം ആൻഡ് ബി.സി പ്രവൃത്തികൾക്കായി മൂന്ന് കോടി രൂപ വകയിരുത്തി. വിനോദ സഞ്ചാരികളുടെ മേഖലയായ പുള്ളിൽ ടൂറിസം പദ്ധതിക്കായി ആദ്യഘട്ടം - നടപ്പാത നിർമ്മാണത്തിനും, എൽ.ഇ.ഡി . ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമായി രണ്ട് കോടിയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നെല്ല് സംഭരണകേന്ദ്രം നിർമ്മിക്കുന്നതിനായി അഞ്ച് കോടിയും വകയിരുത്തിയിട്ടുണ്ട്.
താന്ന്യം പഞ്ചായത്തിൽ അക്വാട്ടിക് കോംപ്ലക്സ് നിർമാണം, ചേർപ്പ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഐ.പി. ബ്ലോക്ക് ഫ്ലാറ്റ് ടൈപ്പ് ക്വാർട്ടേഴ്സ്, ലാബ് എന്നിവക്ക് കെട്ടിട നിർമാണം, ചേനം - മുള്ളക്കര റോഡിൽ രണ്ട് പാലങ്ങളുടെ നിർമാണം, താന്ന്യം ഹോമിയോ ഡിസ്പെൻസറി കെട്ടിട നിർമ്മാണം, കുണ്ടോളിക്കടവ് - പുള്ള് റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ, തളിക്കുളം - നമ്പിക്കടവ് സ്നേഹതീരം റോഡ്, തേവർ റോഡ്, പെരിങ്ങോട്ടുകര - കിഴുപ്പിള്ളിക്കര - കരാഞ്ചിറ -അഴിമാവ് കടവ് റോഡ്, ശാസ്താം കടവ് - കോടന്നൂർ - ചാക്യാർ കടവ് റോഡ്, എന്നിവ ബി.എം ആൻഡ് ബി.സി ചെയ്യൽ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആലപ്പാട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്ഫ്ലാറ്റ് ടൈപ്പ് ക്വാർട്ടേഴ്സ് ഐ.പി ബ്ലോക്ക് ലാബ് കെട്ടിടങ്ങളുടെ നിർമാണം, ചേർപ്പ് പഞ്ചായത്ത് മാർക്കറ്റ് കെട്ടിട നിർമാണം, നാട്ടിക കുടുംബാരോഗ്യകേന്ദ്രം പുതിയ ബ്ലോക്ക് നിർമാണം, ചേർപ്പ് - തൃപ്രയാർ റോഡ്, കണ്ണോളി ക്ഷേത്രം മുതൽ ചിറക്കൽ പാലം വരെ റോഡ് ഉയർത്തിയുള്ള പുനരുദ്ധാരണ പ്രവൃത്തി, ചേർപ്പ് - തൃപ്രയാർ റോഡ് ബി.സി ഓവർലേ പ്രവൃത്തികൾ എന്നിവയാണ് നാട്ടിക മണ്ഡലത്തിനായി ബജറ്റിൽ നീക്കിവെച്ച തുക.
കൊടുങ്ങല്ലുർ: കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ 212 കോടി രൂപയുടെ പദ്ധതികൾ. മേത്തല ഗവ.യു.പി. സ്കൂൾ പുതിയ കെട്ടിടം-ഒരു കോടി. കുണ്ടൂർ ബോട്ട് ജെട്ടി -ചെമ്പോ തുരുത്ത് -പായംതുരുത്ത് കടവ് -കൊച്ചുകടവ് പരുത്തിപ്പിള്ളി കടവ് മണപ്പുറം ടൂറിസം പദ്ധതി -ആറ് കോടി. പുത്തൻചിറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം നിർമാണം -1.25 കോടി. അന്നമനട മൂഴിക്കുളം റോഡ് മാള അന്നമനട റോഡ് എന്നീ റോഡുകളുടെ പ്രവൃത്തി-ആറ് കോടി, മാള ഗ്രാമപഞ്ചായത്ത് രാമവിലാസം സർക്കാർ എൽ.പി. സ്കൂൾ കുരുവിലശ്ശേരി പുതിയ കെട്ടിടം -1 .5 കോടി, വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്ത് പൈങ്ങോട് ഗവ.എൽ.പി.സ്കൂൾ പുതിയ കെട്ടിടം -ഒരു കോടി, പൊയ്യ പഞ്ചായത്ത് ഓഡിറ്റോറിയം നിർമാണം -1.25 കോടി, കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളജ് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം-രണ്ട് കോടി, മാളക്കടവ് സംരക്ഷണ പദ്ധതി, ബോട്ട് ജെട്ടി നിർമാണം, അനുബന്ധ സൗകര്യങ്ങൾ, കെ.എ.തോമാസ് മാസ്റ്റർ സ്മാരക രാഷ്ട്രീയ ചരിത്ര മ്യൂസിയം -2.5 കോടി, അന്നമനട പാലിപ്പുഴ കടവ് സ്ലുയിസ് കം ബ്രിഡ്ജ് -55 കോടി, വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്ത് കരൂപ്പടന്ന ഗവ.എൽ.പി.സ്കൂൾ പുതിയ കെട്ടിടം- ഒരു കോടി, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി സമ്പൂർണ കുടിവെള്ള പദ്ധതി-75 കോടി, മണ്ഡലത്തിലെ 13 റോഡുകൾ ബി.എം ആന്റ് ബി.സി. നിലവാരത്തിൽ പുനരുദ്ധാരണത്തിന് -35 കോടി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിൽ ചികിത്സ പ്രവർത്തനം സജ്ജീകരിക്കൽ-5 കോടി, അന്നമനട പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം-1.25 കോടി, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കെട്ടിടം പൂർത്തീകരണം- അഞ്ച് കോടി, വെള്ളാങ്ങല്ലുർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം -5 കോടി, മാമ്പ്ര തീരദേശം റോഡ് റോഡ് ഉയർത്തി റോഡ് നിർമ്മാണം-നാല് കോടി, മാള ചാൽ നവീകരണവും, സ്ലുയിസ് നിർമാണവും-75 ലക്ഷം, പൊയ്യ -മണലിക്കാട് റോഡിലെ എലിച്ചിറ പാലം നിർമ്മാണം-2 .5 കോടി എന്നിങ്ങനെയാണ് വകയിരുത്തിയ തുക.
കൊടുങ്ങല്ലൂർ: കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തിൽ കേരളത്തിന് അർഹമായി കിട്ടേണ്ട പണം പോലും നൽകാതെ സാമ്പത്തികമായി ഞെരുക്കുന്ന സാഹചര്യത്തിൽ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് സാധാരണ ജനവിഭാഗത്തെ സഹായിക്കുന്ന ജനപ്രിയ ബജറ്റാണെന്ന് വി.ആർ.സുനിൽകുമാർ എം.എൽ എ. കാർഷിക മേഖലയിൽ ശക്തിപകരുന്നതും ക്ഷേമ പെൻഷൻ മുടക്കമില്ലാതെ കൊടുത്തുകൊണ്ടും ലൈഫ് പദ്ധതിയിൽ കൂടുതൽ വീടുകൾ അനുവദിച്ചും ടൂറിസം പദ്ധതിക്ക് ഊന്നൽ നൽകി കൂടുതൽ വരുമാനവും തൊഴിൽ സാധ്യതയും കൊണ്ടുവരുന്ന ബജറ്റാണിത്. കൊടുങ്ങല്ലൂർ മണ്ഡലം ഒരു പൈതൃക ടൂറിസം ഹബ്ബായി വളരുന്ന സാഹചര്യത്തിൽ ടൂറിസത്തിന് പ്രത്യേക പരിഗണന കൊടുക്കുന്നത് നിയോജകമണ്ഡലത്തിൽ ഏറെ ഗുണകരമാകും. തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനും വിദ്യഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും അടിസ്ഥാന മേഖല വികസനങ്ങൾ നിയോജകമണ്ഡലത്തിൽ കൂടുതൽ പദ്ധതികൾ നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ പറഞ്ഞു
തളിക്കുളം: സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയും പൊതുസംവിധാനങ്ങളും കുത്തകകൾക്കു തുറന്നു കൊടുക്കുന സ്വകാര്യവത്കരണ പദ്ധതികളാണ് സംസ്ഥാന ബജറ്റിന്റെ മുഖമുദ്രയെന്ന് ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി. കേരളപ്പിറവി മുതൽ നാടിന്റെ അഭിമാനമായി വളർന്ന പൊതുവിദ്യാഭ്യാസരംഗവും ആരോഗ്യ മേഖലയും സ്വകാര്യ മേഖലയുമായി കൂട്ടിയിണക്കുന്നതിന്റെ ഗൂഢാലോചനയാണ് ബജറ്റ് നിർദേശങ്ങളിൽ പതിയിരിക്കുന്നത്. ഇതുവരെയുണ്ടായിട്ടുള്ള കമ്യൂണിസ്റ്റ് - ഇടതുമുന്നണി സർക്കാരുകളുടെ നയങ്ങളാകെ തിരുത്തി ആഗോള ധനമൂലധന ശക്തികളുടെ വ്യക്താക്കളായി പിണറായി സർക്കാർ മാറിയെന്നതിന്റെ തുറന്ന പ്രഖ്യാപനമാണിത്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ കാൻസർ ആശുപത്രിക്കുവേണ്ടി പണം പിരിക്കാൻ ലാവ് ലിൻ കമ്പനിയുമായുണ്ടാക്കിയ പിരിവിന്റെ മാതൃക അദ്ദേഹം മുഖ്യമന്ത്രിയായതോടെ കേരളത്തിൽ പൂത്തുലയുന്നതായാണ് കാണുന്നതെന്ന് ആർ.എം.പി.ഐ സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ്, സെക്രട്ടറി എൻ.വേണു എന്നിവർ കുറ്റപ്പെടുത്തി.
വടക്കാഞ്ചേരി: വടക്കാഞ്ചേരിക്ക് കുതിച്ചുയരാൻ 88.02 കോടിയുടെ പദ്ധതികൾ. ഒമ്പത് പദ്ധതികൾക്കായി 11.3 കോടിയും മുളങ്കുന്നത്തുകാവ് കിലക്ക് 28 കോടിയും അനുവദിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജിന് 28 കോടിയും ആരോഗ്യ സർവകലാശാലക്ക് 11.5 കോടിയും, ഗവ. ഡെൻറൽ കോളജിന് അഞ്ചുകോടിയും, ഗവ. നഴ്സിങ് കോളജിന് 4.22 കോടിയും കൂടാതെ 11 പദ്ധതികൾ കൂടി ബജറ്റിൽ ഇടംപിടിച്ചു. ഫുഡ് സേഫ്റ്റി ഓഫിസ് കം ഹെല്‍ത്ത് സബ് സെന്റര്‍ - രണ്ടാം ഘട്ടം (1.5 കോടി), ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിട നിമാണം രണ്ടാം ഘട്ടം (1.5 കോടി), വാഴാനി-പേരേപ്പാറ-ചാത്തന്‍ചിറ-പൂമല ഡാം-പത്താഴക്കുണ്ട്- ചെപ്പാറ-വിലങ്ങന്‍-കോള്‍ ലാന്റ് വടക്കാഞ്ചേരി ടൂറിസം ഇടനാഴി - ഒന്നാം ഘട്ടം (1.5 കോടി), വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് വിപുലീകരണം (1.5 കോടി), അടാട്ട് ഗ്രാമപഞ്ചായത്ത് ചിറ്റിലപ്പിള്ളി ഗ്രൗണ്ട് മള്‍ട്ടി പര്‍പ്പസ് സ്പോര്‍ട്സ് ഇന്‍ഡോര്‍ ഹാള്‍ (ഒരു കോടി), തെക്കുംകര ഗ്രാമപഞ്ചായത്ത് പുന്നംപറമ്പ് ഗ്രൗണ്ട് (ഒരു കോടി), കോലഴി ഗ്രാമപഞ്ചായത്ത് കാക്കത്തോപ്പ് ഗ്രൗണ്ട് (ഒരു കോടി), ഗവ. യു.പി സ്കൂള്‍ വരടിയം കെട്ടിടം (1.5 കോടി), കൈപ്പറമ്പ്- പറപ്പൂര് റോഡില്‍ തോളൂര്‍ പാലം പുനര്‍ നിർമാണം (80 ലക്ഷം), കിലയിൽ റൂറൽ ഡെവലപ്മെന്റ് സ്റ്റഡീസിൽ പി.ജി കോഴ്സ് ആരംഭിക്കുന്നതിനും ജെൻഡർ സ്റ്റഡീസ് വിഭാഗം വിപുലീകരിക്കുന്നതിനും തുക അനുവദിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജിന് 28 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. പ്രത്യേകമായി ഓങ്കോളജി വിഭാഗത്തിന് 4.5 കോടി, സ്ട്രോക്ക് യൂനിറ്റ് ആരംഭിക്കാൻ ഒരു കോടിയും അനുവദിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കാന്റീന് ബ്ലോക്ക് നിർമാണം (70 ലക്ഷം), ഗവ. യു.പി സ്കൂള്‍ പാര്‍ളിക്കാട് (1.5 കോടി), വടക്കാഞ്ചേരി- കുമ്പളങ്ങാട് റോഡ് ബി.എം ആൻഡ് ബി.സി (3.5 കോടി), പാര്‍ളിക്കാട്- കുമ്പളങ്ങാട് റോഡ് വരെ ബി.എം ആൻഡ് ബി.സി (3.5 കോടി), വടക്കാഞ്ചേരി കോടതി സമുച്ചയം (10 കോടി), വടക്കാഞ്ചേരി പുഴ ഓട്ടുപാറ പാലം (7.5 കോടി), തോളൂര്‍ ചിറ നിർമാണം രണ്ടാം ഘട്ടം (രണ്ട് കോടി), കൊടുങ്ങല്ലൂര്‍-ഷൊര്‍ണൂര്‍ റോഡില്‍ ഓട്ടുപാറ വാഴാനി റോഡ് ജങ്ഷന്, കുന്നകുളം റോഡ് ജങ്ഷനുകളുടെ വികസനം - പ്രാരംഭ നടപടികളും സ്ഥലമെടുപ്പും രണ്ടാം ഘട്ടം (10 കോടി), വടക്കാഞ്ചേരി ജില്ല ആശുപത്രി ഐ.പി ബ്ലോക്ക് ബില്‍ഡിങ് നിര്‍മാണം -രണ്ടാം ഘട്ടം (15 കോടി), വടക്കാഞ്ചേരി കള്‍ച്ചറല്‍ കണ്വെന്ഷന് സെന്റര്‍ നിർമാണം രണ്ടാം ഘട്ടം (എട്ട് കോടി), അമല നഗര്‍ സ്ത്രീ സൗഹൃദ അമെനിറ്റി സെന്റര്‍ - രണ്ടാം ഘട്ടം (നാല് കോടി).
ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ വികസന പദ്ധതികൾക്ക് 296.1 കോടി ഉൾക്കൊള്ളിച്ച് ബജറ്റ്. അണ്ടത്തോട് ഗവ. എൽ.പി സ്കൂൾ, ഇരട്ടപ്പുഴ ഗവ. എൽ.പി സ്കൂൾ, ചാവക്കാട് പൊലീസ് സ്റ്റേഷൻ, ചാവക്കാട് പി.ഡബ്ല്യു.ഡി ഓഫിസ്, പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവക്ക് കെട്ടിടം നിർമിക്കാൻ രണ്ട് കോടി വീതമാണ് ബജറ്റിലുള്ളത്. ഒരു കോടി ചെലവിൽ പുന്നയൂർ ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കും.
ചാവക്കാട് നഗരസഭയിൽ പരപ്പിൽ താഴത്ത് സ്റ്റേഡിയം നിർമിക്കാൻ 12 കോടിയും ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന് 40 കോടിയുമുണ്ട്. മമ്മിയൂർ ജങ്ഷനിൽ മേൽപാലം നിർമിക്കാനും 40 കോടി അനുവദിച്ചിട്ടുണ്ട്.
ചാവക്കാട് കുന്നംകുളം റോഡ് സ്ഥലമേറ്റെടുത്ത് വീതി കൂട്ടുന്നതിന് 25 കോടിയും കറുകമാട് പാലം പുനർനിർമാണത്തിന് 13.6 കോടി, അണ്ടത്തോട് പാലത്തിന് 43.5 കോടി, ചാവക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമിക്കാൻ 15 കോടിയും ബജറ്റിൽ നീക്കിവെച്ചിടുണ്ട്. മത്സ്യമേഖലയിൽ മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെൻറർ സ്ഥലമേറ്റെടുത്തുള്ള വിപുലീകരണത്തിന് ഏഴ് കോടിയുണ്ട്. രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന കടപ്പുറം വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി വളവ്, മുനക്കക്കടവ് എന്നിവിടങ്ങളിൽ 20 കോടി ചെലവിട്ട് തൊട്ടാപ്പ് ലൈറ്റ് ഹൗസ് എന്നിവിടങ്ങളിൽ ഗ്രോയിൻ നിർമിക്കും.
ബ്ലാങ്ങാട് ബീച്ച് ടൂറിസത്തിന് 10 കോടിയും ബ്ലാങ്ങാട് ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് ഫിഷറീസ് ടവർ, മത്സ്യ ഭവൻ കെട്ടിടങ്ങൾ എന്നിവക്ക് 10 കോടിയും ചേറ്റുവ റോഡിൽ മൂന്നാംകല്ല് പാലം പുനർനിർമാണത്തിന് 25 കോടിയും ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സ്ഥലമെടുപ്പുൾപ്പെടെ വിപുലീകരണത്തിന് എട്ട് കോടിയും വകയിരുത്തിയിട്ടുണ്ട്.
തൃശൂർ: ബജറ്റിൽ തൃശൂർ നിയോജകമണ്ഡലത്തിന് 51 കോടികളുടെ പദ്ധതി. ശക്തൻ ബസ് സ്റ്റാൻഡ് നവീകരണത്തിന് 10 കോടി, ശക്തൻ മാർക്കറ്റ് വികസനം ഒന്നാം ഘട്ടത്തിന് രണ്ട് കോടി, വിയ്യൂർ-താണിക്കുടം മോഡൽ റോഡ് നിർമാണത്തിന് രണ്ടര കോടി, ചിയ്യാരം കണ്‍വെര്‍ട്ട് റോഡ് പുനരുദ്ധാരണം ഒരു കോടി, തൃശൂർ ജനറൽ ആശുപത്രി ഒ.പി ബ്ലോക്ക് മൂന്നാംനില നിർമാണം ഒന്നര കോടി, പറവട്ടാനി സ്റ്റേഡിയം, തൃശൂർ ഗാലറി വിത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് മൂന്ന് കോടി, കുട്ടനെല്ലൂർ കോളജ് ചുറ്റുമതിൽ നിർമാണം മൂന്ന് കോടി, പൊലീസ് അക്കാദമി -കുറ്റുമുക്ക് റോഡ് നവീകരണം ഒന്നര കോടി, കലക്ടറേറ്റ് അനക്സ് ബ്ലോക്ക് നിർമാണം രണ്ടര കോടി, കൊടുങ്ങല്ലൂർ -ഷൊർണൂർ റോഡിൽ തകർന്ന കാനയുടെ പുനർനിർമാണം ആറ് കോടി, ഫയർ ആൻഡ് റെസ്ക്യു സർവിസ് അക്കാദമി വിയ്യൂർ, തൃശൂർ അനക്സ് ബ്ലോക്ക് നിർമാണം 2.30 കോടി, എക്സൈസ് ടവർ ഒളരി രണ്ടാം ഘട്ടം അഞ്ച് കോടി, പറവട്ടാനി സ്റ്റേഡിയം ടെന്നീസ് കോർട്ട് ബ്ലോക്ക് പാവിങ് പ്രവൃത്തികൾക്ക് ഒരു കോടി, ഗവ. എൻജിനീയറിങ് കോളജ് -ഉൾറോഡുകളുടെയും നടപ്പാതയുടെയും നിർമാണം അഞ്ച് കോടി, പറവട്ടാനി സ്റ്റേഡിയം പാർക്കിങ് ഏരിയ നിർമാണം അഞ്ച് കോടി എന്നിവ വകയിരുത്തിയതായി പി. ബാലചന്ദ്രൻ എം.എൽ.അറിയിച്ചു.
കുന്നംകുളം: സംസ്ഥാന ബജറ്റിൽ കുന്നംകുളം മണ്ഡലത്തിലെ കാട്ടകാമ്പാല്‍ ചെറുവള്ളിക്കടവ് പാലം പുതുക്കിപ്പണിയാൻ 12 കോടി അനുവദിച്ചു. കുന്നംകുളം നഗരസഭയെയും കാട്ടകാമ്പാൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെങ്ങാമുക്കിലെ പ്രധാന റോഡിലാണ് ചെറുവള്ളിക്കടവ് പാലം. എ.സി. മൊയ്തീൻ എം.എൽ.എയുടെ ശ്രമഫലമായി നാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യം ഇതോടെ നിറവേറുകയാണ്. 1962ലാണ് നിലവിലെ ചെറുവള്ളിക്കടവ് പാലം പണിതത്. വീതി കുറഞ്ഞ പാലം കാലപ്പഴക്കത്തില്‍ ബലക്ഷയം സംഭവിച്ച നിലയിലാണ്.
ഒല്ലൂർ: നിയോജക മണ്ഡലത്തിൽ 160 കോടിയുടെ പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചു. സുവോളജിക്കല്‍ പാര്‍ക്ക് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് കോടിയും നടത്തറ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് നാല് കോടിയും പീച്ചി ഗവ. എച്ച്.എസ്.എസ് സ്റ്റേഡിയം നിർമാണത്തിന് മൂന്ന് കോടിയും വകയിരുത്തി. പുത്തൂരിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്, സെൻറർ വികസനം, കായൽ ടൂറിസം, വിവിധ റോഡുകളുടെ വികസനം, പഞ്ചായത്തിന് പുതിയ കെട്ടിടം എന്നിവക്കായി 49 കോടിയാണ് വകയിരുത്തിയത്. പുല്ലുകുളം ടൂറിസം വികസന പദ്ധതിക്ക് മൂന്ന് കോടിയും റോഡുകളുടെ വികസനത്തിന് 37 കോടിയും, ചുവന്ന മണ്ണ് ഫയർ സ്റ്റേഷന് 10 കോടിയും, പീച്ചി ടൂറിസം വികസനത്തിന് 10 കോടിയും, ഐ.ടി.ഐ കെട്ടിട നിർമാണത്തിന് 10 കോടിയും ഒല്ലൂർ സെൻറർ വികസനത്തിന് 25 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടിയുടെ പദ്ധതികളാണ് ലഭിച്ചതെന്ന് മന്ത്രിയും നിയോജക മണ്ഡലം എം.എൽ.എയുമായ ഡോ. ആർ ബിന്ദു. കാട്ടൂർ പഞ്ചായത്തില്‍ മിനിസിവിൽ സ്റ്റേഷൻ-10 കോടി, കല്ലേറ്റുംകര നിപ്മറിന്-12.5 കോടി, കേരള ഫീഡ്സിന് 16.2 കോടി, പൂമംഗലം, വേളൂക്കര പഞ്ചായത്തുകളെ നഗരസഭയുമായി ബന്ധിപ്പിക്കുന്ന കളത്തുംപടി പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണത്തിനായി രണ്ട് കോടി, വെള്ളാനി പുളിയംപാടത്തിന്റെ സമഗ്ര വികസനത്തിന് മൂന്ന് കോടി, കരുവന്നൂർ സൗത്ത് ബണ്ട് റോഡ് നവീകരണത്തിന് ഒരു കോടിയും ബജറ്റിൽ അനുവദിച്ചു.
ഇരിങ്ങാലക്കുട സാംസ്കാരിക സമുച്ചയം, പൊറത്തിശ്ശേരി കണ്ടാരംതറയിൽ മിനി ഇൻഡോർ സ്റ്റേഡിയം, കൊരിമ്പിശേരിയിൽ അഗ്രോപാർക്ക്, പുല്ലൂർ-ഊരകം- കല്ലംകുന്ന് റോഡ് നവീകരണം, കെ എൽ ഡി സി കനാൽ-ഷൺമുഖം കനാൽ സംയോജനം, ആളൂരിൽ കമ്മ്യൂണിറ്റി ഹാൾ, താണിശ്ശേരി കെ എൽ ഡി സി കനാലിൽ ബോട്ടിംഗ്, ഓപ്പൺ ജിം, താണിശ്ശേരി കെ.എൽ.ഡി.സി കനാലിൽ ബണ്ട് പുനരുദ്ധാരണം, ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയർത്തി കാന നിർമാണം, സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുട, താണിശ്ശേരി ശാന്തിപാലം വീതികൂട്ടി പുനർനിർമ്മാണം, കാറളം ആലൂക്കകടവ്, കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നട മുതൽ പൂച്ചക്കുളം വരെയുള്ള റോഡ് നവീകരണം, കടുപ്പശ്ശേരിയിൽ സാംസ്കാരിക സമുച്ചയം, നന്തി ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളും ബജറ്റിൽ ഇടം നേടിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ചാലക്കുടി: ചാലക്കുടി നിയോജകമണ്ഡലത്തിൽ 128 കോടി രൂപയുടെ പദ്ധതികൾ. പട്ടികജാതി വകുപ്പിന് കീഴിലുള്ള വി.ആർ.പുരം ഐ.ടി.ഐയിൽ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നതിന് 3.5 കോടിയും കോടശ്ശേരി പഞ്ചായത്തിലെ ചട്ടികുളം ട്രാംവേ റോഡ് നിർമാണത്തിനായി രണ്ട് കോടിയും വകയിരുത്തിയിട്ടുണ്ട്.
ചാലക്കുടിയിലുള്ള കാലിക്കറ്റ് സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിന് പുതിയ കെട്ടിടം നിർമാണം (അഞ്ച് കോടി), ചാലക്കുടി ഗവ. ടി.ടി.ഐയിൽ പുതിയ കെട്ടിട നിർമാണം (രണ്ട് കോടി), ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് നിർമാണം (8.5 കോടി), അതിരപ്പിള്ളി വാഴച്ചാൽ വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യവികസനം (10 കോടി), ചാലക്കുടിയിലെ കലാഭവൻ മണി പാർക്ക് രണ്ടാംഘട്ട വികസനം (10 കോടി), വാഴച്ചാൽ പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിട നിർമാണം (2.5 കോടി), കൊടകര മാർക്കറ്റ് നവീകരണം (3 കോടി), കൊരട്ടി വെറ്ററിനറി ആശുപത്രിക്ക് ആധുനിക രീതിയിലുള്ള കെട്ടിട നിർമാണം (2 കോടി), ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളജിൽ ഗ്രൗണ്ടും പവലിയനും നിർമാണം (അഞ്ച് കോടി), ചാലക്കുടി ഫയർ ഫോഴ്സ് ഓഫിസിന് പുതിയ കെട്ടിടം (അഞ്ച് കോടി), ചാലക്കുടി സബ് ട്രഷറിക്ക് പുതിയ കെട്ടിട നിർമാണം (രണ്ട് കോടി), പേരാമ്പ്ര ആയുർവേദ ആശുപത്രിക്ക് ഒ.പി. ബ്ലോക്ക് നിർമാണം (1.5 കോടി), പറയൻതോടിന്റെയും കൈവഴികളുടെയും ഒന്നാംഘട്ട നവീകരണം (രണ്ട് കോടി), കാടുകുറ്റി പഞ്ചായത്തിൽ ചാലക്കുടിപുഴക്ക് കുറുകെ തൈക്കൂട്ടം കടവിൽ പാലം നിർമാണം (28 കോടി), മേലൂർ-പരിയാരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലക്കുടി പുഴയിൽ കയ്യാണിക്കടവിൽ ചെക്ക് ഡാം നിർമാണം (28 കോടി), ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ട്രോമാ കെയർ യൂനിറ്റിന്റെ ഒന്നാംഘട്ട നിർമാണ പൂർത്തീകരണം (രണ്ട് കോടി), ചാലക്കുടി പുഴയോട് ചേർന്നുള്ള ആറങ്ങാലി കടവ് സംരക്ഷണം (മൂന്ന് കോടി), കാടുകുറ്റി പഞ്ചായത്തിലെ കണിച്ചന്തുറയിൽ ഓക്സ്ബോ തടാകം പാർശ്വഭിത്തി കെട്ടി സംരക്ഷണം (മൂന്ന് കോടി) തുടങ്ങിയവയാണ് ബഡ്ജറ്റിൽ അംഗീകാരം ലഭിച്ച മറ്റ് പ്രവൃത്തികൾ.
ആമ്പല്ലൂർ: സംസ്ഥാന ബജറ്റിൽ പുതുക്കാട് മണ്ഡലത്തിലെ വിവിധ മേഖലകളുടെ വികസനങ്ങൾക്കായി 10 കോടി. ചെങ്ങാലൂർ-മണ്ണംപ്പട്ട-മാവിൻചുവട് റോഡ് ബി.എം ആന്റ് ബി.സി. നവീകരണം (അഞ്ച് കോടി), വല്ലച്ചിറ ഗവ. യു.പി.എസ് പുതിയ കെട്ടിടം (ഒരു കോടി), കന്നാട്ടുപാടം ഗവ.എച്ച്.എസ് എസിലെ എൽ.പി വിഭാഗം കെട്ടിടം (ഒരു കോടി), വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ/ കൺവെൻഷൻ സെന്റർ (രണ്ട് കോടി), തൃക്കൂർ പഞ്ചായത്തിൽ ക്രിമിറ്റോറിയം നിർമാണം (ഒരു കോടി) എന്നിവക്കാണ് ബജറ്റിൽ തുക നീക്കി വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.